LiveTV

Live

National

'ഹിന്ദി അറിയില്ലേ? പുറത്തുപോകാം': തമിഴ്നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരോട് ആയുഷ് സെക്രട്ടറി

മിക്കവാറും സെഷനുകള്‍ ഹിന്ദിയിലായിരുന്നു. അതുകൊണ്ടുതന്നെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് തമിഴ്നാട് സ്വദേശികളായ ഡോക്ടര്‍മാര്‍

'ഹിന്ദി അറിയില്ലേ? പുറത്തുപോകാം': തമിഴ്നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരോട് ആയുഷ് സെക്രട്ടറി

ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ വിവാദം വീണ്ടും. തമിഴ്നാട്ടില്‍ നിന്നുള്ള യോഗ, പ്രകൃതി ചികിത്സ ഡോക്ടര്‍മാരോട് ഹിന്ദി അറിയാത്തതിന്റെ പേരില്‍ വെബിനാറില്‍ നിന്നും പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചയാണ് ഡോക്ടര്‍മാരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്.

ആഗസ്ത് 18 മുതല്‍ 20 വരെയായിരുന്നു ത്രിദിന സെമിനാര്‍. 350 ഡോക്ടര്‍മാര്‍ പങ്കെടുത്ത വെബിനാറില്‍ 37 പേര്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരായിരുന്നു. മിക്കവാറും സെഷനുകള്‍ ഹിന്ദിയിലായിരുന്നു. അതുകൊണ്ടുതന്നെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് തമിഴ്നാട് സ്വദേശികളായ ഡോക്ടര്‍മാര്‍ പറയുന്നു.

മൂന്നാമത്തെ ദിവസമായിരുന്നു ആയുഷ് സെക്രട്ടറിയുടെ പ്രഭാഷണം. അദ്ദേഹവും ഹിന്ദിയില്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ മനസ്സിലാകുന്നില്ല, ഇംഗ്ലീഷില്‍ സംസാരിക്കാമോ എന്ന് ഡോക്ടര്‍മാര്‍ ചോദിച്ചു. താന്‍ ഹിന്ദിയിലേ സംസാരിക്കൂ എന്നും താത്പര്യമില്ലാത്തവര്‍ക്ക് പുറത്തുപോകാമെന്നും ആയുഷ് സെക്രട്ടറി പറഞ്ഞു. തനിക്ക് ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും ആയുഷ് സെക്രട്ടറി പറഞ്ഞെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

തങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്ത ഭാഷയില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചിട്ട് എന്തു കാര്യമെന്നാണ് ഡോക്ടര്‍മാര്‍ ചോദിക്കുന്നത്. ആയുഷ് മന്ത്രാലയം വിവാദത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണ് ഇതെല്ലാമെന്നാണ് ഉയരുന്നു വിമര്‍ശനം. വിമാനത്താവളത്തില്‍വെച്ച് ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ ജീവനക്കാര്‍ അധിക്ഷേപിച്ച് സംസാരിച്ചെന്ന് കനിമൊഴി വെളിപ്പെടുത്തുകയുണ്ടായി.