LiveTV

Live

National

പൊതുതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും ബി.ജെ.പി നേതാക്കളുടെയും സാമൂഹ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്തത് ഒരേ കമ്പനികൾ

പ്രധാനമന്ത്രിക്ക് പുറമെ പ്രമുഖ ബി.ജെ.പി നേതാക്കളുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്തതും ഈ കമ്പനികൾ

പൊതുതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും ബി.ജെ.പി നേതാക്കളുടെയും സാമൂഹ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്തത് ഒരേ കമ്പനികൾ

2019 പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും സാമൂഹ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്ത സ്വകാര്യ കമ്പനികൾ ഒന്ന് തന്നെ. പ്രധാനമന്ത്രിക്ക് പുറമെ പ്രമുഖ ബി.ജെ.പി നേതാക്കളുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്തതും ഈ കമ്പനികൾ. സ്വകാര്യ കമ്പനികളായ എ.ഡി.ജി ഓൺലൈൻ സൊലൂഷ്യൻസിനും ടി.എസ്.ഡി കോ൪പ്പറേഷനുമായി ഇക്കാലയളവിൽ 36 ലക്ഷത്തിലധികം രൂപ കൈമാറിയെന്നും വിവരാവകാശ പ്രകാരമുളള ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി. വിവരാവകാശ രേഖയുടെ പക൪പ്പ് മീഡിയവണിന് ലഭിച്ചു.

കഴിഞ്ഞ പാ൪ലമെന്‍റ് പൊതുതെരഞ്ഞെടുപ്പിൽ കമ്മീഷന്‍റെ ഫേസ്ബുക്ക് കൈകാര്യം ചെയ്യാനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചത് എഡിജി ഓൺലൈൻ സൊല്യൂഷെൻസിനെ. ട്വിറ്റ൪, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ ടി.എസ്.ഡി കോർപ്പറേഷൻസ് ലിമിറ്റഡിനെയും. ടി.എസ്.ഡി കോ൪പ്പറേഷന്‍റെ വെബ്സൈറ്റിൽ കമ്പനിയുടെ പ്രധാന ഉപഭോക്താക്കളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബി.ജെ.പിയുടെ ഉന്നത നേതാക്കൾ. പ്രധാനമന്ത്രിയുടെ അക്കൗണ്ട് വ൪ഷങ്ങളായി ഈ കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്. കൂട്ടത്തിൽ കേന്ദ്രമന്ത്രിമാരായ രവിശങ്ക൪ പ്രസാദ്, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍, ധർമേന്ദ്ര പ്രധാൻ, രാജസ്ഥാൻ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരായിരുന്ന വസുന്ധര രാജയും ദേവേന്ദ്ര ഫഡ്നാവിസും. കൂടെ ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡിയും. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് മത്സരിച്ച രാഷ്ട്രീയ പാ൪ട്ടി നേതാക്കളായി കമ്പനി കൈകാര്യം ചെയ്തത് ബി.ജെ.പി നേതാക്കളുടെ അക്കൗണ്ടുകൾ മാത്രം. ടി.എസ്.ഡി കമ്പനിയുടെ പ്രധാന അവകാശവാദം തന്നെ തങ്ങൾ പ്രധാനമന്ത്രിയുമായും അദ്ദേഹത്തിന്‍റെ ഓഫീസുമായും ചേ൪ന്ന് പ്രവ൪ത്തിക്കുന്നുവെന്നതാണ്.

ഫേസ്ബുക്ക് കൈകാര്യം ചെയ്ത എഡിജി ഓൺലൈൻ സൊലൂഷ്യൻസാകട്ടെ തെരഞ്ഞെടുപ്പ് കമ്മീഷന് പുറമെ പ്രധാന ഉപഭോക്താവായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും. തെരഞ്ഞെടുപ്പാനന്തരം കമ്പനി എം.ഡി അനൂജ് ദയാൽ ട്വിറ്ററിൽ ബി.ജെ.പിയുടെ വിജയം ആഘോഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് നിരവധി ഡാറ്റകൾ സാമൂഹ്യ മാധ്യമങ്ങൾ വഴി കമ്പനിക്ക് ലഭിക്കും. ക൪ശനമായും നിഷ്പക്ഷത പുല൪ത്തിയാകും പ്രവ൪ത്തിക്കുകയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാഗ്ദാനമാണ് സംശയത്തിന്‍റെ നിഴലിലാകുന്നത്. ഈ സ്വകാര്യം കമ്പനികൾക്കായി ഇതുവരെ 36 ലക്ഷത്തി 84454 രൂപ ചെലവഴിച്ചെന്നും വിവരാവകാശ രേഖയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.