LiveTV

Live

National

ഈ സര്‍ക്കാര്‍ നുണ പറയാത്ത ഒരു ദിവസവുമില്ല, സത്യസന്ധനാകൂ: മോദിയോട് ഫാറൂഖ് അബ്ദുല്ല

കശ്​മീരില്‍ അസാധാരണ നീക്കം നടക്കുന്നതിന്​ ഒരു ദിവസം മുമ്പ്​ താൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ഫാറൂഖ് അബ്ദുല്ല

ഈ സര്‍ക്കാര്‍ നുണ പറയാത്ത ഒരു ദിവസവുമില്ല, സത്യസന്ധനാകൂ: മോദിയോട് ഫാറൂഖ് അബ്ദുല്ല

മോദി സര്‍ക്കാരിനെ വിശ്വാസിക്കാനാവില്ലെന്നും ഇവര്‍ കള്ളം പറയാത്ത ഒരു ദിവസവുമില്ലെന്നും നാഷണല്‍ കോണ്‍ഫ്രന്‍സ് എംപി ഫാറൂഖ് അബ്ദുല്ല. ഇത് ഗാന്ധിജിയുടെ ഇന്ത്യയല്ല. തടങ്കലിൽ നിന്നുള്ള മോചനത്തിന്​ ശേഷം ആദ്യമായി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫാറൂഖ് അബ്ദുല്ലയുടെ പ്രതികരണം.

കശ്​മീരില്‍ പ്രത്യേക പദവി നീക്കിക്കൊണ്ടുള്ള അസാധാരണ നീക്കം നടക്കുന്നതിന്​ ഒരു ദിവസം മുമ്പ്​ താൻ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ഫാറൂഖ് അബ്ദുല്ല വെളിപ്പെടുത്തി. മോദി ഒരു സൂചനയും നൽകിയില്ല. ധാരാളം സൈനികരെ കശ്​മീരില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിന്‍റെ ആവശ്യമെന്തെന്ന് താന്‍ ചോദിച്ചു. വിനോദസഞ്ചാരികളെ കശ്മീരിൽ നിന്ന്​പുറത്താക്കുന്നുണ്ടായിരുന്നു. അമർനാഥ്​ തീർഥാടനം മാറ്റിവച്ചു. ഇതെല്ലാം വിചിത്രമായിരുന്നു. പാകിസ്ഥാനുമായി യുദ്ധമോ മറ്റോ ഉണ്ടോയെന്ന് തോന്നി. പക്ഷേ ചോദ്യത്തിന് അന്ന് പ്രധാനമന്ത്രി മറുപടി നല്‍കിയില്ല. എന്നാല്‍ മറ്റ് ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞു. അതിപ്പോൾ പുറത്തുപറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ എന്താണ് മോദിയോട് പറയാനാഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ വസ്തുതകള്‍ ശരിയായി മനസ്സിലാക്കണമെന്നും സത്യസന്ധനാവണമെന്നുമാണ് തനിക്ക് മോദിയോട് വിനയപൂര്‍വം അപേക്ഷിക്കാനുള്ളതെന്ന് ഫാറൂഖ് അബ്ദുല്ല മറുപടി നല്‍കി.

83കാരനായ അബ്​ദുല്ലയെ മാർച്ചിലാണ്​ തടങ്കലിൽ നിന്ന്​ മോചിപ്പിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 5ന്​ മകൻ ഒമർ അബ്ദുല്ല, പിഡിപി നേതാവ്​ മെഹ്ബൂബ മുഫ്തി എന്നിവരുൾപ്പെടെ നിരവധി നേതാക്കളോടൊപ്പം ഫാറൂഖ് അബ്ദുല്ലയെയും തടങ്കലിലാക്കുകയായിരുന്നു. രാജ്യത്തോടൊപ്പം നില്‍ക്കുന്നവരാണ് ഞങ്ങള്‍. എന്നിട്ടും തടവിലാക്കിയത് വിചിത്രമായി തോന്നി. തടവിലായതോടെ നേത്രരോഗ വിദഗ്ധനെ കാണാന്‍ പോലും അപേക്ഷിക്കേണ്ടിവന്നു. ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവാങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.