LiveTV

Live

National

സിപിഎം നേതാവും മുൻ എംഎൽഎയുമായ സുന്നം രാജയ്യ കോവിഡ് ബാധിച്ച് മരിച്ചു

ലളിതജീവിതം നയിച്ച ജനകീയ നേതാവായ സുന്നം രാജയ്യ മൂന്ന് തവണ എംഎൽഎയായിരുന്നു

സിപിഎം നേതാവും മുൻ എംഎൽഎയുമായ സുന്നം രാജയ്യ കോവിഡ് ബാധിച്ച് മരിച്ചു

തെലങ്കാനയിലെ സിപിഎം നേതാവും മുൻ എംഎൽഎയുമായ സുന്നം രാജയ്യ കോവിഡ് ബാധിച്ച് മരിച്ചു. 68 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രാത്രി വൈകി വിജയവാഡയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്ന് തവണ എംഎൽഎ ആയിരുന്നു സുന്നം രാജയ്യ. ഭദ്രാചലം നിയമസഭാ മണ്ഡലത്തിൽ നിന്ന് 1999, 2004, 2014 വർഷങ്ങളിൽ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രംപചോദവരം മണ്ഡലത്തിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല.

ലളിത ജീവിതം നയിച്ചിരുന്ന ജനകീയ നേതാവായിരുന്നു സുന്നം രാജയ്യ. ബസിലും ഓട്ടോയിലുമൊക്കെയാണ് നിയമസഭയിൽ എത്തിയിരുന്നത്. ​​ഗിരിജനസം​ഗം നേതാവ് കൂടിയായിരുന്ന അദ്ദേഹം ആദിവാസികളുടെ അവകാശ പോരാട്ടങ്ങളിൽ മുന്നിലുണ്ടായിരുന്നു. ഭദ്രാചലത്തെയും ​ഗോദാവരിയിലെയും ആദിവാസി ഭൂസംരക്ഷണ സമരങ്ങളിലും നേതൃസ്ഥാനത്തുണ്ടായിരുന്നു. നിലവിൽ സിപിഎം സംസ്ഥാന കമ്മറ്റി അം​ഗമാണ്. ഭാര്യയും നാല് മക്കളുമുണ്ട്.

മൂന്ന് തവണ എംഎൽഎ ആയിരുന്നിട്ടും സ്വന്തമായി രാജയ്യ കാർ വാങ്ങിയിരുന്നില്ല. ഓട്ടോയിലും ബൈക്കിന്റെ പിന്നിലിരുന്നുമൊക്കെയാണ് അദ്ദേഹം മണ്ഡലത്തിൽ സഞ്ചരിച്ചിരുന്നത്. ഒരിക്കൽ സെക്രട്ടറിയേറ്റിൽ ഓട്ടോയിലെത്തിയ അദ്ദേഹത്തെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. എംഎൽഎയാണെന്ന് പറഞ്ഞിട്ടും സുരക്ഷാ ജീവനക്കാർ വിശ്വസിച്ചില്ല. കാറിൽ അല്ലാതെ എംഎൽഎ ഓട്ടോയിൽ വരുമോ എന്നായിരുന്നു അവരുടെ സംശയം. 25 മിനിട്ടോളം തടഞ്ഞുവെച്ചു. പിന്നീടാണ് സുരക്ഷാ ജീവനക്കാർ അദ്ദേഹം എംഎൽഎയാണെന്ന് മനസ്സിലാക്കിയത്. സ്പീക്കറോട് അദ്ദേഹം പരാതിപ്പെടുമോ ജോലി പോകുമോ എന്നൊക്കെയായിരുന്നു സുരക്ഷാ ജീവനക്കാരുടെ ഭയം. എന്നാൽ പരാതിപ്പെട്ട് അവരുടെ ജോലി കളഞ്ഞിട്ട് തനിക്കൊന്നും കിട്ടാനില്ല എന്നായിരുന്നു രാജയ്യയു‍ടെ നിലപാട്.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ഉൾപ്പെടെയുള്ളവർ അനുശോചിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജീവിതം മാറ്റിവെച്ച നേതാവായിരുന്നു സുന്നം രാജയ്യ. ലളിത ജീവിതം നയിച്ചിരുന്ന ആ നേതാവിനെ ജനങ്ങൾ എന്നും ഓർക്കുമെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു.

തെലങ്കാനയിൽ 67660 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 48609 പേർ രോ​ഗമുക്തരായി. 551 പേരാണ് ഇതുവരെ മരിച്ചത്.