LiveTV

Live

National

മുസ്‍‍ലിംകള്‍ സിവില്‍ സര്‍വീസില്‍ എത്തുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുദര്‍ശന്‍ ടി.വി എഡിറ്റര്‍

ജാമിഅ''ജിഹാദികള്‍" എന്നാണ് അവരെ സുരേഷ് ചൗഹാന്‍കെ അഭിസംബോധന ചെയ്തത്

മുസ്‍‍ലിംകള്‍ സിവില്‍ സര്‍വീസില്‍ എത്തുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുദര്‍ശന്‍ ടി.വി എഡിറ്റര്‍

മുസ്‍ലിം വിരുദ്ധ പരാമര്‍ശം നടത്തുന്നതില്‍ കുപ്രസിദ്ധനായ സുരേഷ് ചൗഹാന്‍കെ പുതിയ പ്രസ്ഥാവനയുമായി രംഗത്ത്. സുദര്‍ശന്‍ ടി.വിയുടെ ന്യൂസ് എഡിറ്ററായ ചൗഹാന്‍കെ, സിവില്‍ സര്‍വീസ് പരീക്ഷയില്‍ മുസ്‍ലിം വിദ്യാര്‍ഥികള്‍ യോഗ്യത നേടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണമായത്.

ഓഗസ്റ്റ് 25 ന് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ മുസ്‍ലിം വിഭാഗത്തില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ സിവില്‍ സര്‍വീസ് പരീക്ഷക്ക് യോഗ്യത നേടിയതില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ജാമിഅ''ജിഹാദി''കള്‍ എന്നാണ് അവരെ സുരേഷ് ചൗഹാന്‍കെ അഭിസംബോധന ചെയ്തത്.

ജാമിഅ മില്ലിയ ഇസ്‍ലാമിയയുടെ സെന്‍റര്‍ ഫോർ കോച്ചിംഗ് ആന്‍റ് കരിയർ പ്ലാനിംഗ് (ആർ‌.സി.‌എ) യിൽ പഠിച്ച് വിജയിച്ച 30 കുട്ടികളില്‍ 14 ഹിന്ദു വിദ്യര്‍ഥികളുണ്ടെന്ന് യു.പി.‌എസ്‌.സി ഫലങ്ങൾ തന്നെ വ്യക്തമാക്കുന്നു.

“ആർ‌.സി.‌എയിൽ നിന്നും 30 വിദ്യാർഥികളാണ് ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷക്ക് യോഗ്യത നേടിയത്. അതില്‍ 16 മുസ്‍ലിം വിദ്യാര്‍ഥികളും 14 ഹിന്ദു വിദ്യാര്‍ഥികളും ഉണ്ട്. എന്നിട്ടും അവരെ ജിഹാദികള്‍ എന്നാണ് വിളിക്കുന്നത്. അങ്ങനെയെങ്കില്‍ 16 മുസ്‍ലിം ജിഹാദികളും 14 ഹിന്ദു ജിഹാദികളുമുണ്ട്. ഇന്ത്യ നല്‍കിയ ഒര പുതിയ മതേതര നിര്‍വചനമാണ് ജിഹാദികള്‍'' ജാമിഅ വൈസ്‍ ചാന്‍സിലര്‍ നജ്മ അക്തര്‍ പറയുന്നു.

അഞ്ച് ശതമാനം മുസ്‍ലിം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷക്ക് യോഗ്യത നേടിയത്. യു.പി.എസ്‍.സി പ്രസിദ്ധീകരിച്ച 829 പേരടങ്ങുന്ന ലിസ്റ്റില്‍ 42 പേര്‍ മുസ്‍‍ലിംകളാണ്. ഇന്ത്യയില്‍ കഴിഞ്ഞ 28 വര്‍ഷത്തിനിടയില്‍ സിവില്‍ സര്‍വീസ് പാസാകുന്ന മുസ്‍ലിം വിദ്യാര്‍ഥികളുടെ എണ്ണം കൂടി വരുന്നു എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ചൗഹാന്‍കെയുടെ വിവാദ പരാമര്‍ശത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജാമിഅ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കി. ഇന്ത്യൻ പൊലീസ് സർവീസ് അസോസിയേഷൻ ഉൾപ്പെടെ നിരവധി സംഘടനകളും വിഷയത്തില്‍ ആശങ്കയറിയിച്ചു. ആഗസ്ത് 28 ന് ദില്ലി ഹൈക്കോടതി ചൗഹാന്‍കെയുടെ ഷോയുടെ പ്രക്ഷേപണം സ്റ്റേ ചെയ്തിരുന്നു.