LiveTV

Live

National

കോണ്‍ഗ്രസിലെ കത്ത് വിവാദം: നിലപാടിലുറച്ച് ഗുലാം നബി ആസാദ്, വിവാദം അവസാനിപ്പിക്കണമെന്ന് ശശി തരൂർ

പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടവർക്കെതിരെയല്ല പ്രവര്‍ത്തക സമിതിയില്‍ അപമര്യാദയായി പെരുമാറിയവർക്കെതിരെയാണ് നടപടി വേണ്ടതെന്ന് ഗുലാം നബി ആസാദ്

കോണ്‍ഗ്രസിലെ കത്ത് വിവാദം: നിലപാടിലുറച്ച് ഗുലാം നബി ആസാദ്, വിവാദം അവസാനിപ്പിക്കണമെന്ന് ശശി തരൂർ

കോണ്‍ഗ്രസില്‍ കത്ത് വിവാദം പുകയുന്നു. പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടവർക്കെതിരെയല്ല പ്രവര്‍ത്തക സമിതിയില്‍ അപമര്യാദയായി പെരുമാറിയവർക്കെതിരെയാണ് നടപടി വേണ്ടതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. അതേസമയം വിവാദങ്ങള്‍ അവസാനിപ്പിച്ച് പാർട്ടിയുടെ നന്മക്കായി ഒന്നിച്ച് നീങ്ങണമെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ട പാർട്ടിയെ ശക്തിപ്പെടുത്താന്‍ ഡിസിസി മുതല്‍ പ്രവര്‍ത്തക സമിതി വരെ തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടവർക്കെതിരെ നടപടി എന്തിന് എന്നാണ് ഗുലാം നബി ആസാദിന്റെ ചോദ്യം. കത്തിലെ ആവശ്യങ്ങള്‍ രഹസ്യമായിരുന്നില്ലെന്നും ഗുലാം നബി ആസാദ് പറയുന്നു. രാഹുല്‍ ഗാന്ധി കത്തുമായി ബന്ധപ്പെട്ട് ആദ്യം അതൃപ്തി പ്രകടിപ്പിച്ചെങ്കിലും പിന്നീട് സോണിയാ ഗാന്ധിക്കൊപ്പം ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്താമെന്ന് അറിയിച്ചിരുന്നു. കോവിഡ് മൂലമാണ് തീരുമാനം മാറ്റിയത് എന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

വിഷയം പരിശോധിക്കാമെന്ന് അധ്യക്ഷ പറഞ്ഞതിനാല്‍ ചർച്ചകള്‍ അവസാനിപ്പിച്ച് പാർട്ടിയുടെ നന്മക്കായി ഒന്നിച്ച് നീങ്ങാം എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

കത്തിലൊപ്പിട്ട ജിതിന്‍ പ്രസാദയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുപി - ലഖിംപൂർ ഖേരി ജില്ലാ കമ്മറ്റി പ്രമേയം പാസാക്കിയതോടെയാണ് ചർച്ചക്ക് ചൂടേറിയത്. പ്രവര്‍ത്തക സമിതിയില്‍ അംബിക സോണി, മല്ലികാർജുന്‍ ഖാർഗെ തുടങ്ങിയവരാണ് കത്തില്‍ ഒപ്പിട്ടവരെ എതിർത്തത്.