LiveTV

Live

National

കപില്‍ മിശ്ര അതിഥി; ഡല്‍ഹി കലാപത്തെ കുറിച്ച പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ നിന്ന് പിൻമാറിയതായി ബ്ലൂംസ്ബെറി

രചയിതാവ് മോണിക്കാ അറോറ സംഘടിപ്പിച്ച പരിപാടിയില്‍ കലാപത്തില്‍ ആരോപണം നേരിടുന്ന ബി.ജെ.പി നേതാവ് കപില്‍ മിശ്ര അതിഥിയായി പങ്കെടുത്തതും വിവാദമായിരുന്നു

കപില്‍ മിശ്ര അതിഥി; ഡല്‍ഹി കലാപത്തെ കുറിച്ച പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ നിന്ന് പിൻമാറിയതായി ബ്ലൂംസ്ബെറി

ഡല്‍ഹി കലാപത്തെ കുറിച്ച് ബ്ലൂംസ്‌ബെറി ഇന്ത്യ പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന പുസ്തകം പിന്‍വലിച്ചു. മോണിക്ക അറോറ, സോണാലി ചിതല്‍കര്‍, പ്രേരണ മല്‍ഹോത്ര എന്നിവര്‍ എഴുതിയ ഡല്‍ഹി റിയോട്‌സ് 2020; ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തില്‍ നിന്നാണ് പ്രസാധകരായ ബ്ലൂംബെറി പിന്‍മാറുകയാണെന്ന് വ്യക്തമാക്കിയത്.

പുസ്തകം സത്യത്തെ മറച്ചുപിടിച്ച് കള്ളം പ്രചരിപ്പിക്കുന്നതാണെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടെ പുസ്തകവുമായി ബന്ധപ്പെട്ട് രചയിതാവ് മോണിക്കാ അറോറ സംഘടിപ്പിച്ച പരിപാടിയില്‍ കലാപത്തില്‍ ആരോപണം നേരിടുന്ന ബിജെപി നേതാവ് കപില്‍ മിശ്ര അതിഥിയായി പങ്കെടുത്തതും വിവാദമായിരുന്നു. പുസ്തക പ്രകാശനത്തിനെതിരെ സാമൂഹിക സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ രംഗത്തെത്തുകയായിരുന്നു. പുസ്തക പ്രകാശന പരിപാടിയിൽ കപിൽ മിശ്രയ്ക്ക് പുറമെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭുപേന്ദ്ര യാദവ് ,സിനിമാ പ്രവര്‍ത്തകന്‍ വിവേക് അഗ്നിഹോത്രി, ഓപ് ഇന്ത്യ എഡിറ്റര്‍ നുപൂര്‍ ശര്‍മ എന്നിവരേയും ക്ഷണിച്ചിരുന്നു.

എന്നാല്‍ എഴുത്തുകാരി സംഘടിപ്പിച്ച പരിപാടിയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പ്രസാധകര്‍ വ്യക്തമാക്കി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തില്‍ നിന്നു പിന്‍മാറുകയാണെന്നും ബ്ലൂംസ്‌ബെറി ഇന്ത്യ അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും അതേസമയം സമൂഹത്തോട് തങ്ങൾക്ക് ആഴത്തിലുള്ള ഉത്തരവാദിത്തബോധമുണ്ടെന്നും പ്രസാധകര്‍ കൂട്ടിച്ചേർത്തു.

കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയാണ് ഡല്‍ഹിയിൽ വംശീയാതിക്രമം പൊട്ടിപ്പുറപ്പെട്ടത്. മുസ്‍ലിംകൾക്കെതിരെ നടന്ന കലാപത്തിൽ 53 പേരാണ് കൊല്ലപ്പെട്ടത്. 400 ഓളം പേർക്ക് പരിക്കേറ്റിരുന്നു.