LiveTV

Live

National

ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികള്‍, അവരെ പുറത്താക്കുമെന്ന് ബിജെപി എം.പി അനന്ത് കുമാർ ഹെഗ്ഡെ

ബിഎസ്എൻഎൽ രാജ്യത്തിന് കളങ്കമായി മാറിയിരിക്കുന്നു. സ്വകാര്യവത്കരിക്കുന്നതിലൂടെ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമാകുവെന്നും ഹെഗ്‌ഡെ പറഞ്ഞു

ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികള്‍, അവരെ പുറത്താക്കുമെന്ന് ബിജെപി എം.പി അനന്ത് കുമാർ ഹെഗ്ഡെ

ബി.എസ്.എന്‍.എല്ലിലെ 88,000ത്തോളം വരുന്ന ജീവനക്കാർ രാജ്യദ്രോഹികളാണെന്നും അവരെ പുറത്താക്കുമെന്നും കര്‍ണാടകയിലെ ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാർ ഹെഗ്ഡെ. ഉത്തര കന്നഡയിലെ കുംതയില്‍ തിങ്കളാഴ്ച നടന്ന ഒരു പരിപാടിക്കിടെയാണ് ഹെഗ്‌ഡെ ബി.എസ്.എന്‍.എല്‍. ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ചത്.

"രാജ്യത്തെ അറിയപ്പെടുന്ന ഒരു സ്ഥാപനത്തെ ഉന്നത നിലവാരത്തിലെത്തിക്കാൻ തയ്യാറാകാത്ത രാജ്യദ്രോഹികളാണ് ബി‌എസ്‌എൻ‌എൽ ജീവനക്കാർ. പണം നൽകിയിട്ടും ജോലി ചെയ്യാൻ വിസമ്മതിക്കുകയാണ് അവര്‍" ഹെഗ്ഡെ പറഞ്ഞു. ബിഎസ്എൻഎൽ രാജ്യത്തിന് കളങ്കമായി മാറിയിരിക്കുന്നു. സ്ഥാപനത്തെ സ്വകാര്യവത്കരിക്കുന്നതിലൂടെ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമാകൂവെന്നും, 88,000 ജീവനക്കാരെ പുറത്താക്കുമെന്നും ഹെഗ്‌ഡെ പറഞ്ഞു.

വിവാദ പ്രസ്താവനകളിലൂടെ മാധ്യമശ്രദ്ധ നേടിയ നേതാവാണ് അനന്ത്കുമാർ ഹെഗ്ഡെ. ഗാന്ധിയുടെ നിരാഹാര സത്യഗ്രഹങ്ങൾ നാടകമാണെന്നും മരണംവരെയുള്ള നിരാഹാര സത്യഗ്രഹം കൊണ്ടാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതെന്ന കോൺഗ്രസുകാരുടെ അവകാശവാദം തെറ്റാണെന്നും ഹെഗ്ഡെ പറഞ്ഞത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.