LiveTV

Live

National

സിഖ് യുവാവിനെ മുടിയിൽ പിടിച്ച് വലിച്ചിഴച്ചു; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ പോലീസ് അതിക്രമത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തായത്.

സിഖ് യുവാവിനെ മുടിയിൽ പിടിച്ച് വലിച്ചിഴച്ചു; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

മധ്യപ്രദേശിലെ ബര്‍വാനിയില്‍ സിഖ് യുവാവിന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രേം സിങ് എന്ന യുവാവാണ് പോലീസിന്റെ അതിക്രമത്തിന് ഇരയായത്. കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ പോലീസ് അതിക്രമത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തായത്. ഇതോടെ എസ്ഐ സീതാറാം യാദവിനെയും ഹെഡ് കോൺസ്റ്റബിൾ മോഹൻ ജാമ്രെയെയും സസ്പെൻഡ് ചെയ്തു.

പോലീസ് യുവാവിന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 'അവര്‍ ഞങ്ങളെ അടിക്കുകയാണ്. അവര്‍ ഞങ്ങളെ കൊല്ലുകയാണ്. ഞങ്ങളുടെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുകയാണ്' എന്ന് പറഞ്ഞ് ഉറക്കെ കരയുന്ന പ്രേംസിങ് ചുറ്റും നില്‍ക്കുന്നവരോട് രക്ഷിക്കാനും അപേക്ഷിക്കുന്നു.

വീഡിയോ പുറത്തുവന്നതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തന്നെ ഇടപെട്ടു. 'ബര്‍വാനിയിലുണ്ടായ ക്രൂരമായ സംഭവം എന്നെ വേദനിപ്പിക്കുന്നു. ഇത്തരം ക്രൂരതയും തെറ്റായ പെരുമാറ്റവും ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും' - ശിവരാജ് സിങ് ചൗഹാന്‍ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥും സംഭവത്തെ വിമര്‍ശിച്ചു. 'പോലീസ് സ്‌റ്റേഷന് സമീപം കട നടത്തുന്ന പ്രേം സിങ് എന്ന സിഖ് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. ടര്‍ബന്‍ തലയില്‍ നിന്നു നീക്കി. മുടിയില്‍ പിടിച്ചുവലിച്ചിഴച്ച് മര്‍ദിച്ചു - കമല്‍നാഥ് ട്വീറ്റ് ചെയ്തു.

ശിരോമണി അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദലും സംഭവത്തെ അപലപിച്ചു. ഞെട്ടിപ്പിക്കുന്ന മനുഷ്യത്വ രഹിതമായ സംഭവമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് സ്റ്റേഷന് സമീപത്തെ കടയുമായി ബന്ധപ്പെട്ടായിരുന്നു പൊലീസും പ്രേസിങിന്റെ കുടുംബവും തമ്മിലുള്ള തർക്കം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ബര്‍വാനി എസ്പി നിമിഷ് അഗര്‍വാള്‍ അറിയിച്ചു.