LiveTV

Live

National

മുതിർന്ന സിപിഎം നേതാവ് ശ്യാമൾ ചക്രബർത്തി കോവിഡ് ബാധിച്ച് മരിച്ചു

നിരവധി തവണ മന്ത്രിയും രാജ്യസഭാംഗവുമായിരുന്നു ശ്യാമള്‍ ചക്രബര്‍ത്തി

മുതിർന്ന സിപിഎം നേതാവ് ശ്യാമൾ ചക്രബർത്തി കോവിഡ് ബാധിച്ച് മരിച്ചു

പശ്ചിമ ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കോവിഡ് ബാധിച്ച് മരിച്ചു. 76 വയസ്സായിരുന്നു. കൊല്‍ക്കത്തയിലാണ് അന്ത്യം. നിരവധി തവണ മന്ത്രിയും രാജ്യസഭാംഗവുമായിരുന്നു ശ്യാമള്‍ ചക്രബര്‍ത്തി. പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് കൂടിയായിരുന്നു അദ്ദേഹം.

കോവിഡ് സ്ഥിരീകരിച്ചതോടെ ജൂലൈ 30നാണ് ശ്യാമൾ ചക്രബർത്തിയെ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു.

മൂന്ന് തവണ ബം​ഗാളിൽ ​ഗതാ​ഗത വകുപ്പ് മന്ത്രിയായിരുന്നു ശ്യാമൾ ചക്രബർത്തി. 1982ലാണ് ആദ്യം മന്ത്രിയായത്. രണ്ടു തവണ രാജ്യസഭയിൽ എംപിയായി. സിപിഎം കേന്ദ്രകമ്മിറ്റി അം​ഗമായിരുന്നു. ബംഗാളി ചലച്ചിത്ര നടി ഉഷസി ചക്രബര്‍ത്തി മകളാണ്. രാജ്യത്തെ തൊഴിലാളികൾക്കും ഇടത് പ്രസ്ഥാനങ്ങൾക്കും വളരെ പ്രധാനപ്പെട്ട ഒരു ശബ്ദം നഷ്ടമായിരിക്കുന്നുവെന്ന് സിപിഎം നേതാവ് ഇന്ദ്രജിത് അനുസ്മരിച്ചു.

പശ്ചിമ ബംഗാളില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് ശ്യാമള്‍ ചക്രബര്‍ത്തി. ജൂണിൽ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തമോനാഷ് ഘോഷ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തെലങ്കാനയിലെ ജനകീയനായ സിപിഎം നേതാവ് സുന്നം രാജയ്യയും കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചു.