LiveTV

Live

National

പാർട്ടിയിൽ തെരഞ്ഞെടുപ്പ്​ നടന്നില്ലെങ്കിൽ​ കോൺഗ്രസ്​ 50 വർഷം കൂടി പ്രതിപക്ഷത്തിരിക്കുമെന്ന്​ ഗുലാം നബി ആസാദ്; പാര്‍ട്ടി വന്‍ തകര്‍ച്ചയിലെന്ന് കപില്‍ സിബല്‍

തെരഞ്ഞെടുപ്പ്​ നടത്തി 51 ശതമാനം വോട്ട്​ നേടുന്നവരെയാണ്​ ഭാരവാഹികളാക്കേണ്ടതെന്നും ഗുലാം നബി ആസാദ്. പാര്‍ട്ടിക്ക് മുഴുവന്‍ സമയ നേതൃത്വം അനിവാര്യമാണെന്ന് കപില്‍ സിബല്‍

പാർട്ടിയിൽ തെരഞ്ഞെടുപ്പ്​ നടന്നില്ലെങ്കിൽ​ കോൺഗ്രസ്​ 50 വർഷം കൂടി പ്രതിപക്ഷത്തിരിക്കുമെന്ന്​ ഗുലാം നബി ആസാദ്; പാര്‍ട്ടി വന്‍ തകര്‍ച്ചയിലെന്ന് കപില്‍ സിബല്‍

പാർട്ടിയിൽ തെരഞ്ഞെടുപ്പ്​ നടന്നില്ലെങ്കിൽ​ കോൺഗ്രസ്​ 50 വർഷം കൂടി പ്രതിപക്ഷത്തിരിക്കുമെന്ന്​ ഗുലാം നബി ആസാദ്​. പ്രവര്‍ത്തക സമിതി അംഗങ്ങളെ മുതല്‍ സംസ്ഥാന അധ്യക്ഷന്‍മാന്‍, ജില്ലാ പ്രസിഡന്‍റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരെ വരെ തെരഞ്ഞെടുപ്പ് നടത്തി തീരുമാനിക്കണമെന്നാണ് ഗുലാം നബി ആസാദ് പറയുന്നത്.

തെരഞ്ഞെടുപ്പ്​ നടത്തി 51 ശതമാനം വോട്ട്​ നേടുന്നവരെയാണ്​ ഭാരവാഹികളാക്കേണ്ടതെന്നും ഗുലാം നബി ആസാദ് പറയുന്നു. അങ്ങനെ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ഏറ്റവും കുറഞ്ഞത് 51 ശതമാനം പേരുടെ പിന്തുണയെങ്കിലും ആ നേതാവിന് ഉണ്ടാകും. അതിനാല്‍ ആത്മവിശ്വാസത്തോടെ പാര്‍ട്ടിയെ നയിക്കാനും തെരഞ്ഞെടുപ്പിനെ നേരിടാനും കഴിയുമെന്ന് അദ്ദേഹം വിശദമാക്കി.

ചരിത്രത്തില്‍ തന്നെ ഏറ്റവും തകര്‍ന്ന ഘട്ടത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ പറഞ്ഞു. പാര്‍ട്ടിക്ക് മുഴുവന്‍ സമയ നേതൃത്വം അനിവാര്യമാണ്. പാർട്ടിയിലെ എല്ലാ തലങ്ങളിലും തെരഞ്ഞെടുപ്പ് നടത്തണം. സോണിയാ ഗാന്ധിക്കയച്ച കത്ത് ആരെയും അവഹേളിക്കാൻ അല്ലെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ സമഗ്രമായ മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 പേരില്‍ ഉള്‍പ്പെട്ടവരാണ് ഗുലാം നബി ആസാദും കപില്‍ സിബലും. ഈ കത്ത് സംബന്ധിച്ച വിവാദം കോണ്‍ഗ്രസില്‍ പുകയുകയാണ്. പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആറ് മാസം വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് ഗുലാം നബി ആസാദ് ഇന്നലെ പറയുകയുണ്ടായി. പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടവർക്കെതിരെയല്ല പ്രവര്‍ത്തക സമിതിയില്‍ അപമര്യാദയായി പെരുമാറിയവർക്കെതിരെയാണ് നടപടി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.