LiveTV

Live

National

ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് അഞ്ചു നേതാക്കള്‍: നേതാക്കള്‍ക്കായി 'സുരക്ഷിത വീടൊരുക്കി' ജമ്മുകശ്മീര്‍ ബി.ജെ.പി നേതൃത്വം

ജീവനിലുള്ള കൊതിമൂലം ഒരുമാസത്തിനുള്ളില്‍ 16 പ്രവര്‍ത്തകരാണ് പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചത്. പലരും സോഷ്യല്‍മീഡിയയിലൂടെയാണ് തങ്ങളുടെ രാജിക്കാര്യം പുറത്തുവിട്ടത്.

ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് അഞ്ചു നേതാക്കള്‍: നേതാക്കള്‍ക്കായി 'സുരക്ഷിത വീടൊരുക്കി' ജമ്മുകശ്മീര്‍ ബി.ജെ.പി നേതൃത്വം

ബി.ജെ.പി നേതാക്കള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുന്നതിലുള്ള ആശങ്കയില്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രാദേശിക പഞ്ചായത്ത് അംഗങ്ങള്‍ക്കും സുരക്ഷിത താമസകേന്ദ്രങ്ങള്‍ ഒരുക്കി ജമ്മു കാശ്മീരിലെ ബി.ജെ.പി നേതൃത്വം. സംസ്ഥാനത്തെ വിവിധ ജില്ലകളിലായിട്ടാണ് ഈ താമസകേന്ദ്രങ്ങള്‍ തയ്യാറാക്കുന്നത്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി രാം മാധവിന്‍റെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് പ്രവര്‍ത്തര്‍ക്ക് സുരക്ഷയൊരുക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിച്ചത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയാണ് രാം മാധവ് കശ്മീരിലെത്തിയത്.

അഞ്ച് ബി.ജെ.പി നേതാക്കളാണ് ഭീകരരുടെ ആക്രമണത്തെ തുടര്‍ന്ന് ജൂലൈ മാസം മുതല്‍ ഇതുവരെയുള്ള കാലയളവിലായി ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ജീവനിലുള്ള ഭീതിമൂലം ചില പാര്‍ട്ടി പ്രവര്‍ത്തകരും ജനപ്രതിനിധികളും വരെ സംസ്ഥാനത്ത് രാജിഭീഷണി ഉയര്‍ത്തുകയും രാജി പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു.

കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ ബിജെപി നേതാവ് മരിച്ചു
Also Read

കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ ബിജെപി നേതാവ് മരിച്ചു

''ഞങ്ങളുടെ മിക്ക നേതാക്കളും പ്രവര്‍ത്തകരും ഇപ്പോള്‍തന്നെ സംരക്ഷണയിലാണ്. അതിനൊപ്പം ഞങ്ങളുടെ സര്‍പഞ്ച് അടക്കമുള്ള പ്രാദേശിക നേതാക്കളെയും സുരക്ഷിത താവളങ്ങളിലേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ്. ആ സുരക്ഷിത താവളങ്ങള്‍ ഒന്നുകില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളോ, അല്ലെങ്കില്‍ വാടകയ്ക്ക് എടുക്കുന്ന ഹോട്ടലുകളോ ആയിരിക്കു''മെന്ന് വ്യക്തമാക്കുന്നു പാര്‍ട്ടി വക്താവായ അല്‍ത്താഫ് താക്കൂര്‍. 200 പേരെ വീതം ഉള്‍ക്കൊള്ളുന്ന ഇത്തരത്തിലുള്ള രണ്ട് താമസകേന്ദ്രങ്ങളാണ് ഓരോ ജില്ലയിലും ഏറ്റെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു. ചില ജില്ലകളില്‍ നേതാക്കളെ മാറ്റിപാര്‍പ്പിക്കാനായി കണ്ട താത്കാലിക സൌകര്യങ്ങളെ ഇപ്പോള്‍ സ്ഥിരമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്‍റെയും സെക്യൂരിറ്റി ഏജന്‍സികളുടെയും സംരക്ഷണത്തിന് കീഴിലായിരിക്കും ഈ സുരക്ഷാകേന്ദ്രങ്ങളെന്നും അദ്ദേഹം പറഞ്ഞു.

1650 പാര്‍ട്ടി പ്രവര്‍ത്തകരെ തങ്ങളിങ്ങനെ വിവിധ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി മുതിര്‍ന്ന് നേതാവ് അശോക് കൌള്‍ പറഞ്ഞു. എന്നാല്‍ ഈ സുരക്ഷാകേന്ദ്രങ്ങളില്‍ മതിയായ സൌകര്യങ്ങളില്ലെന്നാരോപിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രവര്‍ത്തകര്‍ വീടുകളിലേക്ക് തിരിച്ചുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.

പക്ഷേ, തങ്ങളുടെ സുരക്ഷ മാത്രം മുന്‍നിര്‍ത്തി പാര്‍ട്ടി ഇത്തരമൊരു തീരുമാനമെടുത്തതില്‍ പ്രവര്‍ത്തകര്‍ അതൃപ്തരാണ്. പലരും കുട്ടികളെയും കുടുംബത്തെയും വിട്ട് മാറി നില്‍ക്കാന്‍ ഇനിയും തയ്യാറായിട്ടില്ല. തങ്ങള്‍ വീട്ടില്‍ നിന്ന് മാറിനിന്നാല്‍ വീട്ടിലുള്ളവര്‍ എങ്ങനെ സുരക്ഷിതരാകും, അവരെ ആരാണ് നോക്കുക എന്നാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന ചോദ്യം. കുടുംബത്തെ കൂടെ താമസിപ്പിക്കാനുള്ള സൌകര്യം പാര്‍ട്ടി നല്‍കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്.

സുരക്ഷ ഉറപ്പുവരുത്തേണ്ട 260ലധികം ഉന്നത നേതാക്കളുടെ ലിസ്റ്റ് പാര്‍ട്ടി നേതൃത്വം ജമ്മുകശ്മീര്‍ പൊലീസിന് അയച്ചുകൊടുത്തിട്ടുണ്ട്. ഇതില്‍ 70 ഓളം പേര്‍ക്ക് നിലവില്‍ സുരക്ഷ ഏര്‍പ്പെടുത്തിയും കഴിഞ്ഞു. ജമ്മുകശ്മീരില്‍ 71 സര്‍പഞ്ചുകളും 1267 പഞ്ചുകളും കൂടാതെ ഏകദേശം 7.5 ലക്ഷം ബി.ജെ.പി പ്രവര്‍ത്തകരുണ്ടെന്നാണ് താക്കൂര്‍ പറയുന്നത്.

സംസ്ഥാനത്തെ നിരവധി ബി.ജെ.പി നേതാക്കള്‍ക്ക് നേരെയാണ് ഒരു മാസത്തിനിടെ ആക്രമണമുണ്ടായത്. ഇതില്‍ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. ബന്ദിപോര ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായ വസീം ബാരി, പിതാവ് ബഷീര്‍ അഹമ്മദ് സുല്‍ത്താന്‍, സഹോദരന്‍ ഉമര്‍ സുല്‍ത്താന്‍ എന്നിവര്‍ക്ക് നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. ജൂലൈ എട്ടിനായിരുന്നു ഇത്. മറ്റൊരു ആക്രമണത്തില്‍ സര്‍പഞ്ചും ബി.ജെ.പി നേതാവുമായ സജ്ജാദ് അഹമ്മദ് ഖാണ്ഡെ, ബി.ജെ.പി ഒബിസി മോര്‍ച്ച നേതാവ് അബ്ദുള്‍ ഹമീദ് നജര്‍ എന്നിവരും കൊല്ലപ്പെട്ടു. സൗത്ത് കാശ്മീരിലെ ബി.ജെ.പി പഞ്ചായത്ത് അംഗമായ ആരിഫ് അഹമ്മദ് ഷാ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഒരു വനിതാ നേതാവ് ഉള്‍പ്പെടെ മറ്റ് മൂന്ന് നേതാക്കളും ഈ കാലയളവില്‍ ആക്രമണത്തിന് ഇരയായതായി ബി.ജെ.പി നേതൃത്വം പറയുന്നു. വീടിനുള്ളില്‍ വെച്ച് നടന്ന അക്രമത്തില്‍ നിന്ന് ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പാളിച്ചയുണ്ടാകുന്നതായി പാര്‍ട്ടിക്കുള്ളില്‍ നിന്ന് തുടര്‍ന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും കൊലപാതകവും പ്രവര്‍ത്തകര്‍ക്കിടയില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്. ഒരുമാസത്തിനുള്ളില്‍ 16 പ്രവര്‍ത്തകരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിപ്രഖ്യാപിച്ചത്. പലരും സോഷ്യല്‍മീഡിയയിലൂടെയാണ് തങ്ങളുടെ രാജിക്കാര്യം പുറത്തുവിട്ടത്. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചവര്‍ വെറും രാഷ്ട്രീയ തൊഴിലാളികള്‍ മാത്രമാണെന്നായിരുന്നു പാര്‍ട്ടി വക്താവായ അല്‍ത്താഫ് താക്കൂറിന്‍റെ പ്രതികരണം.