LiveTV

Live

National

8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ കൈമാറിയെന്നു കേന്ദ്രം

ഇടനിലക്കാരോ കമ്മീഷനോ ഇല്ലാതെ ഈ തുക കർഷകരിലെത്തിക്കാൻ കഴിഞ്ഞതിൽ താൻ സംതൃപ്​തനാണെന്ന്​ മോദി പറഞ്ഞു.

8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ കൈമാറിയെന്നു കേന്ദ്രം

രാജ്യത്തെ 8.5 കോടി കർഷകർക്ക്​ 17,100 കോടി രൂപ കൈമാറിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന പദ്ധതിയുടെ ഭാഗമായാണ്​ തുക നൽകിയത്​. ക൪ഷക൪ക്ക് പ്രതിവർഷം 6000 രൂപ നേരിട്ട് സഹായം നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത്.

2018ൽ ആരംഭിച്ച പദ്ധതിയുടെ ആറാം ഗഡുവാണിത്​. 10 കോടിയിലധികം കർഷകർക്ക് ഈ പദ്ധതിയിലൂടെ 90,000 കോടി രൂപ നേരിട്ട്​ നൽകിയതായാണ് സര്‍ക്കാര്‍ അവകാശവാദം. ഇടനിലക്കാരോ കമ്മീഷനോ ഇല്ലാതെ ഈ തുക കർഷകരിലെത്തിക്കാൻ കഴിഞ്ഞതിൽ താൻ സംതൃപ്​തനാണെന്ന്​ മോദി പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെയാണ്​ തുക കൈമാറ്റം ഉദ്​ഘാടനം ചെയ്​തത്​.

‘പി‌എം-കിസാൻ നിധിയുടെ 17,000 കോടി രൂപ ഒരൊറ്റ കംപ്യൂട്ട൪ ക്ലിക്കിലൂടെ 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിച്ചു. ഇടനിലക്കാരോ കമ്മിഷനോ ഇല്ല, ഞാൻ തികച്ചും സംതൃപ്തനാണ്’- പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഒരു ലക്ഷം കോടിയുടെ മൂലധനമുള്ള അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് എന്ന പദ്ധതിക്കും വീഡിയോ കോൺഫറൻസിങ്ങിലൂടെ മോദി തുടക്കമിട്ടു. കമ്മ്യൂണിറ്റി ഫാമിങ്ങും കാർഷിക വിളകളുടെ കോൾഡ് സ്റ്റോറേജ്, സംഭരണകേന്ദ്രം, സംസ്​കരണ യൂണിറ്റുകൾ എന്നിവ സജ്ജീകരിക്കാനാണ്​ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്​. ഇവ കർഷകരെ അവരുടെ ഉൽ‌പന്നങ്ങൾക്ക് കൂടുതൽ മൂല്യം നേടാൻ സഹായിക്കുമെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.