LiveTV

Live

National

മോദിക്ക് നാക്കുപിഴച്ചു; ആരാണ് ആദിത്യ യോഗിനാഥെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്ന് പറയുന്നതിന് പകരം 'ആദിത്യ യോഗിനാഥ്' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കവേ പറഞ്ഞത്.

മോദിക്ക് നാക്കുപിഴച്ചു; ആരാണ് ആദിത്യ യോഗിനാഥെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്, നാക്കുപിഴച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പേര് പറഞ്ഞത് തിരിഞ്ഞുപോയി. എന്തായാലും അതാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡ്.

അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നാക്കുപിഴച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്ന് പറയുന്നതിന് പകരം 'ആദിത്യ യോഗിനാഥ്' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കവേ പറഞ്ഞത്. ഉത്തര്‍പ്രദേശിന്റെ ഊര്‍ജസ്വലനും ജനപ്രിയനുമായ മുഖ്യമന്ത്രി ആദിത്യ യോഗിനാഥ് ജി എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അതോടെ, ആരാണ് 'ആദിത്യ യോഗിനാഥ്' എന്ന് അന്വേഷണത്തിലാണ് തങ്ങളെന്നാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ട്രോളുകള്‍.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്‍റെ വീഡിയോ ക്ലിപ്പും ട്വിറ്ററിലടക്കം വൈറലാണ്. നിരവധി പേരാണ് ട്രോളുമായി രംഗത്തെത്തിയിരിക്കുന്നത്.

ആഗസ്റ്റ് 5 ബുധനാഴ്ചയാണ് അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്. രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശിലയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാകിയത്. യോഗി ആദിത്യനാഥടക്കം കുറച്ച് പേര്‍ക്ക് മാത്രമാണ് ചടങ്ങില്‍ ക്ഷണമുണ്ടായത്.

ന്യൂഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചതും. ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ലക്നൌവില്‍ നിന്നും അയോധ്യയിലെത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങുകൾ.