LiveTV

Live

National

രാജ്യത്ത് 27% സ്കൂൾ വിദ്യാര്‍ഥികൾക്കും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന് സര്‍വെ

കണക്ക്, സയൻസ് വിഷയങ്ങളുടെ പഠനത്തിന് ഓൺലൈൻ വിദ്യാഭ്യാസം അപര്യാപ്തമെന്നും സര്‍വെയിൽ ഭൂരിഭാഗം വിദ്യാര്‍ഥികളും

രാജ്യത്ത് 27% സ്കൂൾ വിദ്യാര്‍ഥികൾക്കും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന് സര്‍വെ

രാജ്യത്ത് ഇരുപത്തിയേഴ് ശതമാനം സ്കൂൾ വിദ്യാര്‍ഥികൾക്കും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന് സര്‍ക്കാര്‍ സര്‍വെ. എൻസിഇആര്‍ടി നടത്തിയ സാമ്പിൾ സര്‍വെയിലേതാണ് ഇക്കാര്യമുള്ളത്. പലയിടങ്ങളിലും വൈദ്യുതി സംവിധാനം തടസ്സപ്പെടുന്നതും പഠനപ്രവര്‍ത്തനത്തെ ബാധിക്കുന്നു. കണക്ക്, സയൻസ് വിഷയങ്ങളുടെ പഠനത്തിന് ഓൺലൈൻ വിദ്യാഭ്യാസം അപര്യാപ്തമെന്നും സര്‍വെയിൽ ഭൂരിഭാഗം വിദ്യാര്‍ഥികളും അഭിപ്രായപ്പെടുന്നു.

ലാപ്‍ടോപ്പോ സ്മാര്‍ട്ട് ഫോണുകളോ ഇല്ലാത്ത ഇരുപത്തിയേഴ് ശതമാനം കുട്ടികൾ രാജ്യത്തുണ്ടെന്നാണ് എൻസിഇആര്‍ടി നടത്തിയ സാമ്പിൾ സര്‍വെയിലുള്ളത്. സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ പഠിക്കുന്ന ഇരുപതിനായിരത്തോളം വിദ്യാര്‍ഥികളിലായിരുന്നു എൻസിഇആര്‍ടിയുടെ സര്‍വെ. കോവിഡ് കാരണം വിദ്യാലയങ്ങള്‍ തുറക്കാനാകാത്ത സാഹചര്യത്തിലാണ് ഓൺലൈൻ പഠന രീതി കൊണ്ടുവന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി 84 ശതമാനം പേരും ആശ്രയിക്കുന്നത് സ്മാര്‍ട് ഫോണിനെയാണ്. മറ്റുള്ളവര്‍ ലാപ്‍ടോപ്പിനെയും. റേഡിയോയും ടിവിയും ആശ്രയിക്കുന്നവര്‍ നന്നേക്കുറവ്.

33 ശതമാനം പേര്‍ ഓൺലൈൻ പഠനത്തെ എതിര്‍ത്തു. ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതും പഠനഭാരം വര്‍ധിപ്പിക്കുന്നതുമാണെന്നാണ് എതിര്‍പ്പിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഓൺലൈൻ പഠനം സൗകര്യപ്രദമാണെങ്കിലും കണക്ക്, സയൻസ് വിഷയങ്ങളുടെ പഠനത്തിന് ഓൺലൈൻ അപര്യാപ്തമാണെന്ന് അഭിപ്രായപ്പെട്ടവരാണ് മിക്കവരും. അധ്യാപകരുടെ കൂടുതൽ ശ്രദ്ധ ഈ വിഷയങ്ങൾക്ക് ആവശ്യമുണ്ടെന്നാണ് വിലയിരുത്തൽ. വിദ്യാഭ്യാസ മന്ത്രാലയമാണ് എൻസിഇആര്‍ടി പഠനം പുറത്തുവിട്ടത്.