LiveTV

Live

National

അവർ എന്നെയല്ല, കേസ് അന്വേഷണമാണ് ക്വാറന്റൈനിലാക്കിയത്: പറ്റ്ന എസ്പി

കേസ് സിബിഐക്ക് കൈമാറിയെന്ന് ബിഹാർ പൊലീസ് മുംബൈ മുൻസിപ്പൽ കോർപറേഷനെ അറിയിച്ചതോടെയാണ് വിനയ് തിവാരിയെ ക്വാറന്റൈനിൽ നിന്ന് മോചിപ്പിച്ചത്.

അവർ എന്നെയല്ല, കേസ് അന്വേഷണമാണ് ക്വാറന്റൈനിലാക്കിയത്: പറ്റ്ന എസ്പി

സുശാന്ത് സിങ് കേസ് അന്വേഷിക്കാൻ മുംബൈയിലെത്തിയ പറ്റ്ന എസ്പി വിനയ് തിവാരി ക്വാറന്റൈനിൽ നിന്ന് മോചനം ലഭിച്ചതോടെ തിരിച്ചുപോയി. തന്നെയല്ല, സുശാന്ത് കേസ് അന്വേഷണമാണ് അവർ ക്വാറന്റൈനിലാക്കിയതെന്ന് വിനയ് തിവാരി വിമർശിച്ചു. ബിഹാർ പൊലീസിന്റെ അന്വേഷണത്തെയാണ് അവർ തടസ്സപ്പെടുത്തിയതെന്നും ഐപിഎസ് ഓഫീസർ പറഞ്ഞു.

സുശാന്തിന്റെ പിതാവ് കെ കെ സിങ് നടി റിയ ചക്രവർത്തിക്കെതിരെ നൽകിയ പരാതി അന്വേഷിക്കാനാണ് പറ്റ്ന എസ്പി വിനയ് തിവാരി മുംബൈയിലെത്തിയത്. എന്നാൽ വിനയ് തിവാരിയെ മുംബൈ മുൻസിപ്പൽ കോർപറേഷൻ അധികൃതർ നിർബന്ധിത ക്വാറന്റൈനിൽ അയക്കുകയായിരുന്നു. കയ്യിൽ ക്വാറന്റൈൻ സീൽ പതിപ്പിക്കുകയും ചെയ്തു. കേസ് അന്വേഷിക്കാൻ എത്തിയ ഐപിഎസ് ഓഫീസറെ ക്വാറന്റൈനിലാക്കിയത് ഏറെ വിവാദമായിരുന്നു. ബിഹാർ ഡിജിപി തന്നെ എസ്പി വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിലാണെന്ന് പറഞ്ഞതോടെ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കമായി സംഭവം മാറി.

കേസ് സിബിഐക്ക് കൈമാറിയെന്ന് ബിഹാർ പൊലീസ് മുംബൈ മുൻസിപ്പൽ കോർപറേഷനെ അറിയിച്ചതോടെയാണ് വിനയ് തിവാരിയെ ക്വാറന്റൈനിൽ നിന്ന് മോചിപ്പിച്ചത്. പിപിഇ കിറ്റ് ഉൾപ്പെടെ ധരിച്ച് മുംബൈ വിമാനത്താവളത്തിലേക്ക് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ എസ്പിയെ ക്വാറന്റൈനിലാക്കിയതിൽ രാഷ്ട്രീയമില്ലെന്നും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിർബന്ധിത ക്വാറന്റൈനിൽ അയച്ചതെന്നുമാണ് മുംബൈ കോർപറേഷൻ അധികൃതരുടെ വിശദീകരണം.

നേരത്തെ സുശാന്ത് സിങിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും പരിശോധിക്കാൻ അനുവദിക്കാതെ മുംബൈ പൊലീസ് ബിഹാർ പൊലീസിന്റെ അന്വേഷണത്തോട് നിസ്സഹകരിച്ചിരുന്നു. ബിഹാർ പൊലീസിന് റിയയെ ചോദ്യംചെയ്യാനും കഴിഞ്ഞില്ല. മുംബൈ പൊലീസ് റിയ ചക്രവർത്തിയെ സഹായിക്കുകയാണെന്ന് ബിഹാർ പൊലീസ് സുപ്രീംകോടതിയിൽ പറഞ്ഞു. സുശാന്തിന്റെ അക്കൗണ്ടിൽ നിന്നും 50 കോടി പിൻവലിക്കപ്പെട്ടിട്ടും കേസിന്റെ സാമ്പത്തികവശം മുംബൈ പൊലീസ് അന്വേഷിച്ചില്ലെന്ന് ബിഹാർ ഡിജിപി വിമർശിക്കുകയുണ്ടായി.