LiveTV

Live

National

വായില്‍ വെള്ളം നിറച്ച് പരിശോധന ; കോവിഡ് പരിശോധനക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്‍

ഇതിനായി ഡല്‍ഹി എയിംസില്‍ നടത്തിയ പരീക്ഷണം വിജയിച്ചു

വായില്‍ വെള്ളം നിറച്ച് പരിശോധന ; കോവിഡ് പരിശോധനക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്‍

വായില്‍ നിറച്ച വെള്ളം കോവിഡ് പരിശോധനക്ക് ഉപയോഗിക്കാമെന്ന് കണ്ടെത്തല്‍ . ഐ.സി.എം.ആര്‍ ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസേർച്ചിന്‍റെതാണ് പഠനം. ഇതിനിടെ വിജയിക്കുന്ന കോവിഡ് വാക്സിന്‍റെ 50 ലക്ഷം ആദ്യ ഘട്ടത്തിൽ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ശ്രമമാരംഭിച്ചു. രാജ്യത്തെ കോവിഡ് ബാധിതർ 29 ലക്ഷത്തിന് മുകളിലും മരണം 55000 ന് അടുത്തും എത്തി.

കോവിഡ് പരിശോധനക്ക് സ്രവത്തിന് പകരം വായില്‍ നിറച്ച വെള്ളം ഉപയോഗിക്കമെന്നാണ് ഐ.സി.എം.ആര്‍ ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ പഠന റിപ്പോർട്ടില് പറയുന്നത്. എയിംസിലെ മെഡിസിന്‍, അനസ്തേഷ്യ - ക്രിട്ടിക്കൽ കെയർ വിഭാഗങ്ങളിലെ ഡോക്ടര്മാരാണ് ഒരു മാസം നീണ്ട പഠനം നടത്തിയത്.

മെയ്, ജൂണ്‍ മാസത്തില്‍ എയിംസില്‍ ചികിത്സക്കെത്തിയ 50 കോവിഡ് രോഗികളിലായിരുന്നു പരീക്ഷണം. രോഗം സ്ഥിരീകരിച്ച് 72 മണിക്കൂറിനകം സ്വാബും വായില്‍ നിറച്ച വെള്ളവും പിസിആര്‍

ടെസ്റ്റിന് വിധേയമാക്കിയായിരുന്നു പഠനം. ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണംവും പരിശോധനാചെലവും കുറക്കാം, കൂടുതല്‍ സാമ്പിള്‍ ശേഖരിക്കാം തുടങ്ങിയ ഗുണങ്ങള്‍ ഈ പരിശോധനക്കുള്ളതായാണ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ രോഗം സ്ഥിരീകരിച്ച കുറച്ചുപേരില്‍ മാത്രമാണ് പഠനം നടത്തിയത് എന്നത് പോരായ്മയാണ്.

ഇതിനിടെ കോവാക്സിൻ ഈ വർഷം അവസാനം ലഭിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. വിജയിക്കുന്ന വാക്സിന്‍റെ 50 ലക്ഷം ആദ്യ ഘട്ടത്തിൽ ലഭ്യമാക്കാനാണ് നീക്കം.

ആരോഗ്യപ്രവർത്തകർക്കും സൈനികർക്കുമാണ് മുൻഗണന. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 68,898 പുതിയ കേസും 983 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ചികിത്സയിലുള്ള മുന്‍ രാഷ്ട്രപതി പ്രണബ് മുഖ൪ജി ഇപ്പോഴും വെന്‍റിലേറ്ററിൽ തുടരുകയാണ്.