LiveTV

Live

National

'പ്രധാനമന്ത്രിയെ അപമാനിക്കുന്നു'; ഫേസ്ബുക്കിന് കത്തയച്ച് കേന്ദ്രസര്‍ക്കാറും

ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് കത്തയച്ചത്

'പ്രധാനമന്ത്രിയെ അപമാനിക്കുന്നു'; ഫേസ്ബുക്കിന് കത്തയച്ച് കേന്ദ്രസര്‍ക്കാറും

പ്രധാനമന്ത്രിയേയും മന്ത്രിമാരേയും ഫേസ്ബുക്ക് അപമാനിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് കത്തയച്ചു. ബി.ജെ.പിക്ക് അനുകൂലമായാണ് ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നതെന്ന വാള്‍ സ്ട്രീറ്റ് ജേണലിന്റെയും ടൈംസിന്റെയും കണ്ടെത്തലിനിടെയാണ് കേന്ദ്രത്തിന്റെ കത്ത്.

നേരത്തെ ഫേസ്ബുക്കും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു. ബി.ജെ.പിയെ പിന്തുണയ്ക്കുന്ന സമീപനം ഫെയ്സ്ബുക്ക് ഇന്ത്യ നടത്തിയെന്ന് തെളിയിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണിത്.

2014 ലെ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ട് മുന്നത്തെ ദിവസമുള്ള ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി മേധാവി അങ്കി ദാസിന്റെ വാക്കൾ ഉദ്ധരിച്ചായിരുന്നു വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്. നമ്മൾ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പ്രചാരണത്തിന് തിരി കൊളുത്തി. പിന്നെ നടന്നത് ചരിത്രം എന്നായിരുന്നു അങ്കി ദാസിന്റെ വാക്കുകൾ. ഫേസ്ബുക്ക് ജീവവക്കാരുടെ ആഭ്യന്തര ചാറ്റിലായിരുന്നു മേധാവിയുടെ പ്രതികരണം. ഫേസ്ബുക്ക് മുന്നോട്ട് വെക്കുന്ന നിഷ്പക്ഷതയെന്ന അവരുടെ നയത്തിന് വിരുദ്ധമായിരുന്നു ഇതെന്ന് ജേണൽ ചൂണ്ടിക്കാട്ടി.

2012ൽ നടന്ന ​ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് 'നമ്മുടെ ​ഗുജറാത്ത് ക്യാമ്പയിൻ വിജയകരം' എന്ന് ദാസ് കുറിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഈ വിജയത്തോടെയാണ് മോദി ദേശീയ തലത്തിലേക്ക് പ്രവേശിക്കുന്നതും പ്രധാനമന്ത്രി പദത്തിനായുള്ള പ്രചരണങ്ങൾ തുടങ്ങുന്നതും.

മോദി ഇന്ത്യയുടെ ജോർജ് ബുഷ് ആണെന്ന് അങ്കി ദാസ് പറഞ്ഞതായും അമേരിക്കയിലെ റിപബ്ലിക്കൻ പാർട്ടി പ്രവർത്തകയും, ഫേസ്ബുക്കിലെ സഹപ്രവർത്തകയുമായ കാറ്റി ഹർബാത്തിനെ ഉ​ദ്ധരിച്ച് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. അങ്കി ദാസിന്റെ മോദി സ്തുതിയുടെ പേരിൽ നിലവിൽ തന്നെ രാഷ്ട്രീയ വിവാദം പുകയുകയാണ്.

നേരത്തെ, വിദ്വേഷ പ്രസംഗങ്ങള്‍ നീക്കുന്നതില്‍ ബിജെപിയോട് ഫേസ്ബുക്ക് ഇന്ത്യക്ക് മൃദുസമീപനമാണെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനവും വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. സംഭവത്തിൽ അങ്കി ദാസിനെതിരെ റായ്പൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.