LiveTV

Live

National

യോ​ഗി ആദിത്യനാഥ് സത്യപ്രതിജ്ഞാലംഘനം നടത്തി, മാപ്പ് പറയണമെന്ന് എസ്പി

സംസ്ഥാനത്തിന്റെയാകെ മുഖ്യമന്ത്രിയാണ്. അല്ലാതെ ഹിന്ദുക്കളുടേത് മാത്രമല്ല. അന്തസ്സില്ലാത്ത വാക്കുകളാണ് മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായത്. അദ്ദേഹം ജനങ്ങളോട് മാപ്പ് ചോദിക്കണം- പവൻ പാണ്ഡെ

യോ​ഗി ആദിത്യനാഥ് സത്യപ്രതിജ്ഞാലംഘനം നടത്തി, മാപ്പ് പറയണമെന്ന് എസ്പി

തന്നെ ക്ഷണിച്ചാലും അയോധ്യയിലെ മുസ്‌ലിം പള്ളി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിനെതിരെ സമാജ്‍വാദി പാർട്ടി. യോ​ഗി ആദിത്യനാഥ് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും എസ്പി വക്താവ് പവൻ പാണ്ഡെ പറഞ്ഞു.

''അദ്ദേഹം സംസ്ഥാനത്തിന്റെയാകെ മുഖ്യമന്ത്രിയാണ്. അല്ലാതെ ഹിന്ദുക്കളുടേത് മാത്രമല്ല. സംസ്ഥാനത്തെ ഹിന്ദു, മുസ്‍ലിം ജനസംഖ്യ എത്രയോ ആവട്ടെ അദ്ദേഹം എല്ലാവരുടെയും മുഖ്യമന്ത്രിയാവണം. എന്നാൽ അന്തസ്സില്ലാത്ത വാക്കുകളാണ് മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായത്. അദ്ദേഹം ജനങ്ങളോട് മാപ്പ് ചോദിക്കണം''- പവൻ പാണ്ഡെ പറഞ്ഞു.

അതേസമയം പള്ളി സംബന്ധിച്ച യോ​ഗിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നാണ് കോൺ​ഗ്രസ് വക്താവ് ലാലൻ കുമാർ പറഞ്ഞത്. ശ്രീരാമൻ എല്ലാവരുടേതുമാണ്. എന്നാൽ തങ്ങളുടേത് മാത്രമാണെന്ന് കാണിക്കാനാണ് ബിജെപിയുടെ ശ്രമം. വ്യാജ ഹിന്ദുത്വ രാഷ്ട്രീയമാണ് ബിജെപി മുന്നോട്ടുവെയ്ക്കുന്നതെന്നും ലാലൻ കുമാർ വിമർശിച്ചു.

അയോധ്യയിൽ ബാബരി മസ്ജിദിന് പകരമായി സുപ്രീംകോടതി അനുവദിച്ച അഞ്ച് ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന മുസ്‌ലിം പള്ളിയുടെ നിർമാണോദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് യോ​ഗി ആദിത്യനാഥ് നൽകിയ മറുപടിയാണ് വിവാദമായത്. മുഖ്യമന്ത്രിയെന്ന നിലയിൽ ഏതെങ്കിലും മതവുമായോ വിശ്വാസവുമായോ തനിക്ക് ഒരു പ്രശ്നവുമില്ല. എന്നാൽ യോഗി എന്ന നിലയില്‍ ചോദിച്ചാൽ താൻ തീർച്ചയായും പങ്കെടുക്കില്ല. ഹിന്ദു എന്ന നിലയിൽ മതപരമായ വിശ്വാസങ്ങൾ പ്രകാരം ആരാധിക്കാനും ജീവിക്കാനും തനിക്ക് അവകാശമുണ്ട്. പള്ളിയുടെ നിർമാണോദ്ഘാടനത്തിന് തന്നെ ആരും ക്ഷണിക്കില്ല. താൻ പോവുകയുമില്ലെന്ന് യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി. തന്നെ ക്ഷണിച്ചാൽ ചിലരുടെ മതേതരത്വം അപകടത്തിലാകും. അവരുടെ മതേതരത്വത്തിന് ഒന്നും സംഭവിക്കാതിരിക്കട്ടെ. എന്നാൽ സർക്കാർ പദ്ധതികൾ എല്ലാവർക്കും ഒരു വിവേചനവുമില്ലാതെ ഉറപ്പ് വരുത്തുമെന്നും യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി.

40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ചത്. യോ​ഗി ആദിത്യനാഥിനെ കൂടാതെ ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, രാമക്ഷേത്ര നിർമാണ ട്രസ്റ്റിന്റെ അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ് തുടങ്ങിയവർ ഭൂമി പൂജ ചടങ്ങിൽ സന്നിഹിതരായിരുന്നു.