മധ്യപ്രദേശിൽ കോൺഗ്രസും രാമക്ഷേത്ര ഭൂമിപൂജ ആഘോഷമാക്കി
മുന്‍ മുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ കമല്‍നാഥിന്റെ നേതൃത്വത്തിലാണ് ആഘോഷം നടന്നത്.

അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജക്കും ശിലാസ്ഥാപനത്തിനും പിന്നാലെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ആഘോഷം. മുന്‍ മുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ കമല്‍നാഥിന്റെ നേതൃത്വത്തിലാണ് ആഘോഷം നടന്നത്. ദീപങ്ങളാൽ ഓഫീസ് അലങ്കരിച്ചു. കമല്‍നാഥ് ഉൾപ്പെടെയുള്ള നേതാക്കള്‍ ശ്രീരാമ ചിത്രത്തിന് സമീപം വിളക്ക് തെളിയിച്ച് ആരതി ഉഴിഞ്ഞു.

കോൺഗ്രസ് പ്രവര്‍ത്തകരും ഭോപ്പാലിലെ ലിങ്ക് റോഡിലെ ഓഫീസിന് മുൻപിൽ ജയ് ശ്രീറാം മുഴക്കിയെത്തി. സംഗീത പരിപാടികൾക്കൊപ്പം പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പ്രവർത്തകർ ആഘോഷിച്ചു. ഭൂമിപൂജക്ക് നടക്കുന്നതിന് തലേന്ന് കമൽനാഥ് സ്വന്തം വസതിയിൽ ഹനുമാൻ ചാലിസ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ച് ആദ്യം രംഗത്തുവന്ന മുതിർന്ന കോൺഗ്രസ് നേതാവും കമൽനാഥ് തന്നെയായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാവായ ദിഗ്വിജയ് സിങ് പറഞ്ഞത് രാമക്ഷേത്ര നിർമാണം രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നുവെന്നാണ്.

നെഹ്റു കുടുംബത്തിൽ നിന്ന് പ്രിയങ്ക ഗാന്ധി തന്നെ ഭൂമി പൂജക്ക് ആശംസ അർപ്പിച്ചതോടെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമുയർന്നു. ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതാകട്ടെ ചടങ്ങ് എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. അതേസമയം രാഹുൽ ഗാന്ധി ഭൂമി പൂജയെ കുറിച്ച് പ്രത്യക്ഷമായി പരാമർശിക്കാതെ രാമൻ എന്നാൽ സ്നേഹവും കരുണയും നീതിയുമാണെന്നും വെറുപ്പും ക്രൂരതയും അനീതിയുമുള്ളിടത്ത് രാമനില്ലെന്നും പറഞ്ഞു.
മധ്യപ്രദേശിൽ ബിജെപി ഓഫീസ് കണ്ടെയിൻമെന്റ് സോണിലായതിനാൽ മന്ത്രിമാരും നേതാക്കളും വസതികളിലാണ് ആഘോഷിച്ചത്. കോൺഗ്രസ് നേതാക്കൾ നടത്തിയ ആഘോഷത്തെ കുറിച്ച് ചോദിച്ചപ്പോൾ സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞത് നല്ലത്, എല്ലാവരും രാമനോടും സീതയോടുമുള്ള ഭക്തിയിൽ അലിയുകയാണ് വേണ്ടത് എന്നാണ്. രാമക്ഷേത്ര നിർമാണം വൈകിപ്പിച്ച കോൺഗ്രസ്, മാറിയ സാഹചര്യത്തിൽ ഹിന്ദുക്കളുമായി സഖ്യമുണ്ടാക്കാൻ നോക്കുകയാണെന്നായിരുന്നു വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വി എസ് കോക്ജെയുടെ പ്രതികരണം.
Adjust Story Font
16