LiveTV

Live

National

റഷ്യ കോവിഡ് വാക്സിന്‍ വികസിപ്പിച്ചു, ഇന്ത്യയാകട്ടെ ഭാഭിജി പപ്പടവും: കേന്ദ്രത്തെ പരിഹസിച്ച് ശിവസേന

ബിജെപി നേതാക്കളില്‍ പലരെയും കോവിഡ് ബാധിച്ചിട്ടും അവര്‍ അശാസ്ത്രീയ സമീപനം തുടരുകയാണെന്ന് സഞ്ജയ് റാവത്ത്

റഷ്യ കോവിഡ് വാക്സിന്‍ വികസിപ്പിച്ചു, ഇന്ത്യയാകട്ടെ ഭാഭിജി പപ്പടവും: കേന്ദ്രത്തെ പരിഹസിച്ച് ശിവസേന

കോവിഡ് വാക്സിന്‍ വികസിപ്പിച്ച റഷ്യയെ പ്രശംസിച്ച് ശിവസേന. ഇന്ത്യയിലാകട്ടെ കോവിഡ് ഭേദമാകാന്‍ ഭാഭിജി പപ്പടം കഴിക്കാനാണ് മന്ത്രിമാര്‍ പറയുന്നതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് വിമര്‍ശിച്ചു. ഇന്ത്യക്കാവശ്യം റഷ്യയിലേതുപോലെ ശക്തമായ ഭരണകൂടമാണെന്ന് ശിവസേന മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തില്‍ സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.

ലോകത്ത് ആദ്യമായി റഷ്യ കോവിഡ് വാക്സിന്‍ വികസിപ്പിച്ചിരിക്കുന്നു. മകള്‍ക്ക് വാക്സിന്‍ നല്‍കിയെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ പറഞ്ഞു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യയുടെ വാക്സിനെ അംഗീകരിക്കുന്നില്ല. അമേരിക്കയാണ് ഈ വാക്സിന്‍ വികസിപ്പിച്ചതെങ്കില്‍ ലോകാരോഗ്യ സംഘടന ഇത്തരത്തില്‍ സംശയം പ്രകടിപ്പിക്കുമായിരുന്നോ എന്നും സഞ്ജയ് റാവത്ത് ചോദിക്കുന്നു. ഇന്ത്യയാണ് ഈ വാക്സിന്‍ വികസിപ്പിച്ചതെങ്കില്‍ നമ്മള്‍ കൂടുതല്‍ സ്വാശ്രയരാവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാക്കളില്‍ പലരെയും കോവിഡ് ബാധിച്ചിട്ടും അവര്‍ അശാസ്ത്രീയ സമീപനം തുടരുകയാണെന്ന് സഞ്ജയ് റാവത്ത് വിമര്‍ശിച്ചു. ആയുഷ് മന്ത്രി ശ്രീപദ് നായിക് പല ആയുര്‍വേദ മരുന്നുകളും കോവിഡിനെ പ്രതിരോധിക്കാന്‍ നിര്‍ദേശിച്ചു. പക്ഷേ അദ്ദേഹവും കോവിഡ് ബാധിതനായി.

കേന്ദ്രമന്ത്രിയായ അര്‍ജുന്‍ മേഘ്‍വാള്‍ കോവിഡിനെ അകറ്റിനിര്‍ത്താന്‍ ഭാഭിജി പപ്പടം കഴിക്കാനാണ് പറഞ്ഞത്. അദ്ദേഹവും കോവിഡ് പോസിറ്റീവായി. സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തിന്‍റെ ചികിത്സ. കോവിഡ് മഹാമാരി തുറന്നുകാട്ടിയത് പല മന്ത്രിമാരുടെയും ഇത്തരത്തിലുള്ള വര്‍ഷങ്ങളായുള്ള അശാസ്ത്രീയ സമീപനങ്ങളെയാണെന്നും സഞ്ജയ് റാവത്ത് വിശദീകരിച്ചു.

രാമജന്മഭൂമി ട്രസ്റ്റ് ചെയര്‍മാന്‍ നൃത്യ ഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിനൊപ്പം വേദി പങ്കിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും ക്വാറന്‍റൈനില്‍ പോകേണ്ടതല്ലേയെന്നും സഞ്ജയ് റാവത്ത് ചോദിക്കുന്നു. കോവിഡ് പ്രോട്ടോകള്‍ പ്രകാരം പ്രധാനമന്ത്രി നിരീക്ഷണത്തില്‍ പോവുകയും ടെസ്റ്റ് നടത്തുകയും ചെയ്യുമോ എന്നാണ് സഞ്ജയ് റാവത്തിന്‍റെ ചോദ്യം. കോവിഡിനെതിരായ പോരാട്ടത്തിലെ നമ്മുടെ സമീപനത്തെയാണ് ഇതൊക്കെ കാണിക്കുന്നതെന്നും സഞ്ജയ് റാവത്ത് വിശദമാക്കി.