LiveTV

Live

National

കുടിയാന്മാരല്ല, തിരുത്തല്‍വാദികളാണെന്ന് ആനന്ദ് ശര്‍മ; കത്ത് വിവാദം പുകയുന്നു

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ആണ് കത്ത് എഴുതാൻ കാരണമെന്ന് ആനന്ദ് ശര്‍മ

കുടിയാന്മാരല്ല, തിരുത്തല്‍വാദികളാണെന്ന് ആനന്ദ് ശര്‍മ; കത്ത് വിവാദം പുകയുന്നു

കോൺഗ്രസിൽ കത്ത് വിവാദം പുകയുന്നു. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് എഴുതിയ 23 പേർ തിരുത്തൽവാദികളാണെന്നും വിമതരല്ലെന്നും കത്തിലൊപ്പിട്ട രാജ്യസഭ ഉപനേതാവ് ആനന്ദ് ശർമ പറഞ്ഞു. തങ്ങളും കോൺഗ്രസിന്‍റെ നിർണായക ഭാഗമാണ്. അല്ലാതെ കുടിയാൻമാരല്ലെന്നും ആനന്ദ് ശര്‍മ വ്യക്തമാക്കി.

പ്രവർത്തക സമിതിയിൽ ആക്ഷേപിച്ചത് അംഗീകരിക്കാനാകില്ല. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്കുശേഷം പാർട്ടിയിൽ ഭിന്നതയും നേതൃതലത്തിൽ അനിശ്ചിതത്വവും ഉണ്ടായി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ആണ് കത്ത് എഴുതാൻ കാരണം. സോണിയ ഗാന്ധിയോട് വലിയ ബഹുമാനമുണ്ട്. അവരെ വേദനിപ്പിക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ല. കത്ത് തെറ്റിദ്ധരിക്കപ്പെട്ടത് നിർഭാഗ്യകരമാണ്. പ്രവർത്തക സമിതി യോഗത്തിന് മുൻപ് ചിലർ കത്ത് മുൻനിർത്തി അനാവശ്യ പ്രചാരണം നടത്തുകയായിരുന്നു. ഇന്ദിര ഗാന്ധിയെ വഞ്ചിച്ചവരിൽ ചിലരാണ് തങ്ങളെ ഉപദേശിക്കുന്നതെന്നും ആനന്ദ് ശര്‍മ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വിശദമാക്കി.

ഭിന്നിപ്പിക്കലാണ് ബിജെപിയുടെ രാഷ്ട്രീയ അജണ്ട. ഭയത്തിന്‍റേതായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ജനങ്ങള്‍ നിസ്സഹായരാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് അനിവാര്യമാണ്. പ്രശ്നങ്ങള്‍ തുറന്ന് സംസാരിച്ച് പരിഹരിക്കണമെന്ന നല്ല ലക്ഷ്യമേ കത്തെഴുതിയവര്‍ക്കുള്ളൂവെന്നും ആനന്ദ് ശര്‍മ വിശദീകരിച്ചു.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 11.92 കോടി വോട്ടുകള്‍ നേടി. ബിജെപിക്ക് 7.80 കോടി വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ 2014ല്‍ ബിജെപിയുടെ വോട്ട് 17.60 കോടിയായി മാറി. ഒറ്റയടിക്ക് 10 കോടിയുടെ വര്‍ധനവ്. 2019ല്‍ ബിജെപിയുടെ വോട്ട് 22.94 കോടിയായി ഉയര്‍ന്നു. യുവാക്കളുടെ പിന്തുണ കോണ്‍ഗ്രസ് തിരിച്ചുപിടിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഈ കണക്കില്‍ നിന്ന് വ്യക്തമാകുന്നതെന്നും ആനന്ദ് ശര്‍മ വിശദീകരിച്ചു.