LiveTV

Live

National

ജാതി വിവേചനം വാര്‍ത്തയാക്കിയ മാധ്യമ പ്രവര്‍ത്തകനെ ക്രൂരമായി തല്ലി ചതച്ചു

സ്വാതന്ത്രൃദിനത്തില്‍ ദലിത് വനിതാ പഞ്ചായത്ത് നേതാവായ അമൃതം പതാക ഉയര്‍ത്താനിരിക്കെ പഞ്ചായത്ത് അധികാരികളും ഹിന്ദു വിഭാഗക്കാരും തടഞ്ഞിരുന്നു

ജാതി വിവേചനം വാര്‍ത്തയാക്കിയ മാധ്യമ പ്രവര്‍ത്തകനെ ക്രൂരമായി തല്ലി ചതച്ചു

ജാതി വിവേചനം വാര്‍ത്തയാക്കിയ തമിഴ് മാധ്യമ പ്രവര്‍ത്തകനെ ക്രൂരമായി തല്ലി ചതച്ചു. പ്രമുഖ തമിഴ് വാര്‍ത്താ ചാനലായ 'പുതിയ തലമുറൈ'യുടെ റിപ്പോര്‍ട്ടര്‍ ഏഴിലിനെയാണ് തമിഴ്നാട്ടിലെ ഗുമ്മുടിപൂണ്ടി അട്ടുപാകം പഞ്ചായത്ത് അധിക‍ൃതര്‍ ക്രൂരമായി തല്ലിചതച്ചത്. ദലിത് വിഭാഗത്തില്‍പ്പെട്ട പഞ്ചായത്ത് നേതാവിനെ സ്വാതന്ത്രൃദിനത്തില്‍ പതാക ഉയര്‍ത്താന്‍ അനുവദിച്ചില്ലെന്ന സംഭവം വാര്‍ത്തയാക്കിയതിനെതിരെയാണ് പഞ്ചായത്ത് അധികൃതര്‍ ക്രൂരമായി നേരിട്ടത്. അഞ്ചിലധികം വരുന്ന സംഘമാണ് തന്നെ ആക്രമിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. ആക്രമിച്ചവരില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ ഭര്‍ത്താവും പഞ്ചായത്ത് സെക്രട്ടറിയുമുണ്ടെന്നും ഏഴില്‍ പറഞ്ഞു. കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ തട്ടിപറിച്ച സംഘം രാവിലെ പത്തര മണിയോടെ ഒരു മുറിയില്‍ പൂട്ടിയിട്ടതായും ഇദ്ദേഹം പറയുന്നു. ആക്രമണത്തില്‍ കണ്ണിനും നെഞ്ചിനും ക്രൂരമായി പരിക്ക് പറ്റിയതായും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.

സംഭവത്തില്‍ ഗുമ്മുടിപൂണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. ഐ.പി.സി സെക്ഷന്‍ 147(കലാപത്തിനുള്ള ശിക്ഷ), സെക്ഷന്‍ 342(അന്യായമായി തടവില്‍ വെക്കുക), സെക്ഷന്‍ 323( മനപൂര്‍വം ഒരാളെ വേദനിപ്പിക്കുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്വാതന്ത്രൃദിനത്തില്‍ ദലിത് വനിതാ പഞ്ചായത്ത് നേതാവായ അമൃതം പതാക ഉയര്‍ത്താനിരിക്കെ പഞ്ചായത്ത് അധികാരികളും ഹിന്ദു വിഭാഗക്കാരും തടഞ്ഞിരുന്നു. ദലിത് വിഭാഗത്തില്‍ നിന്നുള്ള സ്ത്രീയായത് കൊണ്ടാണ് വിവേചനം നേരിട്ടത്. അട്ടുപാക്കം പട്ടികജാതി സീറ്റായി റിസര്‍വ് ചെയ്തതിന് ശേഷമുള്ള ആദ്യ വനിതാ പഞ്ചായത്ത് നേതാവാണ് അമൃതം. ഇതിന് മുമ്പും തനിക്ക് വിവേചനം നേരിടേണ്ടി വന്നതായി അമൃതം പറഞ്ഞു. പഞ്ചായത്ത് നേതാക്കന്‍മാര്‍ക്ക് ഇരിക്കാവുന്ന കസേരയില്‍ തനിക്ക് ഇരിക്കാന്‍ അനുവാദമില്ലായിരുന്നുവെന്നും വാക്കാല്‍ അധിക്ഷേപിച്ചിരുന്നെന്നും ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.