LiveTV

Live

National

അമിത് ഷായുടെ കോവിഡ് പരിശോധന പൂർത്തിയായിട്ടില്ല; ബിജെപി എംപിയെ തിരുത്തി ആഭ്യന്തര മന്ത്രാലയം

മനോജ് തി‌വാരി ട്വീറ്റ് ഡിലീറ്റ് ചെയ്തു.

അമിത് ഷായുടെ കോവിഡ് പരിശോധന പൂർത്തിയായിട്ടില്ല; ബിജെപി എംപിയെ തിരുത്തി ആഭ്യന്തര മന്ത്രാലയം

ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോവിഡ് ഫലം നെ​ഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി ട്വീറ്റ് ചെയ്തതിന് പിന്നാലെ തിരുത്തുമായി ആഭ്യന്തര മന്ത്രാലയം. അമിത് ഷായുടെ കോവിഡ് പരിശോധന പൂർത്തിയായിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. പിന്നാലെ മനോജ് തി‌വാരി ട്വീറ്റ് ഡിലീറ്റ് ചെയ്തു.

മനോജ് തിവാരിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ അമിത് ഷാക്ക് കോവിഡ് നെ​ഗറ്റീവായെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഹരിയാനയിലെ ​ഗുർ​ഗാവിലെ മേദാന്ത ആശുപത്രിയിലാണ് ചികിത്സ. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കോവിഡ് പരിശോധന നടത്തുമെന്നും നിലവിൽ കോവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആശുപത്രിയിൽ വെച്ച് അദ്ദേഹം ഫയലുകളൊക്കെ പരിശോധിക്കുന്നുണ്ട്. കോവിഡ് നെ​ഗറ്റീവ് ആയാൽ അടുത്ത ആഴ്ചയോടെ അദ്ദേ​ഹം ആശുപത്രി വിട്ടേക്കും.

കോവിഡിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതോടെ ടെസ്റ്റ് നടത്തിയെന്നും കോവിഡ് പോസിറ്റീവായെന്നും അമിത് ഷാ തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്. കോവിഡ് സ്ഥിരീകരിക്കുന്നതിന് മുൻപുള്ള ബുധനാഴ്ച അദ്ദേഹം കാബിനറ്റ് മീറ്റിങിൽ പങ്കെടുത്തിരുന്നു. സാമൂഹ്യ അകലം പാലിച്ചാണ് യോ​ഗം ചേർന്നതെങ്കിലും മറ്റ് മന്ത്രിമാരുടെ കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരോടും ക്വാറന്‍റൈനില്‍ പോകാനും ടെസ്റ്റ് നടത്താനും അദ്ദേഹം അഭ്യർഥിക്കുകയുണ്ടായി.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ, കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ തുടങ്ങിയവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചൗഹാൻ 10 ദിവസത്തിന് ശേഷം കോവിഡ് ഭേദമായി ആശുപത്രി വിട്ടു.