LiveTV

Live

National

ഭീമ-കൊറേഗാവ് കേസില്‍ എന്‍.ഐ.എ വേട്ട തുടരുന്നു

നേരത്തെ, ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ ഹാനി ബാബുവിനെ ഭീമ - കൊറേ​ഗാവ് കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു

ഭീമ-കൊറേഗാവ് കേസില്‍ എന്‍.ഐ.എ വേട്ട തുടരുന്നു

ഭീമ - കൊറേ​ഗാവ് കേസിൽ എൻ.ഐ.എ വേട്ട തുടരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് പ്രൊഫസർമാരെയും മാധ്യമപ്രവർത്തരേയും ചോദ്യം ചെയ്യലിനായി എൻ.ഐ.എ വിളിപ്പിച്ചു. ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറീൻ ലാംഗ്വേജ് സർവകലാശാല പ്രൊഫസർ കെ സത്യനാരായണക്കും സഹോദരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ കെ.വി കുമാർനാഥിനുമാണ് എൻ.ഐ.എ സമൻസ് അയച്ചത്.

ഇഫ്ലുവിലെ സാംസ്കാരിക പഠനം പ്രൊഫസറാണ് സത്യനാരായണ. സെപ്തംബർ ഒൻപതിന് മുംബെെയിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് എന്‍.ഐ.എയുടെ ഉത്തരവ്. എന്നാൽ എൽ​ഗാർ പരിഷത്ത് സംഘർഷവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സത്യനാരായണ പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസേർച്ചിലെ പ്രൊഫസർ പാർതോ സാരഥി റായിയോടും മുംബെെയില്‍ ഹാജരാകാൻ എൻ.ഐ.എ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് തടവിൽ കഴിയുന്ന വരവര റാവുവിന്റെ മരുമകനാണ് സത്യനാരായണ.

തടവിൽ കഴിയുന്ന വരവര റാവുവിന്റെ ആരോ​ഗ്യസ്ഥിതിയിൽ ആശങ്ക നിലനിൽക്കുന്ന പ്രയാസകരമായ ഘട്ടത്തിലാണ് തന്നോടും കേസിൽ ഹാജരാകാൻ എൻ.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സത്യനാരായണ പറഞ്ഞു. ഇതേ കേസുമായി ബന്ധപ്പെട്ട് 2018ൽ പൂണെ പൊലീസ് തന്റെ ഫ്ലാറ്റ് റെയിഡ് ചെയ്തതാണ്. കേസിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അന്ന് തന്നെ ബോധിപ്പിച്ചിരുന്നതാണെന്നും സത്യനാരായണ പറഞ്ഞു.

രാജ്യത്തെ അക്കാദമീഷ്യൻമാരെ വേട്ടയാടുന്നതിന്റെ ഭാ​ഗമാണ് തനിക്കെതിരെയുള്ള നീക്കമെന്ന് പാർതോ സാരഥി റായിയും കുറ്റപ്പെടുത്തി. തന്നെ സാക്ഷിയായിട്ടാണ് എൻ.ഐ.എ വിളിപ്പിച്ചത്, എന്നാല്‍ സംഭവത്തെ കുറിച്ച് പത്രങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും റായി പി.ടി.ഐയോട് പറഞ്ഞു.

നേരത്തെ, ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ ഹാനി ബാബുവിനെ ഭീമ - കൊറേ​ഗാവ് കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. വരവര റാവു, സുധ ഭരദ്വാജ്, സുധീർ ധവാലെ, ഷോമ സെൻ, മഹേഷ് റൗട്ട്, റോണ വിൽസൻ, അരുൺ ഫെരാരിയ, വെർണൻ ​ഗോൺസാൽവസ്, ആനന്ത് തെൽതുംഡെ, ​ഗൗതം നവ്‍ലാഖ, സുരേന്ദ്ര ​ഗാഡ്‍ലിങ് എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റു പ്രമുഖർ. യു.എ.പി.എ ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.