LiveTV

Live

National

'അച്ഛന്‍ ജീവനോടെയുണ്ട്'.. വ്യാജവാര്‍ത്തക്കെതിരെ പ്രണബ് മുഖര്‍ജിയുടെ മക്കള്‍

മകന്‍ അഭിജിത്തും മകള്‍ ശര്‍മിഷ്ഠയുമാണ് ട്വിറ്ററില്‍ പ്രതികരിച്ചത്.

'അച്ഛന്‍ ജീവനോടെയുണ്ട്'.. വ്യാജവാര്‍ത്തക്കെതിരെ പ്രണബ് മുഖര്‍ജിയുടെ മക്കള്‍

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചെന്ന് വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ മക്കള്‍. മകന്‍ അഭിജിത്തും മകള്‍ ശര്‍മിഷ്ഠയുമാണ് ട്വിറ്ററില്‍ പ്രതികരിച്ചത്.

"എന്റെ പിതാവ് പ്രണബ് മുഖർജി ജീവനോടെയുണ്ട്. അദ്ദേഹം മരിച്ചെന്ന തരത്തിലുള്ള ഊഹാപോഹങ്ങളും വ്യാജവാർത്തകളും സമൂഹ മാധ്യമങ്ങൾ വഴി ബഹുമാന്യരായ മാധ്യമപ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുകയാണ്. രാജ്യത്തെ മാധ്യമരംഗം വ്യാജവാർത്തകളുടെ ഫാക്ടറിയായി മാറിയതിന്‍റെ പ്രതിഫലനമാണിത്'- മകൻ അഭിജിത്ത് മുഖർജി ട്വീറ്റ് ചെയ്തു.

മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയും പ്രതികരിച്ചു- 'എന്റെ പിതാവിനെ കുറിച്ചുള്ള വാർത്തകൾ വ്യാജമാണ്. ദയവ് ചെയ്ത് അതറിയാൻ വേണ്ടി എന്റെ ഫോണിലേക്ക് വിളിക്കരുത്. അദ്ദേഹം ആശുപത്രിയിൽ ആയതിനാൽ വിവരങ്ങളറിയാൻ ഫോൺ ഫ്രീ ആയി വെയ്ക്കേണ്ടതുണ്ട്.'

വ്യാജവാര്‍ത്ത വിശ്വസിച്ചുപോയതിന് ക്ഷമ ചോദിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തു. അദ്ദേഹം അന്തരിച്ചെന്ന് ട്വീറ്റ് ചെയ്യും മുന്‍പ് ഉറപ്പുവരുത്തേണ്ടതായിരുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും രാജ്ദീപ് സര്‍ദേശായി പറഞ്ഞു.

പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് മൂന്നാമത് മെഡിക്കൽ ബുള്ളറ്റിനും പറയുന്നത്. വെന്റിലേറ്ററിന്റെ സഹായം നൽകുന്നത് തുടരുകയാണ്. ആര്‍ ആര്‍ സൈനിക ആശുപത്രിയിലാണ് ചികിത്സ. തലച്ചോറിൽ കട്ട പിടിച്ച രക്തം തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ പരിശോധനയിൽ പ്രണബ് മുഖർജിക്ക് കോവിഡും സ്ഥിരീകരിച്ചു.