LiveTV

Live

National

"ഗുലാം നബി ആസാദിന് ബി.ജെ.പി ബന്ധം"; കാവ്യനീതിയെന്ന് പരിഹസിച്ച് ഉവൈസി

ഇപ്പോൾ അദ്ദേഹത്തിനെതിരേയും സമാനമായ ആരോപണമുയർന്നിരിക്കുകയാണ്

"ഗുലാം നബി ആസാദിന് ബി.ജെ.പി ബന്ധം"; കാവ്യനീതിയെന്ന് പരിഹസിച്ച് ഉവൈസി

കോൺഗ്രസിലെ കത്ത് വിവാദത്തിൽ ബി.ജെപി. ബന്ധമെന്ന ആരോപണം തെളിയിക്കപ്പെട്ടാൽ രാജിവയ്ക്കുമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രസ്താവന കാവ്യനീതിയെന്ന് എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീൻ ഒവൈസി.

തനിക്കെതിരേ മുമ്പ് ബി.ജെ.പി. ബന്ധം ആരോപിച്ചയാളാണ് ഗുലാം നബി ആസാദ്. ഇപ്പോൾ അദ്ദേഹത്തിനെതിരേയും സമാനമായ ആരോപണമുയർന്നിരിക്കുകയാണ്. ഇത് കാവ്യനീതിയാണെന്നും ഒവൈസി ട്വീറ്ററിലൂടെ പരിഹസിച്ചു.

"കാവ്യനീതി: ഗുലാം നബി സാഹിബ്... ​ ഇതുതന്നെയാണ് നിങ്ങള്‍ എനിക്കെതിരെയും ആരോപിച്ചത്. ഇപ്പോൾ നിങ്ങൾക്കും അതേ ആരോപണമാണുയർന്നത്​. ഇതിന്​ 45 വർഷത്തെ അടിമത്തം വേണ്ടിവന്നു. ബ്രാഹ്മണിക്കൽ നേതൃത്വത്തെ എതിർക്കുന്ന ആരെയും ബി-ടീം എന്ന് മുദ്രകുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസിനോടുള്ള വിശ്വസ്തതയുടെ വില മുസ്‍ലിംകള്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാവുമെന്ന്​ വിശ്വസിക്കുന്നു -ഉവൈസി ട്വീറ്റ് ചെയ്തു.

കോൺഗ്രസ്​ നേതൃമാറ്റം ആവശ്യപ്പെട്ട്​ 20 ലധികം മുതിർന്ന കോൺഗ്രസ്​ നേതാക്കൾ കത്തയച്ചതിനെ രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. കത്തെഴുതിയവർക്ക് പിന്നിൽ ബി.ജെ.പിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ബി.ജെ.പിയുമായി ബന്ധമുള്ളവരാ​ണ്​ കത്ത്​ പുറത്തായതിന്​ പിന്നിലെന്ന രാഹുലിന്റെ വിമർശനത്തിന്​ ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നാണ് ഇത്തരമൊരു കത്തയച്ചതെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ ആരെങ്കിലും അത്തരത്തില്‍ കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറാണ് എന്നായിരുന്നു ഗുലാം നബി ആസാദ് പറഞ്ഞത്.