LiveTV

Live

National

'ആർക്ക് എന്ത് സഹായം വേണമെങ്കിലും ഓടിയെത്തുമായിരുന്നു അവൻ': ക്യാപ്റ്റൻ സാത്തെയെ കുറിച്ച് മാതാപിതാക്കൾ

അവൻ എന്നും അധ്യാപകർക്ക് പ്രിയപ്പെട്ടവനായിരുന്നുവെന്ന് അമ്മ നീല സാത്തെ

'ആർക്ക് എന്ത് സഹായം വേണമെങ്കിലും ഓടിയെത്തുമായിരുന്നു അവൻ': ക്യാപ്റ്റൻ സാത്തെയെ കുറിച്ച് മാതാപിതാക്കൾ

മകൻ സ്നേഹനിധിയായിരുന്നുവെന്നും എപ്പോഴും മറ്റുള്ളവരെ സഹായിക്കാൻ ഓടിയെത്തുമായിരുന്നുവെന്നും കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാത്തെയുടെ മാതാപിതാക്കൾ. അവൻ എന്നും അധ്യാപകർക്ക് പ്രിയപ്പെട്ടവനായിരുന്നുവെന്ന് അമ്മ നീല സാത്തെ പറഞ്ഞു.

ക്യാപ്റ്റൻ സാത്തെയുമായുള്ള അവസാന ഫോണ്‍ സംഭാഷണം ബന്ധുവായ നിലേഷ് സാത്തെ ഓർത്തെടുത്തു- ''ഒരാഴ്ച മുമ്പ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. എല്ലാ തവണയുമെന്ന പോലെ രസകരമായിരുന്നു ആ സംഭാഷണവും. വന്ദേ ഭാരത് മിഷനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അറബ് രാജ്യങ്ങളിൽ നിന്നുള്ള നമ്മുടെ നാട്ടുകാരെ തിരികെ കൊണ്ടുവരുന്നതില്‍ അഭിമാനമുണ്ടെന്നാണ് ദീപക് സാത്തെ പറഞ്ഞത്. അങ്ങോട്ട് പോകുമ്പോള്‍ വിമാനം ശൂന്യമായിരിക്കില്ലേ എന്ന് ചോദിച്ചപ്പോൾ പഴങ്ങൾ, പച്ചക്കറികൾ, മരുന്നുകൾ തുടങ്ങിയവ ഈ രാജ്യങ്ങളിലേക്ക് കൊണ്ടുപോകും, ഒരിക്കലും ഈ രാജ്യങ്ങളിലേക്ക് വിമാനം വെറുതെ പറക്കില്ല" എന്നായിരുന്നു മറുപടിയെന്ന് നിലേഷ് സാത്തെ ഓർമിക്കുന്നു.

എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വ്യോമസേന കമാൻഡറായിരുന്ന സാത്തെ നിരവധി തവണ സൈനിക വിമാനങ്ങൾ പറത്തി അനുഭവ സമ്പത്തുള്ളയാളാണ്. 30 വർഷത്തെ അനുഭവ സമ്പത്തുള്ള സാത്തേ മികവിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. വ്യോമസേനയില്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം വളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് ക്യാപ്റ്റന്‍ ദീപക് വി സാത്തെ എയര്‍ ഇന്ത്യയില്‍ ജോലിയിൽ പ്രവേശിച്ചത്.

ദീപക് സാത്തെ എന്ന വിദഗ്ധനായ പൈലറ്റിന്റെ ഇടപെടലാണ് കരിപ്പൂർ വിമാനാപകടത്തിന്റെ തീവ്രത കുറച്ചതെന്ന് വ്യോമയാന വിദഗ്ധർ പറയുന്നു. അല്ലെങ്കിൽ വിമാനം കത്താനുള്ള സാധ്യതയുണ്ടായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിന്റെ ടേബിൾ ടോപ്പ് റൺവേയിൽ നിന്ന് തെന്നിമാറിയ എയർ ഇന്ത്യ എക്പ്രസിന്റെ വിമാനം താഴ്ചയിലേക്ക് നിലംപൊത്തി രണ്ടായി പിളരുകയായിരുന്നു. ആദ്യം പുറത്തുവന്ന മരണ വാർത്തയും വിമാനത്തിന്റെ ക്യാപ്റ്റനായ സാത്തെയുടേതായിരുന്നു.