LiveTV

Live

National

ഹൈക്കോടതികള്‍ സുപ്രീംകോടതിക്ക് വഴികാട്ടുന്നു; 'യുപിഎസ്‍സി ജിഹാദി'ലെ ഇടപെടലില്‍ ഡല്‍ഹി ഹൈക്കോടതിയെ പ്രശംസിച്ച് പ്രശാന്ത് ഭൂഷണ്‍

സുദര്‍ശന ന്യൂസിന്‍റെ വര്‍ഗീയ പരിപാടി സംപ്രേഷണം ചെയ്യുന്നത് വിലക്കിയ ഡല്‍ഹി ഹൈക്കോടതിയെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷണ്‍

ഹൈക്കോടതികള്‍ സുപ്രീംകോടതിക്ക് വഴികാട്ടുന്നു; 'യുപിഎസ്‍സി ജിഹാദി'ലെ ഇടപെടലില്‍ ഡല്‍ഹി ഹൈക്കോടതിയെ പ്രശംസിച്ച് പ്രശാന്ത് ഭൂഷണ്‍

സുദര്‍ശന ന്യൂസിന്‍റെ വിവാദ പരിപാടിയുടെ സംപ്രേഷണം സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതിയുടെ നടപടിയെ പ്രശംസിച്ച് പ്രശാന്ത് ഭൂഷണ്‍. സുദര്‍ശന ന്യൂസിന്‍റെ വര്‍ഗീയ പരിപാടി സംപ്രേഷണം ചെയ്യുന്നത് വിലക്കിയ ഡല്‍ഹി ഹൈക്കോടതിയെ അഭിനന്ദിക്കുന്നു. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നത് ഗുരുതരമായ കുറ്റമാണ്. ഹൈക്കോടതികള്‍ സുപ്രീംകോടതിക്ക് വഴി കാണിക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

ഐഎഎസ്, ഐപിഎസ് തസ്തികകളിലേക്ക് മുസ്‌ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് കാരണം 'യുപിഎസ്‌സി ജിഹാദാ'ണെന്ന വിദ്വേഷ പരാമര്‍ശമാണ് സുദര്‍ശന്‍ ന്യൂസ് നടത്തിയത്. ഈ അടുത്ത കാലത്തായി മുസ്‍ലിം ഐഎഎസ്, ഐപിഎസ് ഓഫിസര്‍മാരുടെ എണ്ണം പെട്ടെന്ന് വര്‍ധിച്ചത് എങ്ങനെയാണ്? ജാമിഅ ജിഹാദിലൂടെ ഇവരൊക്കെ ഉയര്‍ന്ന തസ്തികയിലെത്തിയാല്‍ രാജ്യത്തിന്‍റെ ഗതിയെന്താവും എന്നാണ് സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചവങ്കെയുടെ ചോദ്യം. ഈ വിഷയം ചര്‍ച്ച ചെയ്യുന്ന പരിപാടിയുടെ പ്രൊമോ സുരേഷ് ചവെങ്കെ പങ്കുവെച്ചതോടെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

വര്‍ഗീയ പരിപാടിക്കെതിരായ പരാതി ഡല്‍ഹി ഹൈക്കോടതിയിലുമെത്തി. ജാമിഅ വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്. പരിപാടിയുടെ സംപ്രേഷണം കോടതി സ്റ്റേ ചെയ്തു. സെപ്തംബര്‍ 7നാണ് ഇനി പെറ്റീഷന്‍ കോടതി പരിഗണിക്കുക. സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചവങ്കെക്കെതിരെ നടപടിയെടുക്കണമെന്ന് ബിഎസ്പി എംപി കന്‍വാര്‍ ഡാനിഷ് അലി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ചവങ്കെ രാജ്യത്തെ നിയമമാണ് ലംഘിച്ചതെന്ന് എംപി പ്രതികരിച്ചു. ഐപിഎസ് അസോസിയേഷനും പരിപാടിയെ അപലപിച്ചു. വര്‍ഗീയവും ഉത്തരവാദിത്തരഹിതവുമായ മാധ്യമ പ്രവര്‍ത്തനത്തിന് ഉദാഹരണമാണ് ഇതെന്നാണ് ഐപിഎസ് അസോസിയേഷന്‍റെ ട്വീറ്റ്.

എന്നാല്‍ പരിപാടി നേരത്തെ നിശ്ചയിച്ച പോലെ ഇന്നലെ രാത്രി 8 മണിക്ക് തന്നെ സംപ്രേഷണം ചെയ്യുമെന്നായിരുന്നു ചവങ്കെയുടെ ആദ്യ പ്രതികരണം. പിന്നീട് നിലപാട് മാറ്റി. പരിപാടി സംപ്രേഷണം ചെയ്തില്ല. ഹൈക്കോടതി ഉത്തരവിനെ മാനിക്കുന്നുവെന്നാണ് ചവങ്കെ പ്രതികരിച്ചത്.