LiveTV

Live

National

രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കാനാണോ തീരുമാനമെന്ന് ശശി തരൂര്‍; മാറ്റിനിര്‍ത്തല്‍ എത്ര നാള്‍ സഹിക്കണമെന്ന് കനിമൊഴി

ഹിന്ദി അറിയില്ലെങ്കില്‍ പുറത്തുപോകാമെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരോട് ആയുഷ് സെക്രട്ടറി പറഞ്ഞതിനോടാണ് പ്രതികരണം

രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കാനാണോ തീരുമാനമെന്ന് ശശി തരൂര്‍; മാറ്റിനിര്‍ത്തല്‍ എത്ര നാള്‍ സഹിക്കണമെന്ന് കനിമൊഴി

രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കാന്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന തുക്‌ഡെ-തുക്‌ഡെ ഗ്യാങ് തീരുമാനിച്ചിട്ടുണ്ടോ എന്ന് ശശി തരൂര്‍ എംപി. ഹിന്ദി അറിയില്ലെങ്കില്‍ പുറത്തുപോകാമെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരോട് ആയുഷ് സെക്രട്ടറി പറഞ്ഞ സംഭവത്തിലാണ് ശശി തരൂരിന്‍റെ പ്രതികരണം.

തന്‍റെ ഹിന്ദി മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ വെബിനാറില്‍ നിന്ന് പുറത്തുപോകാന്‍ ഒരു ഗവണ്‍മെന്റ് സെക്രട്ടറി പറയുന്നത് അസാധാരണമായ സംഭവമാണെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. കേന്ദ്ര സര്‍ക്കാരിന് എന്തെങ്കിലും മാന്യത ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അദ്ദേഹത്തെ മാറ്റി തമിഴ്നാട് സ്വദേശിയായ ഒരാളെ നിയമിക്കണം. ഇന്ത്യയുടെ ഐക്യം നശിപ്പിക്കാന്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന തുക്‌ഡെ-തുക്‌ഡെ ഗ്യാങ് തീരുമാനിച്ചിട്ടുണ്ടോ എന്നും ശശി തരൂര്‍ ചോദിച്ചു.

യോഗ, പ്രകൃതി ചികിത്സ ഡോക്ടര്‍മാരുടെ ത്രിദിന സെമിനാറിലാണ് വിവാദമായ സംഭവമുണ്ടായത്. ആഗസ്ത് 18 മുതല്‍ 20 വരെയായിരുന്നു ത്രിദിന വെബിനാര്‍. 350 ഡോക്ടര്‍മാര്‍ പങ്കെടുത്ത വെബിനാറില്‍ 37 പേര്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരായിരുന്നു. മിക്കവാറും സെഷനുകള്‍ ഹിന്ദിയിലായിരുന്നു. അതുകൊണ്ടുതന്നെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് തമിഴ്നാട് സ്വദേശികളായ ഡോക്ടര്‍മാര്‍ പറഞ്ഞു.

മൂന്നാമത്തെ ദിവസമായിരുന്നു ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചയുടെ പ്രഭാഷണം. അദ്ദേഹവും ഹിന്ദിയില്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ മനസ്സിലാകുന്നില്ല, ഇംഗ്ലീഷില്‍ സംസാരിക്കാമോ എന്ന് ഡോക്ടര്‍മാര്‍ ചോദിച്ചു. താന്‍ ഹിന്ദിയിലേ സംസാരിക്കൂ എന്നും താത്പര്യമില്ലാത്തവര്‍ക്ക് പുറത്തുപോകാമെന്നും ആയുഷ് സെക്രട്ടറി പറഞ്ഞു. തനിക്ക് ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും ആയുഷ് സെക്രട്ടറി പറഞ്ഞെന്ന് ഡോക്ടര്‍മാര്‍ വിശദമാക്കി.

ഹിന്ദി അടിച്ചേല്‍പിക്കുന്നത് അപലപനീയമാണെന്ന് കനിമൊഴി എംപി പ്രതികരിച്ചു. ആയുഷ് സെക്രട്ടറിയുടെ പ്രസ്താവന ഹിന്ദി ആധിപത്യം അടിച്ചേല്‍പ്പിക്കുന്നതിന്റെ വ്യാപ്തി എത്രയെന്ന് വ്യക്തമാക്കുന്നു. ഹിന്ദി ഇതര ഭാഷ സംസാരിക്കുന്നവരെ ഒഴിവാക്കി നിര്‍ത്തുന്ന ഈ സമീപനം എത്ര നാള്‍ സഹിക്കണം? രാജേഷ് കൊട്ടെച്ചയെ എത്രയും പെട്ടെന്ന് സസ്പെന്‍ഡ് ചെയ്യണമെന്നും കനിമൊഴി ആവശ്യപ്പെട്ടു.