'അക്രമികള്‍ ജയ് ശ്രീറാം വിളിക്കാന്‍ പിതാവിനെ നിര്‍ബന്ധിച്ചു'; ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട ടാക്സി ഡ്രൈവറുടെ മകന്
ടാക്സിയിലുണ്ടായിരുന്ന യാത്രക്കാര്‍ ഡ്രൈവര്‍ അഫ്താബ് അമലിനെ മര്‍ദിച്ച് കൊല്ലും മുന്‍പ് ജയ് ശ്രീറാം വിളിപ്പിച്ചുവെന്നാണ് കുടുംബം പറയുന്നത്.

ഉത്തര്‍ പ്രദേശില്‍ നിന്ന് മടങ്ങിവരുമ്പോള്‍ ടാക്സി ഡ്രൈവറെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഡ്രൈവറുടെ കുടുംബം. ടാക്സിയിലുണ്ടായിരുന്ന യാത്രക്കാര്‍ ഡ്രൈവര്‍ അഫ്താബ് അമലിനെ മര്‍ദിച്ച് കൊല്ലും മുന്‍പ് ജയ് ശ്രീറാം വിളിപ്പിച്ചുവെന്നാണ് കുടുംബം പറയുന്നത്.
ബുലന്ദ്ഷഷറില് നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രമധ്യേയാണ് 45കാരനായ അഫ്താബ് കൊല്ലപ്പെട്ടത്. മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. യാത്രക്കിടെ അഫ്താബ് വീട്ടിലേക്ക് വിളിച്ചെന്ന് മകന് സാബിര്‍ പറയുന്നു. യാത്രക്കാര്‍ നല്ലവരല്ല എന്ന് തോന്നിയതുകൊണ്ട് പിതാവ് ഫോണ്‍ കട്ട് ചെയ്തില്ലെന്ന് സാബിര്‍ പറഞ്ഞു. ടാക്സിയില്‍ ഫോണ്‍ കട്ട് ചെയ്യാതെ വെച്ച് വണ്ടി ഓടിച്ചു. താന്‍ ഫോണ്‍ റെക്കോര്‍ഡ് ചെയ്തെന്നും സാബിര്‍ പറഞ്ഞു.
ഫോണ്‍ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി 7-8 മിനിട്ടായപ്പോള്‍ യാത്രക്കാര്‍ പിതാവിനോട് ജയ് ശ്രീറാം വിളിക്കാന്‍ പറയുന്നത് താന്‍ ഫോണിലൂടെ കേട്ടു. പിന്നാലെ കാര്‍ നിര്‍ത്തിച്ച് മര്‍ദിച്ച് അദ്ദേഹത്തെ കൊന്നുവെന്നും സാബിര്‍ പറഞ്ഞു. അക്രമികളുടെ ലക്ഷ്യം കവര്‍ച്ച ആയിരുന്നില്ല. പേഴ്സ് മോഷണം പോയില്ല, കാറിന് ഒരു പോറലുമേറ്റിട്ടില്ലെന്നും സാബിര്‍ വിശദീകരിച്ചു.
എന്നാല്‍ കൊലയ്ക്ക് പിന്നില്‍ വര്‍ഗീയത ഇല്ലെന്നാണ് പൊലീസ് പറയുന്നത്. യാത്രക്കൂലിയെ ചൊല്ലിയായിരുന്നു തര്‍ക്കം. ഈ തര്‍ക്കം കയ്യാങ്കളിയില്‍ എത്തുകയായിരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു. ടാക്സി എവിടെയോ നിര്‍ത്തിയപ്പോള്‍ വഴിയിലുണ്ടായിരുന്ന ആരോടോ യാത്രക്കാര്‍ ജയ്ശ്രീറാം പറയുകയായിരുന്നു. അത് യാത്രക്കാരും ഡ്രൈവറും തമ്മിലെ സംഭാഷണം ആയിരുന്നില്ലെന്നും സെന്‍ട്രല്‍ നോയിഡ ഡപ്യൂട്ടി കമ്മീഷണര്‍ ഹരിഷ് ചന്ദ്ര പറഞ്ഞു.
സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ടാക്സി സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.