LiveTV

Live

National

പ്രണബ്; കോണ്‍ഗ്രസിലെ ക്രൈസിസ് മാനേജര്‍, രാഷ്ട്രതന്ത്രജ്ഞന്‍

2018 ജൂണില്‍ ആര്‍.എസ്.എസിന്‍റെ പരിപാടിയില്‍ പങ്കെടുക്കുന്ന ആദ്യ മുന്‍ രാഷ്ട്രപതിയായി.

പ്രണബ്; കോണ്‍ഗ്രസിലെ ക്രൈസിസ് മാനേജര്‍, രാഷ്ട്രതന്ത്രജ്ഞന്‍

തന്ത്രജ്ഞനായ രാഷ്ട്രീയ നേതാവ്. സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ട ഭരണാധികാരി. കോളജ് അധ്യാപകനായി തുടങ്ങി രാജ്യത്തെ പ്രഥമ പൌരനായി വളര്‍ന്ന വ്യക്തിത്വം. ഇതാണ് പ്രണബ് കുമാര്‍ മുഖര്‍ജി.

കോണ്‍ഗ്രസിലൂടെ വളര്‍ന്ന അദ്ദേഹത്തിന്‍റെ അവസാനകാലത്തെ നിലപാടുകള്‍ രാഷ്ട്രീയ വ്യതിയാനത്തിന്‍റെ സൂചന നല്‍കി. ഹിന്ദുത്വ വര്‍ഗീയതയെ അധികാരത്തിന് പുറത്തിരുത്താന്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലൊരു സഖ്യ സര്‍ക്കാര്‍. 2004 മുതല്‍ 2014വരെ ഉറപ്പോടെയുള്ള ഭരണം. യു.പി.എയുടെ പിറകിലെ ബുദ്ധി പ്രണബിന്‍റേതായിരുന്നു. സാമ്പത്തിക പരിഷ്കരണത്തിന്‍റെ വക്താവായ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് ഇടത് പിന്തുണ ഉറപ്പാക്കിയതിന്‍റെയും. അമേരിക്കയുമായുള്ള ആണവകരാറിന്‍റെ പേരില്‍ സഖ്യ സര്‍ക്കാര്‍ ആടിയുലഞ്ഞപ്പോള്‍ നങ്കൂരമിട്ടതും പ്രണാബ് തന്നെ. രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായി അദ്ദേഹം നിറഞ്ഞു.

സിദ്ധാര്‍ത്ഥ് ശങ്കര്‍ റേ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസില്‍ അവസാന വാക്കായിരുന്ന കാലത്താണ് പ്രണാബിന്‍റെ തുടക്കം. ദേശീയ രാഷ്ട്രീയത്തിലേക്ക് വളര്‍ത്തിയത് ഇന്ദിരാഗാന്ധി. ഏറെ ചെറുപ്പത്തില്‍ രാജ്യസഭാംഗം. 73ല്‍ കേന്ദ്ര മന്ത്രിയും.

അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിരക്കൊപ്പം അടിയുറച്ച് നിന്നു. 1980ല്‍ ഇന്ദിര അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ പ്രണാബിനെ മറന്നില്ല. 1982ല്‍ കേന്ദ്ര ധനമന്ത്രി. അന്ന് പ്രണാബ് തുടങ്ങിവെച്ച സാമ്പത്തിക പരിഷ്കാരങ്ങളുടെ തുടര്‍ച്ചയാണ് ഇന്നും. 1984ല്‍ ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ തഴയപ്പെട്ടു. കോണ്‍ഗ്രസ് വിട്ട് രാഷ്ട്രീയ സമാജ് വാദി കോണ്‍ഗ്രസുണ്ടാക്കിയ കാലം പ്രണാബിന് വനവാസമായിരുന്നു. 1991ല്‍ രാജീവ് ഗാന്ധിയു‌ടെ മരണത്തിന് ശേഷം പാര്‍ട്ടിയില്‍ തിരിച്ചെത്തിയ അദ്ദേഹം നരസിംഹ റാവു സര്‍ക്കാരിന്‍റെ കാലത്ത് പ്ലാനിംഗ് കമ്മീഷന്‍റെ വൈസ് ചെയര്‍മാനായി. പിറകെ പാര്‍ട്ടിയിലും കരുത്തന്‍. 95ല്‍ വിദേശകാര്യമന്ത്രി.

നരസിംഹ റാവുവിന് ശേഷം നേതൃത്വമില്ലാതെ ഉലഞ്ഞ കോണ്‍ഗ്രസിന്‍റെ അധ്യക്ഷ പദവിയിലേക്ക് സോണിയാ ഗാന്ധിയെ കൊണ്ടുവന്നത് പ്രണബിന്‍റെ ബുദ്ധി. പിന്നീട് കോണ്‍ഗ്രസെടുത്ത തീരുമാനങ്ങള്‍ക്കെല്ലാം പ്രണബിന്‍റെ കൈയൊപ്പുണ്ടായിരുന്നു. 2004ല്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഡോ. മന്‍മോഹന്‍ സിംഗിനെ കൈപിടിച്ച് കൊണ്ടുവരുന്നതില്‍പ്പോലും.

2004 മുതല്‍ 2012 വരെ മന്ത്രിസഭയിലെ രണ്ടാമനായി തുടര്‍ന്നു. പ്രതിരോധം, വിദേശകാര്യം, ധനകാര്യം, എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. പലപ്പോഴും ഒന്നാമനെപ്പോലെ തിളങ്ങി. ഹിന്ദി അനായാസം കൈകാര്യം ചെയ്യാനാകാത്തതുകൊണ്ട് നഷ്ടമായ പ്രധാനമന്ത്രി പദത്തെക്കുറിച്ച് പരസ്യമായി പറഞ്ഞ പ്രണാബിനെ കോണ്‍ഗ്രസും യു പി എയും 2012ല്‍ രാജ്യത്തിന്‍റെ പ്രഥമ പൌരനാക്കി.

2017ല്‍ രാഷ്ട്രപതി പദത്തില്‍ നിന്നൊഴിയുമ്പോഴേക്കും കോണ്‍ഗ്രസിനോട് മാനസികമായി അകന്ന നിലയിലായിരുന്നു അദ്ദേഹം. 2018 ജൂണില്‍ ആര്‍.എസ്.എസിന്‍റെ പരിപാടിയില്‍ പങ്കെടുക്കുന്ന ആദ്യ മുന്‍ രാഷ്ട്രപതിയായി. 2019ല്‍ ബി.ജെ.പി സര്‍ക്കാര്‍ അദ്ദേഹത്തിന് ഭാരത് രത്ന നല്‍കി ആദരിച്ചു. രാഷ്ട്രീയധാരയില്‍ കാവികലര്‍ന്നുവെന്ന സംശയം ബാക്കിയാക്കിയാണ് പ്രണാബ് കുമാര്‍ മുഖര്‍ജി അരങ്ങൊഴിയുന്നത്.