LiveTV

Live

National

നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഗ്രേറ്റ തുന്‍ബര്‍ഗും

പരീക്ഷയുമായി മുന്നോട്ടുപോകുമെന്നാണ് കേന്ദ്ര സർക്കാരിന്റെയും പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ദേശീയ പരീക്ഷ ഏജൻസിയുടേയും മെഡിക്കൽ കൗൺസിൽ, യു.ജി.സി തുടങ്ങിയവരുടേയും നിലപാട്

നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഗ്രേറ്റ തുന്‍ബര്‍ഗും

ഇന്ത്യയില്‍ നീറ്റ്, ജെഇഇ പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗും.

കോടിക്കണക്കിന് ജനങ്ങളെ മഹാമാരിയും പ്രളയവും ബാധിച്ചിരിക്കുന്ന കാലത്ത് വിദ്യാര്‍ഥികളോട് പരീക്ഷയ്‌ക്കെത്താന്‍ പറയുന്നത് ന്യായമല്ല. പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കാനുള്ള പ്രതിഷേധങ്ങളില്‍ താനും പങ്കുചേരുന്നുവെന്ന് ഗ്രേറ്റ ട്വീറ്റ് ചെയ്തു.

കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുന്ന 16 വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗ് സ്വീഡനില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകയാണ്.

കൊവിഡ് പശ്ചാത്തലത്തിൽ സെപ്തംബറിൽ നടക്കുന്ന ജെ.ഇ.ഇ, നീറ്റ് അടക്കമുള്ള പരീക്ഷകൾ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഞായാറാഴ്ച 4,000ത്തോളം വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ നിരാഹാര സമരം നടത്തി. പരീക്ഷ നീട്ടിവയ്ക്കണം എന്ന ഹാ‌ഷ്‌ടാഗിൽ ട്വിറ്റർ അടക്കമുള്ള സാമൂഹ്യമാദ്ധ്യമങ്ങളിൽ സമരത്തിന്റെ ഫോട്ടോ പങ്കുവച്ചു.

വിദ്യാർത്ഥികളുടെ മൻ കി ബാത്ത് കേൾക്കാൻ സർക്കാർ തയാറാകണമെന്നും വിദ്യാർത്ഥികളുടെ ആരോഗ്യം കണക്കിലെടുത്ത് പരീക്ഷകൾ മാറ്റിവയ്ക്കാൻ കേന്ദ്രം തയ്യാറാവണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.

പ്രവേശന പരീക്ഷ ഇപ്പോള്‍ നടത്തുന്നത് ഏറെ അപകടം ക്ഷണിച്ചുവരുത്തുന്നതാകുമെന്ന് മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി, നവീന്‍ പട്‌നായിക്, ഉദ്ധവ് താക്കറെ എന്നിവര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവെക്കുന്നതാകും ഉചിതമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, ബിഎസ്പി അധ്യക്ഷ മായാവതി തുടങ്ങിയവരും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയവും ഉദ്യോഗസ്ഥ തലത്തിലുമുള്ള തീരുമാനം കുട്ടികളുടെ ജീവന്‍ പന്താടുന്നതിന് തുല്യമാണെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്‌റിയാലിന് അയച്ച കത്തില്‍ അഭിപ്രായപ്പെട്ടു.

അതേസമയം, പരീക്ഷയുമായി മുന്നോട്ടുപോകുമെന്നാണ് കേന്ദ്ര സർക്കാരിന്റെയും പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ദേശീയ പരീക്ഷ ഏജൻസിയുടേയും മെഡിക്കൽ കൗൺസിൽ, യു.ജി.സി തുടങ്ങിയവരുടേയും നിലപാട്.