LiveTV

Live

National

ഭീമ കൊറേഗാവ്: സുധ ഭരദ്വാജിന്റെ ജാമ്യാപേക്ഷയും തള്ളി

സുധ ഭരദ്വാജിന്റെ ജാമ്യാപേക്ഷ എൻ.ഐ.എ പ്രത്യേക കോടതിയും നേരത്തെ തള്ളിയിരുന്നു.

ഭീമ കൊറേഗാവ്: സുധ ഭരദ്വാജിന്റെ ജാമ്യാപേക്ഷയും തള്ളി

ഭീമ കൊറേ​ഗാവ് സംഘട്ടനത്തിന്റെ പേരിൽ ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന്റെ ജാമ്യാപേക്ഷ തള്ളി ബോംബോ ഹെെക്കോടതി. ആരോ​ഗ്യ സംബന്ധമായ കാരണങ്ങള്‍ ഉന്നയിച്ച് സമർപ്പിച്ച ഇടക്കാല ജാമ്യ ഹരജിയാണ് കോടതി തള്ളിയത്. ഭീമ കൊറേ​ഗാവ് കേസിൽ 2018 മുതൽ മുംബെെയിൽ തടവിലാണ് സുധ ഭരദ്വാജ്.

പ്രമേഹ രോ​ഗിയായ അൻപത്തിയെട്ടുകാരിക്ക് കോവിഡ് പ്രതിസന്ധിയുടെ പശ്ചാതലത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹരജി. എന്നാൽ ഇവര്‍ക്ക് ജാമ്യം നൽകരുതെന്നും ആവശ്യമെങ്കിൽ ചികിത്സാ സൗകര്യം ഒരുക്കി നൽകാമെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ കോടതിയിൽ ബോധിപ്പിച്ചു. സമാന രീതിയിൽ, എൻപതുകാരനായ കവിയും കേസിൽ തടവിൽ കഴിയുകയും ചെയ്യുന്ന വരവര റാവുവിനും ജാമ്യം നൽകിയിട്ടില്ലെന്ന കാര്യവും സോളിസിറ്റർ ജനറൽ അനിൽ സിങ് ചൂണ്ടിക്കാട്ടി.

നേരത്തെ, ​കോവിഡ് സ്ഥിരീകരിക്കുകയും ഗുരുതര ആരോ​ഗ്യ പ്രശ്നം നേരിടുകയും ചെയ്ത വരവര റാവുവിനെ മനുഷ്യാവകാശ സംഘടനകൾ ഇടപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് ഭേദമായതിനെ തുടർന്ന് ആ​ഗസ്റ്റ് 27ന് അദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് അയക്കുകയും ചെയ്തു.

ജയിലിൽ കഴിയുന്നവർക്ക് ആവശ്യമായ മെഡിക്കൽ സഹായങ്ങൾ സജ്ജീകരിക്കാമെന്ന എൻ.ഐ.എയുടെ വാദം അം​ഗീകരിക്കുകയായിരുന്നു ബോംബെ ഹെെക്കോടതി. നേരത്തെ സുധ ഭരദ്വാജിന്റെ ജാമ്യാപേക്ഷ എൻ.ഐ.എ പ്രത്യേക കോടതിയും തള്ളിയിരുന്നു. 2017 ഡിസംബർ 31ന് എൽ​ഗാർ പരിഷത്ത് സമ്മേളനത്തിൽ സുധ ഭരദ്വാജ് ഉൾപ്പടെയുള്ളവർ നടത്തിയ പ്രസം​ഗം ജനങ്ങളെ കലാപത്തിലേക്ക് ഇളക്കി വിട്ടു എന്നുള്ളതായിരുന്നു കേസ്.