LiveTV

Live

National

'ഏറ്റുമുട്ടലിലൂടെ കൊല്ലാതിരുന്നതിന് യുപി പൊലീസിനോട് നന്ദിയുണ്ട്': കഫീല്‍ ഖാന്‍

അഞ്ച് ദിവസം വരെ ഭക്ഷണം പോലും തന്നില്ലെന്ന് കഫീല്‍ ഖാന്‍

'ഏറ്റുമുട്ടലിലൂടെ കൊല്ലാതിരുന്നതിന് യുപി പൊലീസിനോട് നന്ദിയുണ്ട്': കഫീല്‍ ഖാന്‍

അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ മോചിതനായ ഡോ. കഫീല്‍ ഖാന്‍ ജയില്‍വാസത്തെ കുറിച്ച് പ്രതികരിച്ചതിങ്ങനെയാണ്- "ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ 8 മാസമാണ് എന്നെ തടവിലാക്കിയത്. അഞ്ച് ദിവസം വരെ ഭക്ഷണം പോലും തന്നില്ല. മുംബൈയില്‍ നിന്ന് മഥുരയിലേക്ക് കൊണ്ടുവരുന്നതിനിടെ എന്നെ ഏറ്റുമുട്ടലില്‍ കൊല്ലാതിരുന്നതിന് യുപി പൊലീസിനോട് നന്ദിയുണ്ട്".

തന്‍റെ മോചനത്തിനായി ശബ്ദമുയര്‍ത്തിയ എല്ലാവരോടും നന്ദിയുണ്ടെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. തന്നെ മോചിപ്പിക്കാന്‍ ഭരണകൂടം തയ്യാറല്ലായിരുന്നു. ജനങ്ങളുടെ പ്രാര്‍ഥന കൊണ്ടാണ് മോചനം സാധ്യമായത്. രാമായണത്തില്‍ മഹര്‍ഷി വാത്മീകി രാജധര്‍മത്തെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ യുപിയിലെ 'രാജാവ്' രാജധര്‍മം നിര്‍വഹിക്കുന്നില്ലെന്നും കഫീല്‍ ഖാന്‍ പ്രതികരിച്ചു. യോഗി സര്‍ക്കാര്‍ തനിക്കെതിരെ മറ്റൊരു കേസ് പടച്ചുണ്ടാക്കിയേക്കാം. ഇപ്പോള്‍ താന്‍ ബിഹാറിലെയും അസമിലെയും പ്രളയബാധിതരെ സഹായിക്കാന്‍ പോവുകയാണെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

ദേശ സുരക്ഷാ നിയമം ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടവിലിട്ട ഡോ കഫീൽ ഖാനെ ഇന്നലെ അര്‍ധരാത്രിയാണ് കോടതി ഉത്തരവ് പ്രകാരം മോചിപ്പിച്ചത്. സി.എ.എ വിരുദ്ധ സമരത്തിന്റെ ഭാ​ഗമായി അലിഗഡ് സർവകലാശാലയിൽ പ്രസംഗിച്ചതിനാണ് മുംബൈയില്‍ വെച്ച് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയില്‍ യു.പി പോലീസ് കഫീല്‍ ഖാന് മേല്‍ എന്‍.എസ്.എ ചുമത്തുകയും ചെയ്തു.

പൗരത്വ നിയത്തിനെതിരായ കഫീൽ ഖാന്റെ പ്രസംഗത്തില്‍ ദേശവിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. കഫീൽ ഖാന്റെ തടവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അദ്ദേഹത്തിന് മേൽ ചുമത്തിയ ദേശ സുരക്ഷാ നിയമം എടുത്ത് മാറ്റുകയും ചെയ്തു. അലഹബാദ് കോടതിയുടെ ഉത്തരവ് വന്നിട്ടും അദ്ദേഹത്തെ മണിക്കൂറുകളോളം തടവില്‍ വെച്ച യു.പി പൊലീസിന്റെ നടപടിക്കെതിരെ കുടുംബം കോടതിയലക്ഷ്യ ഹരജി സമര്‍പ്പിക്കാനിരിക്കെയായിരുന്നു അര്‍ധരാത്രിയോടെ മോചനം.