LiveTV

Live

National

'യോഗി സര്‍ക്കാര്‍ ഇനിയും കേസില്‍പെടുത്തിയേക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു'; കഫീല്‍ ഖാന്‍ രാജസ്ഥാനില്‍

മനുഷ്യരെ കൊല്ലാനുള്ള പൌഡര്‍ കണ്ടുപിടിച്ചിട്ടുണ്ടോ, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ജപ്പാന്‍ സന്ദര്‍ശിച്ചിട്ടുണ്ടോ തുടങ്ങിയ വിചിത്രമായ ചോദ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചത്.

'യോഗി സര്‍ക്കാര്‍ ഇനിയും കേസില്‍പെടുത്തിയേക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു'; കഫീല്‍ ഖാന്‍ രാജസ്ഥാനില്‍

കോടതി ഉത്തരവ് പ്രകാരം ജയില്‍മോചിതനായ ഡോ. കഫീല്‍ ഖാന്‍ കുടുംബത്തോടൊപ്പം രാജസ്ഥാനിലെത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് കൂടുതല്‍ സുരക്ഷിതത്വം തോന്നുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉപദേശ പ്രകാരമാണ് താന്‍ രാജസ്ഥാനിലേക്ക് താമസം മാറിയതെന്നും കഫീല്‍ ഖാന്‍ ജയ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

'പ്രിയങ്ക ഗാന്ധി എന്നെ വിളിച്ച് രാജസ്ഥാനില്‍ വന്ന് താമസിക്കാന്‍ ഉപദേശിച്ചു. ഞങ്ങള്‍ നിങ്ങള്‍ക്ക് സുരക്ഷിതമായ ഇടം നല്‍കാം. യുപി സര്‍ക്കാര്‍ മറ്റേതെങ്കിലും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചേക്കാമെന്നും അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്നും പ്രിയങ്ക പറഞ്ഞു. അതിനാല്‍ യുപിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു'- കഫീല്‍ ഖാന്‍ വിശദമാക്കി.

പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ അ​ലിഗഡില്‍ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യെ​ന്ന് ആരോപിച്ചാണ് കഫീല്‍ ഖാനെ ജയിലിലടച്ചത്. യു.​പി സർക്കാ​ർ അദ്ദേഹത്തിനെതിരെ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം ചു​മ​ത്തു​കയും ചെയ്തു. എന്നാല്‍ കഫീല്‍ ഖാന്‍ പ്രസംഗത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും ദേശീയ ഐക്യത്തിനാണ് ആഹ്വാനം ചെയ്തതെന്നും അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു.

എട്ട് മാസമാണ് കഫീല്‍ ഖാന്‍ ജയിലില്‍ കഴിഞ്ഞത്. ത​നി​ക്കെ​തി​രെ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി​യ​ത്​ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ ഹൈക്കോടതി വി​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജോ​ലിയി​ൽ തി​രി​കെ പ്ര​വേ​ശി​പ്പി​ക്കാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ​ർ​ക്കാരിനോ​ട്​ ആ​വ​ശ്യ​പ്പെ​ടു​​മെന്ന് ​ക​ഫീ​ൽ ഖാ​ൻ പറഞ്ഞു. അനുവദിച്ചില്ലെങ്കില്‍ അസമിലെ പ്രളയ ബാധിത മേഖലയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരിയില്‍ തന്നെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ നേരിടേണ്ടിവന്നെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം 72 മണിക്കൂര്‍ കുടിവെള്ളം പോലും തന്നില്ല. അഞ്ച് ദിവസത്തോളം ഭക്ഷണവും തന്നില്ല. മനുഷ്യരെ കൊല്ലാനുള്ള പൌഡര്‍ കണ്ടുപിടിച്ചിട്ടുണ്ടോ, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ജപ്പാന്‍ സന്ദര്‍ശിച്ചിട്ടുണ്ടോ തുടങ്ങിയ വിചിത്രമായ ചോദ്യങ്ങളാണ് തന്നോട് ചോദിച്ചത്. താനൊരു ശിശുരോഗ വിദഗ്ധനാണെന്നും മനുഷ്യരെ കൊല്ലാന്‍ എങ്ങനെ പൌഡറുണ്ടാക്കുമെന്നും മറുപടി നല്‍കിയെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ താന്‍ ശ്രമിച്ചതിന് തെളിവ് എവിടെയെന്ന് ചോദിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മറുപടി ഇല്ലായിരുന്നുവെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. തന്‍റെ പാസ്പോര്‍ട്ട് കോടതിയിലാണെന്നിരിക്കെ എങ്ങനെ ജപ്പാനില്‍ പോകുമെന്ന ചോദ്യത്തിനും അവര്‍ക്ക് മറുപടിയില്ലായിരുന്നുവെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു.

"65 വയസ്സുള്ള മാതാവും ഭാര്യയും ഈ മഹാമാരിക്കാലത്ത് പോലും എനിക്ക് വേണ്ടി സുപ്രീംകോടതിയില്‍ നിരന്തരം പോയി. എന്‍റെ സഹോദരന്‍റെ ബിസിനസ് തകര്‍ന്നു. ഏഴര മാസം പ്രായമുള്ള കുഞ്ഞ് എന്നെ തിരിച്ചറിയുന്നുപോലുമില്ല. മറ്റൊരു സര്‍ക്കാരിനും ഇങ്ങനെ എന്നെ വേദനിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല"- കഫീല്‍ ഖാന്‍ പറഞ്ഞു.