LiveTV

Live

National

വിവരാവകാശ പ്രവര്‍ത്തകനായ അച്ഛനോടുള്ള പ്രതികാരം: 14 കാരനായ മകൻ അഞ്ച് മാസമായി ജയിലില്‍

ഇതിനായി മകന്‍റെ പ്രായം തിരുത്തുകയും, കള്ളക്കേസ് സൃഷ്ടിക്കുകയുമായിരുന്നുവെന്നും വിവരാവകാശ പ്രവര്‍ത്തകന്‍.

വിവരാവകാശ പ്രവര്‍ത്തകനായ അച്ഛനോടുള്ള പ്രതികാരം: 14 കാരനായ മകൻ അഞ്ച് മാസമായി ജയിലില്‍

വിവരാവകാശ പ്രവര്‍ത്തകനായ അച്ഛനോടുള്ള പ്രതികാരം തീര്‍ക്കാന്‍ 14കാരനായ മകനെ കഴിഞ്ഞ അഞ്ച് മാസമായി ജയിലിലടച്ചതായി പരാതി. ഇതിനായി മകന്‍റെ പ്രായം തിരുത്തുകയും, കള്ളക്കേസ് സൃഷ്ടിക്കുകയുമായിരുന്നുവെന്നും ഈ അച്ഛന്‍ പറയുന്നു. ബിഹാറിലാണ് സംഭവം. അഴിമതിക്കെതിരെ താന്‍ പ്രതികരിച്ചതിന്‍റെ പകയാണ് തന്‍റെ മകനോട് തീര്‍ക്കുന്നതെന്നും ഈ അച്ഛന്‍ പറയുന്നു. മറ്റ് രണ്ട് പേരും മകനൊപ്പം അറസ്റ്റിലായിട്ടുണ്ട്. നിലവില്‍ ബക്സര്‍ ജയിലിലാണ് കുട്ടിയുള്ളത്. സംഭവത്തിൽ ഡി.ജി.പി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.

അഞ്ച് പരീക്ഷകളിലായി 83 ശതമാനം മാർക്ക് നേടിയ മകന് അവസാന പരീക്ഷ എഴുതാൻ കഴിഞ്ഞിട്ടില്ല. 2006ൽ ജനിച്ച മകന്‍റെ പ്രായം പൊലീസ് തിരുത്തിയാണ് കുറ്റം ചുമത്തിയതെന്നും ആരോപിക്കുന്നു. ഫെബ്രുവരി 29ന് പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് വരുംവഴിയാണ് മറ്റ് രണ്ടുപേരോടൊപ്പം തന്‍റെ മകനെ കസ്റ്റഡിയിലെടുത്തതെന്ന് വിവരാവകാശ പ്രവർത്തകൻ പറയുന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു മൂവരും. രാജ്‍പൂര്‍ പ്രദേശത്ത് നിന്നാണ് മകനെ കസ്റ്റഡിയിലെടുത്തത്.

നാടൻ തോക്കും വെടിയുണ്ടകളും ഇവരിൽ നിന്ന് പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. തുടർന്ന് ആയുധ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പക്ഷേ, മറ്റ് രണ്ട് പേരെയും പിന്നാട് വിട്ടയച്ചെന്നും വിവരവകാശപ്രവര്‍ത്തകന്‍ പറയുന്നു. തന്‍റെ മകൻ നിരപരാധിയാണെന്നും തന്നോടുള്ള വിദ്വേഷം തീർക്കാനാണ് മകനെ ജയിലിലടച്ചതെന്നുമാണ് വിവരാവകാശ പ്രവർത്തകൻ പറയുന്നത്. എന്നാല്‍ തനിക്ക് ലഭിച്ച നിർദേശപ്രകാരമാണ് അറസ്റ്റെന്നാണ് രാജ്പുർ പൊലീസ് എ.എസ്.ഐ പറഞ്ഞത്.

പ്രായപൂർത്തിയാകാത്ത മകനെ മുതിർന്നവർക്കുള്ള കുറ്റം എങ്ങിനെയാണ് ചുമത്തുക? പരീക്ഷ കഴിഞ്ഞുവരുന്ന കുട്ടി കൈയിൽ തോക്ക് കരുതിയെന്ന പൊലീസിന്‍റെ കഥ ആർക്കാണ് വിശ്വസിക്കാൻ കഴിയുകയെന്നും ഇദ്ദേഹം ചോദിക്കുന്നു. ബിഹാർ സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളിലെ അഴിമതിക്കെതിരെ നിയമയുദ്ധം നയിച്ചതിനാണ് തനിക്കെതിരെ പ്രതികാരമെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇദ്ദേഹം വിവരാവകാശം വഴി നിരവധി അഴിമതികള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

ലോക്‍ഡൌണിന്‍റെ സാഹചര്യത്തിൽ കോടതി പ്രവർത്തിക്കാത്തത് കുട്ടിയുടെ മോചനത്തിന്‍റ നിയമനടപടികള്‍ക്ക് തടസമായെന്ന് വിവരാവകാശ പ്രവർത്തകന്‍റെ അഭിഭാഷകൻ പറഞ്ഞു. ബാലാവകാശ കമീഷനെ സമീപിച്ചതായും സ്കൂളിൽ നിന്ന് വയസ് തെളിയിക്കുന്ന രേഖ നൽകുമെന്നും ഇദ്ദേഹം വ്യക്തമാക്കി.