LiveTV

Live

National

കേന്ദ്ര സര്‍വകലാശാല റാങ്കിങ്ങില്‍ ജാമിഅ മില്ലിയ സര്‍വകലാശാല ഒന്നാമത്; മറികടന്നത് ജെ.എന്‍.യു, അലിഗഢ് സര്‍വകലാശാലകളെ

ജെ.എന്‍.യു അലിഗഢ് സര്‍വകലാശാലകളെ പിന്നിലാക്കിയാണ് ജാമിഅ മില്ലിയ സര്‍വകലാശാല റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്

കേന്ദ്ര സര്‍വകലാശാല റാങ്കിങ്ങില്‍ ജാമിഅ മില്ലിയ സര്‍വകലാശാല ഒന്നാമത്; മറികടന്നത് ജെ.എന്‍.യു, അലിഗഢ് സര്‍വകലാശാലകളെ

പൗരത്വ പ്രതിഷേധങ്ങളാലും സമരങ്ങളാലും വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാല രാജ്യത്തെ സര്‍വകലാശാലാ റാങ്കിങില്‍ ഒന്നാമത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ സര്‍വകലാശാല റാങ്ക് പട്ടികയിലാണ് ജാമിഅ മില്ലിയ സര്‍വകലാശാല, ജെ.എന്‍.യു അലിഗഢ് സര്‍വകലാശാലകളെ പിന്നിലാക്കി ഒന്നാമതെത്തിയത്. ഏറ്റവും ഉയര്‍ന്ന നാല്‍പത് സര്‍വകലാശാലകളുടെ പട്ടികയാണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്.

കേന്ദ്ര സര്‍വകലാശാല റാങ്ക് പട്ടിക 2020

  • ജാമിഅ മില്ലിയ സര്‍വകലാശാല, ഡല്‍ഹി - 90%

  • രാജീവ് ഗാന്ധി സര്‍വകലാശാല, അരുണാചല്‍ പ്രദേശ്- 83%

  • ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല-82%

  • അലിഗഢ് മുസ്‍ലിം സര്‍വകലാശാല- 78%

കേന്ദ്ര സര്‍വകലാശാല റാങ്കിങ്ങില്‍ ജാമിഅ മില്ലിയ സര്‍വകലാശാല ഒന്നാമത്; മറികടന്നത് ജെ.എന്‍.യു, അലിഗഢ് സര്‍വകലാശാലകളെ

കേന്ദ്ര സര്‍വകലാശാല, കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം( നിലവില്‍ വിദ്യാഭ്യാസ മന്ത്രാലയം), യു.ജി.സി എന്നിവരുടെ കൂട്ടായ സംഘമാണ് റാങ്കിങ് നിശ്ചയിച്ചത്. ബിരുദം, ബിരുദാന്തര ബിരുദം, പി.എച്ച്.ഡി, എം.ഫില്‍ എന്നിവയില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്, പഠിക്കുന്ന വിദ്യാര്‍ഥിനികളുടെ ശതമാനം, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളുടെ ശതമാനം എന്നിവയാണ് റാങ്ക് നിശ്ചയിക്കാന്‍ ആധാരമാക്കിയത്.

അധ്യാപകരുടെ അധ്യാപന നിലവാരം, അധ്യാപക-വിദ്യാര്‍ഥി അനുപാതം, അധ്യാപക ഒഴിവുകള്‍, ക്യാമ്പസ് അഭിമുഖത്തിലൂടെ ജോലി ലഭിച്ചവര്‍, നെറ്റ്, ഗേറ്റ് പരീക്ഷകളില്‍ വിജയിച്ചവരുടെ ശതമാനം എന്നിവയും റാങ്കിങ്ങിന് പരിഗണിച്ചിട്ടുണ്ട്.

പ്രയാസകരമായ സാഹചര്യങ്ങള്‍ കടന്നുള്ള വിജയം ശ്രദ്ധേയമാണെന്ന് ജാമിഅ മില്ലിയ സര്‍വകലാശാല വി.സി നജ്മ അക്തര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

2019 ഡിസംബര്‍ 15ന് ഡല്‍ഹി ജാമിഅ മില്ലിയ വിദ്യാര്‍ഥികളും പ്രദേശവാസികളും പൗരത്വ നിയമത്തിനെതിരായി നടത്തിയ സമരത്തിന് നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ജാമിഅ മില്ലിയ സര്‍വകലാശാലക്കകത്ത് കടന്ന പൊലീസ് ലൈബ്രറിക്കകത്ത് പഠിക്കുകയായിരുന്ന വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിചതക്കുകയും സര്‍വകലാശാലാ ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. ജാമിഅയിലെ പൊലീസ് അതിക്രമം പിന്നീട് രാജ്യമൊന്നാകെയുള്ള പൗരത്വ സമരത്തിന് ശക്തി പകരുകയും ചെയ്തു.