കോവിഡ് കാലത്തും നീറ്റ് പരീക്ഷ, പ്രധാനമന്ത്രി സംസാരിക്കുന്നത് കളിപ്പാട്ടങ്ങളെ കുറിച്ച്; മന്‍കി ബാത്തിന് ഡിസ്ലൈക്ക് പെരുമഴ
ലൈക്കുകളെക്കാള്‍ പത്തിരട്ടിയിലധികം ഡിസ്ലൈക്കുകളാണ് യൂട്യൂബ് വീഡിയോക്ക് താഴെയുള്ളത്

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തിന്റെ യൂറ്റ്യൂബ് വീഡിയോക്കെതിരെ ഡിസ്ലൈക്ക് പെരുമഴ. ലൈക്കുകളെക്കാള്‍ പത്തിരട്ടിയിലധികം ഡിസ്ലൈക്കുകളാണ് യൂട്യൂബ് വീഡിയോക്ക് താഴെയുള്ളത്.
ഈ കോവിഡ് കാലത്തും നീറ്റ്-ജെ.ഇ.ഇ പരീക്ഷകള്‍ നടത്തുന്നതിരെയുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധമാണ് കൂട്ടത്തോടെയുള്ള ഡിസ്ലൈക്കുകള് കാരണമെന്നാണ് വീഡിയോക്ക് താഴേയുള്ള കമന്റുകളില്‍ നിന്നും വ്യക്തമാകുന്നത്. വീഡിയോ അപ്ലോഡ് ചെയ്ത് 21 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 2,42,000 ഡിസ്ലൈക്കുകള് ലഭിച്ച വീഡിയോക്ക് കേവലം 27000 ലൈക്കുകള്‍ മാത്രമാണ് ലഭിച്ചത്. 50,000ന് മേല്‍ കമന്റുകളാണ് വീഡിയോക്ക് കിട്ടിയത്.

ഇന്നെലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. മന്‍കിബാത്ത് പരിപാടി എല്ലായ്പ്പോഴും ബി.ജെ.പി അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യാറുണ്ട്. അതേസമയം പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി എം.പിയും രംഗത്തെത്തി.
''നീറ്റ്-ജെ.ഇ.ഇ പരീക്ഷകളെ കുറിച്ച് ചര്‍ച്ച ആവശ്യപ്പെടുമ്പോള്‍ പ്രധാനാമന്ത്രി കളിപ്പാട്ടങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു''. എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. മന്‍കി ബാത്ത് അല്ല വിദ്യാര്‍ഥികളുടെ പക്ഷത്ത് എന്ന ഹാഷ്ടാഗോടുകൂടിയായിരുന്നു രാഹുലിന്റെ ട്വീറ്റ്.