ഉത്തര്‍ പ്രദേശില്‍ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; മൂന്നാഴ്ചക്കിടെ മൂന്നാമത്തെ സംഭവം
മൂന്നാഴ്ചക്കിടെ മൂന്ന് പെണ്‍കുട്ടികളെയാണ് ലഖിംപുരില്‍ അക്രമികള്‍ ബലാത്സംഗത്തിന് ശേഷം കൊന്നുകളഞ്ഞത്.
ഉത്തര്‍ പ്രദേശില്‍ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. ലഖിംപുര്‍ ഖേരിയിലാണ് സംഭവം. മൂന്നാഴ്ചക്കിടെ മൂന്ന് പെണ്‍കുട്ടികളെയാണ് ലഖിംപുരില്‍ അക്രമികള്‍ ബലാത്സംഗത്തിന് ശേഷം കൊന്നുകളഞ്ഞത്.
ബുധനാഴ്ചയാണ് മൂന്ന് വയസ്സുകാരിയെ കാണാതായത്. ഇന്നലെ രാവിലെ പാടത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചു. ശരീരത്തിലാകെ മുറിവുകളുണ്ടായിരുന്നു. കുട്ടിയുടെ വീട്ടില്‍ നിന്ന് അര കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കൊലയ്ക്ക് മുന്‍പ് കുട്ടി ബലാത്സംഗത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അയല്‍ഗ്രാമത്തിലെ ലെഖ്റാം എന്നയാളാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്നാണ് കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞത്. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പിതാവ് പറയുന്നത്. ലെഖ്റാം ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ നാല് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുകയാണ്.
ലഖിംപൂരില്‍ 17കാരിയായ പെണ്‍കുട്ടിയും അടുത്ത കാലത്ത് ബലാത്സംഗത്തിന് പിന്നാലെ കൊല്ലപ്പെട്ടിരുന്നു. സ്കോളര്‍ഷിപ്പ് അപേക്ഷ പൂരിപ്പിക്കാന്‍ വീട്ടില്‍ നിന്ന് പുറത്തുപോയതായിരുന്നു പെണ്‍കുട്ടി. ഇതേ ജില്ലയില്‍ തന്നെ ഇതിന് മുന്‍പ് 13 വയസുകാരിയെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവമുണ്ടായി. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ആരോപിച്ചു. സ്ത്രീകളും കുട്ടികളും നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും പ്രതിപക്ഷം വിമര്‍ശിക്കുന്നു.