LiveTV

Live

National

അന്ന് കരിപ്പൂരിലെത്തിയത് കയ്യടികൾക്കിടയിലൂടെ, കുഞ്ഞിനെ ഒന്നുകാണാൻ പോലുമാകാതെ ഇന്നലെ മരണത്തിലേക്ക്

രണ്ടാഴ്ചക്കുള്ളിൽ അച്ഛനാവുമായിരുന്നു അഖിലേഷ്. കൺമണിയെ ഒരുനോക്ക് കാണാൻ പോലുമാകാതെ അഖിലേഷ് കണ്ണീരോർമയായി മാറി.

അന്ന് കരിപ്പൂരിലെത്തിയത് കയ്യടികൾക്കിടയിലൂടെ, കുഞ്ഞിനെ ഒന്നുകാണാൻ പോലുമാകാതെ ഇന്നലെ മരണത്തിലേക്ക്

ഇന്നലെ കരിപ്പൂരിൽ വിമാനാപകടത്തിൽ മരിച്ച കോ പൈലറ്റ് അഖിലേഷ് കുമാര്‍ വന്ദേഭാരത്‌ മിഷന്റെ ഭാഗമായി ദുബൈയിൽ നിന്ന് കോഴിക്കോട് എത്തിയ ആദ്യ വിമാനത്തിന്റെ വൈമാനികരില്‍ ഒരാളായിരുന്നു. അഖിലേഷ് അടക്കമുള്ള എയര്‍ ഇന്ത്യ സംഘത്തെ അന്ന് കയ്യടികളോടെയാണ് കരിപ്പൂര്‍ സ്വീകരിച്ചത്. മെയ് 8നായിരുന്നു അത്. പക്ഷേ മൂന്ന് മാസത്തിന് ശേഷം ദുബായിൽ നിന്നും കരിപ്പൂരിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര മരണത്തിലേക്കായി. രണ്ടാഴ്ചക്കുള്ളിൽ അച്ഛനാവുമായിരുന്നു അഖിലേഷ്. കൺമണിയെ ഒരുനോക്ക് കാണാൻ പോലുമാകാതെ അഖിലേഷ് കണ്ണീരോർമയായി മാറി.

32 വയസ്സുകാരനായ അഖിലേഷ് 2017ലാണ് എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ചത്. 2017ലായിരുന്നു വിവാഹവും. ഉത്തർപ്രദേശിലെ മഥുര സ്വദേശിയാണ്. ലോക്ക്ഡൗണിന് മുൻപാണ് അഖിലേഷ് അവസാനമായി വീട്ടിൽ വന്നതെന്ന് ബന്ധു പറയുന്നു. 15-17 ദിവസത്തിനുള്ളിൽ ഭാര്യ കുഞ്ഞിന് ജന്മം നൽകാനിരിക്കെയാണ് കുടുംബത്തിന് തീരാവേദനയായി അഖിലേഷിന്റെ വിയോ​ഗം. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട് അഖിലേഷിന്.

ദുബൈയിൽ നിന്ന് കോഴിക്കോടേക്കുള്ള ആദ്യ വന്ദേഭാരത് യാത്രയിൽ ഒപ്പമുണ്ടായിരുന്ന ക്യാപ്റ്റൻ മൈക്കേൽ സൽദാന വളരെ ആത്മാർഥതയുള്ള പൈലറ്റ് എന്നാണ് അഖിലേഷിനെ കുറിച്ച് പറഞ്ഞത്. ജൂനിയറായിരുന്നു അഖിലേഷ്. പക്ഷേ വിമാനത്തെ കുറിച്ചും പറക്കലിനെ കുറിച്ചും തികഞ്ഞ ധാരണ അഖിലേഷിനുണ്ടായിരുന്നു. കോവിഡ് പ്രോട്ടോകൾ കാരണം തങ്ങൾക്ക് അന്ന് അധികം സംസാരിക്കാൻ കഴിഞ്ഞില്ലെന്നും ക്യാപ്റ്റൻ മൈക്കേൽ പറഞ്ഞു.

പ്രിയപ്പെട്ടവർ അഖിൽ എന്ന് വിളിക്കുന്ന അഖിലേഷ് വിമാനവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ വളരെ ശ്രദ്ധയോടെ പഠിച്ചിരുന്നുവെന്ന് മറ്റ് പൈലറ്റുമാർ ഓർമിക്കുന്നു. ഇത്തരം സാങ്കേതിക കാര്യങ്ങൾ സ്വയം പഠിക്കുക മാത്രമല്ല മറ്റുള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുകൊടുക്കുകയും ചെയ്യുമായിരുന്നു അഖിലേഷ് എന്ന് അഞ്ജൻ എന്ന പൈലറ്റ് അനുസ്മരിക്കുന്നു.