LiveTV

Live

National

രാജസ്ഥാനിൽ ബിജെപിക്കും പേടി, എംഎൽഎമാരെ ​ഗുജറാത്തിലേക്ക് മാറ്റി, തീർഥാടനത്തിലെന്ന് വിശദീകരണം

ജയ്പൂർ വിമാനത്താവളത്തിൽ നിന്നും ചാർട്ടേഡ് ഫ്ലൈറ്റിലാണ് എംഎൽഎമാരെ ​പോർബന്തറിലേക്ക് കൊണ്ടുപോയത്.

രാജസ്ഥാനിൽ ബിജെപിക്കും പേടി, എംഎൽഎമാരെ ​ഗുജറാത്തിലേക്ക് മാറ്റി, തീർഥാടനത്തിലെന്ന് വിശദീകരണം

രാജസ്ഥാനില്‍ രാഷ്ട്രീയ നാടകം തുടരവേ ബിജെപിയും കൂറുമാറൽ ഭീതിയിൽ. ആറ് എംഎല്‍എമാരെ കൂടി ബിജെപി രാജസ്ഥാനില്‍ നിന്നും ഗുജറാത്തിലേക്ക് മാറ്റി. ജയ്പൂർ വിമാനത്താവളത്തിൽ നിന്നും ചാർട്ടേഡ് ഫ്ലൈറ്റിലാണ് എംഎൽഎമാരെ ​പോർബന്തറിലേക്ക് കൊണ്ടുപോയത്. 12 എംഎൽഎമാരെ നേരത്തെ അഹമ്മദാബാദിലേക്ക് മാറ്റിയിരുന്നു. ആഗസ്ത് 14നാണ് രാജസ്ഥാനിൽ നിയമസഭ ചേരുക.

എന്നാൽ കൂറുമാറ്റം ഭയന്നാണ് എംഎൽഎമാരെ മാറ്റിയതെന്ന ആരോപണം ബിജെപി നിഷേധിച്ചു. പൊലീസും കോണ്‍ഗ്രസ് സര്‍ക്കാരും ബിജെപി എംഎൽഎമാരെ നിരന്തരം ഉപദ്രവിക്കുകയാണെന്നും എംഎല്‍എമാര്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു തീര്‍ത്ഥാടനത്തിന് പോവുകയാണെന്നുമാണ് ബിജെപി എംഎല്‍എയായ അശോക് ലഹോത്തി പ്രതികരിച്ചത്. എംഎൽഎമാർ സോംനാഥ് ക്ഷേത്രം സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബിജെപി എംഎൽഎമാർ ഒരുമിച്ച് എങ്ങോട്ടെങ്കിലും പോയാൽ അതിന് വേറെ വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ലെന്നും എംഎൽഎമാരെ കോട്ട കെട്ടി സംരക്ഷിക്കേണ്ട ആവശ്യം ബിജെപിയിൽ ഇല്ലെന്നും പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര രാത്തോഡ് പ്രതികരിച്ചു. നിര്‍മല്‍ കുമാവത്, ഗോപീചന്ദ് മീണ, ജബ്ബാര്‍ സിങ് സംക്ല, ധരംവീര്‍ മോച്ചി, ഗോപാല്‍ ലാല്‍ ശര്‍മ, ഗുരുദീപ് സിങ് ഷപിനി എന്നിവരെയാണ് ജയ്പൂരിൽ നിന്നും പോർബന്തറിലേക്ക് മാറ്റിയത്. വിമാനത്തില്‍ ആറ് എംഎല്‍എമാര്‍ ഉണ്ടായിരുന്നെന്ന് വിമാനത്താവള അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.

ആറ് ബിഎസ്പി എംഎൽഎമാർ കോൺ​ഗ്രസിൽ ലയിച്ചതിനെതിരായ പരാതി ആ​ഗസ്ത്11നാണ് രാജസ്ഥാൻ ഹൈക്കോടതി പരി​ഗണിക്കുക. ബിഎസ്പി ദേശീയ നേതൃത്വമാണ് ലയനത്തിനെതിരെ പരാതി നൽകിയത്. ഈ എംഎൽഎമാരുടെ കാര്യത്തിൽ കോടതി എന്ത് തീരുമാനിക്കുമെന്നത് നിർണായകമാണ്. വിശ്വാസ വോട്ടെടുപ്പ് വേളയിൽ ഇവർക്ക് വോട്ട് ചെയ്യാനാവുമോ ഇല്ലയോ എന്നത് ​ഗെഹ്‍ലോട്ട് സർക്കാരിനെ സംബന്ധിച്ച് ഏറെ നിർണായകമാകും. സച്ചിൻ പൈലറ്റിനൊപ്പമുള്ള 22 എംഎൽഎാരിൽ പലരും ഭാവിതീരുമാനം ഈ വിധിയെ ആശ്രയിച്ചാകും എടുക്കുക. ആ​ഗസ്ത് 11ലെ വിധി കാത്തിരിക്കുകയാണെന്ന് പൈലറ്റ് ക്യാമ്പിലെ ഒരു എംഎൽഎ വ്യക്തമാക്കിയിട്ടുമുണ്ട്. ബിജെപിയെ ഭയന്ന് കോൺ​ഗ്രസ് എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട് പല സംസ്ഥാനങ്ങളിലും. എന്നാൽ കൂറുമാറ്റം ഭയന്ന് ബിജെപി എംഎൽഎമാരെ മാറ്റുന്ന സംഭവം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.