LiveTV

Live

National

സച്ചിൻ പൈലറ്റും അശോക് ഗെഹലോട്ടും തമ്മിൽക്കണ്ടു, പുഞ്ചിരിച്ചു, ഹസ്തദാനം ചെയ്തു

പാർട്ടിയിലുണ്ടായ തെറ്റിദ്ധാരണകളെല്ലാം, നാടിന്റെയും ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും താൽപര്യം മുൻനിർത്തി എല്ലാവരും മറക്കുകയും പൊറുക്കുകയുമാണ് ചെയ്യേണ്ടതെന്ന് ഗെഹലോട്ട്

സച്ചിൻ പൈലറ്റും അശോക് ഗെഹലോട്ടും തമ്മിൽക്കണ്ടു, പുഞ്ചിരിച്ചു, ഹസ്തദാനം ചെയ്തു

ജയ്പൂർ: രാജസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിത്വങ്ങൾക്ക് കാരണമായ പിണക്കത്തിനു ശേഷം ആദ്യമായി മുഖ്യമന്ത്രി അശോക് ഗെഹലോട്ടും വിമതക്യാമ്പിന്റെ തലവൻ സച്ചിൻ പൈലറ്റും നേരിൽക്കണ്ടു. രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കു ശേഷം കോൺഗ്രസിൽ തിരിച്ചെത്താൻ തയ്യാറായ സച്ചിൻ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന കോൺഗ്രസ് എം.എൽ.എമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഇത്. ഇരുനേതാക്കളും പരസ്പരം പുഞ്ചിരിക്കുകയും ഹസ്തദാനം നടത്തുകയും ചെയ്തു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പം ഇരുവരും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.

വൈകീട്ട് അഞ്ചുമണിക്കായിരുന്നു രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കോൺഗ്രസ് എം.എൽ.എമാരുടെ യോഗം വിളിച്ചത്. ഒരു മാസത്തിനിടെ ഇതാദ്യമായി സച്ചിൻ പൈലറ്റിനും ക്ഷണം ലഭിച്ചു. നാളെ ആരംഭിക്കുന്ന നിയമസഭയുടെ പ്രത്യേക സെഷന്റെ മുന്നോടിയായിരുന്നു യോഗം. ഇന്നു രാവിലെ, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള യജ്ഞത്തിൽ എല്ലാം മറക്കാനും പൊറുക്കാനും തയ്യാറാണെന്ന് ഗെഹലോട്ട് ട്വിറ്ററിൽ കുറിച്ചിരുന്നു.

'ജനാധിപത്യത്തെ രക്ഷിക്കുന്നതിനുള്ള ഈ പോരാട്ടത്തിൽ, എല്ലാം പൊറുത്തും മറന്നും നമുക്ക് ഊർജം ചെലവഴിക്കുകയും മുന്നോട്ടു പോവുകയും ചെയ്യാം.'
അശോക് ഗെഹലോട്ട്

കഴിഞ്ഞ ഒരു മാസത്തിനിടെ പാർട്ടിയിലുണ്ടായ തെറ്റിദ്ധാരണകളെല്ലാം, നാടിന്റെയും ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും താൽപര്യം മുൻനിർത്തി എല്ലാവരും മറക്കുകയും പൊറുക്കുകയുമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

അതിനിടെ, നിയമസഭയിൽ ഗെഹലോട്ട് സർക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു. വസുന്ധരരാജെ സിന്ധ്യയുടെയും മുതിർന്ന ബി.ജെ.പി നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം. ബി.എസ്.പിയിൽ നിന്ന് കൂറുമാറിയെത്തിയ ആറ് എം.എൽ.മാർക്ക് നിയമസഭയിൽ വോട്ടുചെയ്യാൻ യോഗ്യതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത് കോൺഗ്രസിന് ആശ്വാസമായി.