LiveTV

Live

National

സ്കൂളില്‍ പോയിട്ടില്ല, ദുരിത ജീവിതം; ഇപ്പോള്‍ 1.5 മില്യണ്‍ കാഴ്ചക്കാരുമായി യു ട്യൂബില്‍ താരമാണ് ഈ മുത്തശ്ശി

കുടുംബം പുലര്‍ത്തിക്കൊണ്ടുപോകാന്‍ ബീഡിപ്പണിക്കും വീട്ടുപണിക്കുമെല്ലാം പോകുമായിരുന്നു ഗംഗവ

സ്കൂളില്‍ പോയിട്ടില്ല, ദുരിത ജീവിതം; ഇപ്പോള്‍ 1.5 മില്യണ്‍ കാഴ്ചക്കാരുമായി യു ട്യൂബില്‍ താരമാണ് ഈ മുത്തശ്ശി

ജീവിതത്തിലെ ദുരിതങ്ങളും കഷ്ടപ്പാടുകളും ചിലരെ ശക്തരാക്കുമെന്ന് കേട്ടിട്ടില്ലേ. പ്രതിസന്ധികളില്‍ തളര്‍ന്നുപോകാതെ അതിനെതിരെ പോരാടിയവരാണ് ജീവിതത്തില്‍ എന്നും വിജയിച്ചിട്ടുള്ളത്. അത്തരമൊരു കഥയാണ് തെലങ്കാനയിലെ ലംബാഡിപ്പള്ളി എന്ന കുഗ്രാമത്തില്‍ നിന്നുള്ള ഗംഗവ മില്‍ക്കുറി എന്ന മുത്തശ്ശിക്ക് പറയാനുള്ളത്. വെല്ലുവിളികളെ സധൈര്യം നേരിടുക മാത്രമല്ല, യു ട്യൂബിലെ താരമായി മാറുകയും കൂടി ചെയ്തു ഗംഗവ. മരുമകന്‍ തുടങ്ങിയ മൈ വില്ലേജ് ഷോ(My Village Show) എന്ന യു ട്യൂബ് ചാനല്‍ 1.5 മില്യണ്‍ കാഴ്ചക്കാരുമായി ആരാധകരെ കൂട്ടിക്കൊണ്ടിരിക്കുകയാണ്.

സ്കൂളില്‍ പോയിട്ടില്ല, ദുരിത ജീവിതം; ഇപ്പോള്‍ 1.5 മില്യണ്‍ കാഴ്ചക്കാരുമായി യു ട്യൂബില്‍ താരമാണ് ഈ മുത്തശ്ശി

മദ്യപാനിയായ ഭര്‍ത്താവ്, മൂന്ന് കുട്ടികളടങ്ങുന്ന കുടുംബം..ശരിക്കും ദുരിതപൂര്‍ണ്ണമായിരുന്നു ഗംഗവയുടെ ജീവിതം. കുടുംബം പുലര്‍ത്തിക്കൊണ്ടുപോകാന്‍ ബീഡിപ്പണിക്കും വീട്ടുപണിക്കുമെല്ലാം പോകുമായിരുന്നു ഗംഗവ. ഒന്നാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തിയ ഗംഗവക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ല. രണ്ട് പെണ്‍മക്കളും മകനുമടങ്ങുന്ന കുടുംബത്തെ പോറ്റാനായി താന്‍ വളരെയധികം കഷ്ടപ്പെട്ടതായി ഗംഗവ പറയുന്നു. എന്നാല്‍ യു ട്യൂബ് ചാനല്‍ തുടങ്ങിയതോടെ ഗംഗവയുടെ ജീവിതം മാറിമറിയുകയായിരുന്നു.

സ്കൂളില്‍ പോയിട്ടില്ല, ദുരിത ജീവിതം; ഇപ്പോള്‍ 1.5 മില്യണ്‍ കാഴ്ചക്കാരുമായി യു ട്യൂബില്‍ താരമാണ് ഈ മുത്തശ്ശി

മരുമകനും സംവിധായകനുമായ ശ്രീകാന്ത് ശ്രീറാമാണ് ഗംഗവയുടെ തലവര മാറ്റിയെഴുതിയത്. 2012ലാണ് മൈ വില്ലേജ് ഷോ എന്ന യു ട്യൂപ് ചാനല് ശ്രീറാം തുടങ്ങുന്നത്. എഴുത്തുകാരന്‍, എഡിറ്റര്‍, ക്യാമറമാന്‍ എന്നിവരടങ്ങുന്ന ഒന്‍പതംഗ ടീമാണ് ചാനലിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഗ്രാമീണ കാഴ്ചകളെയും സംസ്കാരത്തെയും ഹാസ്യാത്മകമായ രീതിയില്‍ അവതരിപ്പിക്കുകയാണ് മൈ വില്ലേജ് ഷോ എന്ന ചാനലില്‍.

യു ട്യൂബ് ചാനലില്‍ അഭിനയിക്കുന്നതിന് മുന്‍പ് യു ട്യൂബിനെക്കുറിച്ചോ സോഷ്യല്‍ മീ‍ഡിയയെക്കുറിച്ചോ ഒരറിവും ഗംഗവക്ക് ഉണ്ടായിരുന്നില്ല. ചാനലിന് വേണ്ടി ഗ്രാമത്തിലെ ചെടികളുടെയും മരങ്ങളുടെയുമെല്ലാം വീഡിയോ എടുക്കുമായിരുന്നു. എന്തിനാണ് ഈ കുട്ടി വീഡിയോ എടുത്ത് സമയം കളയുന്നതെന്ന് അന്ന് ഞാന്‍ ചിന്തിക്കുമായിരുന്നു. എന്നാല്‍ അതെന്‍റെ ജീവിതം മാറ്റിമറിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് ഗംഗവ പറയുന്നു.

സ്കൂളില്‍ പോയിട്ടില്ല, ദുരിത ജീവിതം; ഇപ്പോള്‍ 1.5 മില്യണ്‍ കാഴ്ചക്കാരുമായി യു ട്യൂബില്‍ താരമാണ് ഈ മുത്തശ്ശി

വളരെ ലളിതമായ രീതിയില്‍ ഒരു നാട്ടിന്‍പുറത്തുകാരിയുടെ അതേ നിഷ്ക്കളങ്കതയിലാണ് ഗംഗവ വീഡിയോ അവതരിപ്പിക്കുന്നതെന്ന് ശ്രീകാന്ത് പറയുന്നു. അതുതന്നെയാണ് ആളുകള്‍ക്ക് വേണ്ടത്. ടീമംഗങ്ങള്‍ എങ്ങിനെയാണ് ചെയ്യേണ്ടതെന്ന് ഗംഗവയോട് വിശദീകരിക്കാറുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അവരുടേതായ രീതിയിലാണ് ഗംഗവ ചാനലില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ശ്രീകാന്ത് പറയുന്നു.

ഞാനൊരു വൃദ്ധയാണ്, എന്‍റെ സംസാരരീതി ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത് ..ഗംഗവ പറയുന്നു. മാതൃഭാഷയായ തെലുങ്കിലാണ് ഗംഗവ വീഡിയോയില്‍ സംസാരിക്കുന്നത്. 41,000 ഫോളോവേഴ്സുള്ള ഒരു ഇന്‍സ്റ്റഗ്രാം അക്കൌണ്ടും ഗംഗവക്കുണ്ട്. ഗംഗവയുടെ പ്രശസ്തി അവരെ സിനിമയിലേക്കും എത്തിച്ചു. രണ്ട് തെലുങ്ക് സിനിമകളിലും ഇതിനോടകം മുത്തശ്ശി അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കാന്‍ ഇഷ്ടമുള്ള ഗംഗവക്ക് തുടര്‍ന്നും സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്.

ചാനലിലൂടെ വരുമാനം ലഭിക്കാന്‍ തുടങ്ങിയതോടെ ഗംഗവയുടെ കഷ്ടപ്പാടും മാറി. നല്ലൊരു വീട് നിര്‍മ്മിക്കുകയാണ് ഗംഗവയും ഏറ്റവും വലിയ ആഗ്രഹം. ചാനല്‍ കത്തിക്കയറിയതോടെ ഗ്രാമത്തിലെയും താരമാണ് മുത്തശ്ശി . തന്നെ കാണാനെത്തുന്നവരുടെ കൂടെ സെല്‍ഫിയെടുത്തും അഭിമുഖം നല്‍കിയും ആകെ തിരക്കിലാണ് ഗംഗവ. മഹേഷ് ബാബു, വിജയ് ദേവരക്കൊണ്ട തുടങ്ങിയ താരങ്ങളും ഗംഗവയെ സന്ദര്‍ശിച്ചിരുന്നു.