LiveTV

Live

National

'അവരെ ബലിയാടുകളാക്കി'- തബ്‌ലീഗ് സമ്മേളനത്തിനെത്തിയ വിദേശികൾക്കെതിരായ എഫ്‌.ഐ.ആർ റദ്ദാക്കി

കേസിൽ ഏഴ് ഇന്ത്യക്കാർക്കെതിരെയും കേസെടുത്തിരുന്നു. ഇവർക്കെതിരായ എഫ്.ഐ.ആറും കോടതി റദ്ദാക്കി

'അവരെ ബലിയാടുകളാക്കി'- തബ്‌ലീഗ് സമ്മേളനത്തിനെത്തിയ വിദേശികൾക്കെതിരായ എഫ്‌.ഐ.ആർ റദ്ദാക്കി

ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ്​ ജമാഅത്ത്​ സമ്മേളനത്തിൽ പങ്കെടുത്ത 29 വിദേശികൾക്കെതിരെ ​കേസെടുത്ത പൊലീസ്​ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബോംബെ ഹൈകോടതി. വിദേശികള്‍ക്കെതിരെ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ റദ്ദാക്കിയ ഹൈകോടതി സർക്കാറും മാധ്യമങ്ങളും തബ്​ലീഗുകാരെ വേട്ടയാടുകയായിരുന്നുവെന്ന്​ വിമർശിച്ചു. കേസെടുത്ത ഏഴ് ഇന്ത്യക്കാർക്കെതിരെയുള്ള എഫ്.ഐ.ആറും കോടതി റദ്ദാക്കി. വിഷയത്തിൽ സർക്കാരിനെതിരേ രൂക്ഷമായ വിമർശനമാണ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ, പകർച്ചവ്യാധി നിയന്ത്രണ നിയമം, മഹാരാഷ്ട്ര പൊലീസ് ആക്ട്, ദുരന്ത നിവാരണ നിയമം, ഫോറിനേഴ്‌സ് നിയമം, വിസ ചട്ട ലംഘനം എന്നിവയിലെ പല വകുപ്പുകളും ചുമത്തിയാണ് 29 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

മഹാമാരികളും, പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ രാഷ്ട്രീയ ഭരണകൂടങ്ങള്‍ ഇത്തരത്തില്‍ ബലിയാടുകളെ സൃഷ്ടിക്കാറുണ്ടെന്നും, സാഹചര്യംവെച്ചു നോക്കുമ്പോള്‍ ഇവിടെ വിദേശികളെയാണ്​ ബലിയാടുകൾ ആക്കിയതെന്നും കോടതി വിമർശിച്ചു.

ഇറാൻ, ഐവറി കോസ്റ്റ്, ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർ. ഇന്ത്യൻ സർക്കാർ നൽകിയ സാധുവായ വിസയിലൂടെയാണ് തങ്ങൾ ഇന്ത്യയിലെത്തിയതെന്ന് പരാതിക്കാർ കോടതിയെ ബോധിപ്പിച്ചു. ഇന്ത്യൻ സംസ്‌കാരം, പാരമ്പര്യം, ആതിഥ്യ മര്യാദ, ഇന്ത്യൻ ഭക്ഷണം എന്നിവ അനുഭവിച്ചറിയാനാണ് തങ്ങൾ വന്നത്. നടപടിക്രമങ്ങൾക്കനുസൃതമായി വിമാനത്താവളത്തിൽ പരിശോധന നടത്തിയിരുന്നു. താമസം സംബന്ധിച്ച് പ്രാദേശിക അധികാരികളെ അറിയിച്ചിരുന്നു. മതപരമായ ചടങ്ങുകൾ അനുഷ്ഠിക്കാനാണ് അല്ലാതെ, മതം പ്രചരിപ്പിക്കാനല്ല വന്നതെന്നും അവർ പറഞ്ഞു.

ഇന്തോനേഷ്യ, ഘാന, ടാന്‍സാനിയ, ഐവറി കോസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശികള്‍ സമര്‍പ്പിച്ച മൂന്ന് പ്രത്യേക ഹരജികളാണ് കോടതി പരിഗണിച്ചത്. ജസ്​റ്റിസ്​ ടി.വി. നൽവാഡെ, ജസ്​റ്റിസ്​ എം.ജി. സീവ്​ലിക്കർ എന്നിവരടങ്ങിയ ഔറംഗാബാദ്​ ബെഞ്ചാണ്​ കേസ്​ പരിഗണിച്ചത്​.

ഡല്‍ഹി നിസാമുദ്ദിന്‍ മര്‍ക്കസില്‍ എത്തിയ വിദേശികളാണ്​ ഇന്ത്യയിൽ കോവിഡ്​ വ്യാപനത്തിന്​ കാരണമായതെന്ന്​ വരുത്തി തീർക്കാനുള്ള ​​ശ്രമം നടന്നു. ഇവർക്കെതിരെ അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും സംഘടിതമായി ഇത്തരത്തിലുള്ള പ്രചരണം നടത്തിയെന്നും കോടതി നിരീക്ഷിച്ചു. വിദേശി തബ്​ലീഗുകള്‍ക്കെതിരെ നടന്നത് വേട്ടയാടലായിരുന്നെന്നും കോടതി വിമർശിച്ചു.

ഡൽഹിയിലെ തബ്‌ലീഗ് ജമാഅത്ത് സഭ നടന്നതിന് ശേഷം കേന്ദ്രം പുറപ്പെടുവിച്ച വിവിധ സർക്കുലറുകളും മാർ ഗനിർദേശങ്ങളും കോടതി പരാമർശിച്ചു. വിദേശികൾ മത സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും മത പ്രഭാഷണങ്ങളിൽ പങ്കെടുക്കുന്നത് പോലുള്ള സാധാരണ മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിനും യാതൊരു നിയന്ത്രണവുമില്ലെന്നും നിരീക്ഷിച്ചു.