സുശാന്ത് സിങ്: അറസ്റ്റിന് തയ്യാറെന്ന് റിയ ചക്രബര്‍ത്തി
സി.ബി.ഐ, എൻഫോഴ്സമെന്റ്, നാർകോട്ടിക്സ് ഉൾപ്പടെ മൂന്ന് കേന്ദ്ര ഏജൻസികളാണ് സുശാന്ത് സിങിന്റെ മരണം അന്വേഷിക്കുന്നത്

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിന് തയ്യാറാണെന്ന് നടിയും കാമുകിയുമായ റിയ ചക്രബർത്തി. നടിക്കെതിരെ മാധ്യമങ്ങളും ഒരു സംഘവും പ്രവർത്തിക്കുകയാണ്. ഇരുവരും തമ്മിൽ ഇഷ്ടത്തിലായിരുന്നുവെന്നും അതൊരു കുറ്റമാണങ്കിൽ ആ കുറ്റത്തിന്റെ ഫലം ഏറ്റുവാങ്ങാൻ റിയ തയ്യാറാണെന്നും റിയ ചക്രബര്‍ത്തിയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തിയെ നേരത്തെ നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് ഇടപാടിൽ റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയെയും സുശാന്തിന്റെ മാനേജർ സാമുവേൽ മിറാൻഡയേയും കഴിഞ്ഞ ദിവസമാണ് നാർകോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.
സി.ബി.ഐ, എൻഫോഴ്സമെന്റ്, നാർകോട്ടിക്സ് ഉൾപ്പടെ മൂന്ന് കേന്ദ്ര ഏജൻസികളാണ് സുശാന്ത് സിങിന്റെ മരണം അന്വേഷിക്കുന്നത്. റിയയും കുടുംബവും സുശാന്തിനെ മാനസികമായി പീഡിപ്പിക്കുകയും സമ്പത്ത് കവർന്നെടുക്കുകയും ചെയ്തുവെന്ന് സുശാന്തിന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാൽ താരത്തിന്റെ മരണം ഒരു സാദാ കുടുംബമായ തങ്ങളുടെ മേൽ കെട്ടിവെക്കുകയാണെന്ന് റിയ ചക്രബർത്തിയുടെ കുടുംബം പറഞ്ഞു.