LiveTV

Live

National

ദക്ഷിണേന്ത്യക്കാര്‍ പലരും പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത് തടഞ്ഞത് ഹിന്ദി രാഷ്ട്രീയം - കുമാരസ്വാമി

ദക്ഷിണേന്ത്യയില്‍ നിന്നുള്ള നേതാക്കളുടെ അവസരങ്ങള്‍ തട്ടിയെടുത്തതിനെയും അവരോട് വിവേചനം കാട്ടിയതിനെക്കുറിച്ചും തുറന്നു പറയാനുള്ള സമയമാണിത്

ദക്ഷിണേന്ത്യക്കാര്‍ പലരും പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത് തടഞ്ഞത് ഹിന്ദി രാഷ്ട്രീയം - കുമാരസ്വാമി

ഹിന്ദി അറിയാത്തതിന്റെ പേരിൽ അവഹേളനം നേരിട്ടുവെന്ന് വെളിപ്പെടുത്തിയ ഡി.എം.കെ നേതാവ് കനിമൊഴിക്ക് പിന്തുണയുമായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ദക്ഷിണേന്ത്യയിൽ നിന്നുള്ള പല നേതാക്കളും പ്രധാനമന്ത്രി സ്ഥാനത്തെത്താതിരുന്നതിന് കാരണം ഹിന്ദി രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. കരുണാനിധിയും കാമരാജും ഇത്തരത്തിൽ പ്രധാനമന്ത്രി സ്ഥാനത്തെത്താൻ കഴിയാതിരുന്ന പ്രമുഖരാണ്. തടസങ്ങൾ മറികടന്ന് തന്റെ പിതാവ് എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രി സ്ഥാനത്തെത്തിയെങ്കിലും ഭാഷയുടെ പേരിൽ അദ്ദേഹം വിമർശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തുവെന്നും കുമാരസ്വാമി പറഞ്ഞു. കനിമൊഴി എന്ന സഹോദരിക്ക് നേരിടേണ്ടിവന്ന അവഹേളനത്തിനെതിരെ താൻ ശബ്ദമുയർത്തുമെന്നും കുമാരസ്വാമി വ്യക്തമാക്കി.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള നേതാക്കളുടെ അവസരങ്ങള്‍ തട്ടിയെടുത്തതിനെയും അവരോട് വിവേചനം കാട്ടിയതിനെക്കുറിച്ചും തുറന്നു പറയാനുള്ള സമയമാണിത്. ബാങ്കുകൾ ഉൾപ്പെടെയുളള പല പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി കിട്ടുന്നതിനുള്ള പരീക്ഷയ്ക്ക് ഹിന്ദിയും ഇംഗ്ലീഷും മാത്രമാണ് തിരഞ്ഞെടുക്കാൻ കഴിയുകയെന്നും ദക്ഷിണേന്ത്യയിലെ ജനങ്ങൾക്ക് ഇതുമൂലം തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നുവെന്നും കുമാരസ്വാമി പറഞ്ഞു. ഈ സ്ഥിതിക്ക് മാറ്റംവരേണ്ടതുണ്ട്. ഹിന്ദി ഭാഷയുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിനായി കോടിക്കണക്കിന് രൂപയാണ് കേന്ദ്ര സർക്കാർ ഇന്ത്യയിലും വിദേശത്തും ചിലവഴിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകൾക്കും ബഹുമാനവും അംഗീകാരവും ലഭിക്കുന്നതിനായി വലിയ പോരാട്ടം തന്നെ നടത്തേണ്ടിവരുമെന്നും കുമാരസ്വാമി പ്രതികരിച്ചു.

പ്രധാനമന്ത്രി ആയിരിക്കെ 90-കളില്‍ തന്റെ പിതാവ് ദേവഗൗഡ സ്വാതന്ത്ര്യ ദിനത്തില്‍ ഹിന്ദിയില്‍ പ്രസംഗിക്കാന്‍ നിര്‍ബന്ധിതനായി. ബിഹാറില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നുമുള്ള കര്‍ഷകരെ ഓര്‍ത്താണ് തന്റെ പിതാവ് അന്ന് സമ്മര്‍ദ്ദത്തിന് വഴങ്ങിയത്. ഹിന്ദി രാഷ്ട്രീയത്തിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ആ സംഭവം. ഭരണവര്‍ഗം ദക്ഷിണേന്ത്യക്കാരെ അവഗണിക്കുകയും അധിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. ഹിന്ദി രാഷ്ട്രീയക്കാര്‍ മറ്റുള്ള നേതാക്കളെ ബഹുമാനിക്കാറില്ല.

ഹിന്ദി അറിയില്ലെന്നും, അതിനാൽ ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കണമെന്നും ആവശ്യപ്പെട്ട താൻ ഇന്ത്യക്കാരിയാണോ എന്ന് വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ ചോദിച്ചുവെന്നാണ് കനിമൊഴി വെളിപ്പെടുത്തിയിരുന്നത്.