LiveTV

Live

National

ഉവൈസിയെയും കമ്യൂണിസ്റ്റ് നേതാക്കളെയും ഭൂമി പൂജക്ക് ക്ഷണിച്ച് ബിജെപി നേതാവ്

ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് അവർക്ക് മതേതരത്വവും സഹിഷ്ണുതയും പ്രകടിപ്പിക്കാമെന്ന് കൃഷ്ണസാ​ഗർ റാവു


ഉവൈസിയെയും കമ്യൂണിസ്റ്റ് നേതാക്കളെയും ഭൂമി പൂജക്ക് ക്ഷണിച്ച് ബിജെപി നേതാവ്

എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയെയും കമ്യൂണിസ്റ്റ് നേതാക്കളെയും അയോധ്യയിലെ ഭൂമി പൂജക്ക് ക്ഷണിച്ച് ബിജെപി നേതാവ്. തെലങ്കാനയിലെ ബിജെപി വക്താവ് കൃഷ്ണസാ​ഗർ റാവു ആണ് ക്ഷണിച്ചത്. ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് അവർക്ക് മതേതരത്വവും സഹിഷ്ണുതയും പ്രകടിപ്പിക്കാമെന്നും കൃഷ്ണസാ​ഗർ പറഞ്ഞു.

'ഇടത് നേതാക്കളും ഉവൈസിയും അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനെതിരെ ഉയർത്തുന്ന വാദങ്ങൾ നിസ്സാരമാണ്. അവരുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പോലും പറയേണ്ടതില്ല. ഭരണഘടന മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആ സ്വാതന്ത്ര്യമുണ്ട്'- എന്നാണ് കൃഷ്ണസാ​ഗർ റാവു പറയുന്നത്.

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ഭാ​ഗമായുള്ള ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനെതിരെ ഉവൈസി നേരത്തെ രം​ഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി അയോധ്യയിലെ ഭൂമിപൂജയിൽ പങ്കെടുത്താൽ അത് സത്യപ്രതിജ്ഞാ ലംഘനമാകുമെന്നാണ് ഉവൈസി പറഞ്ഞത്. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനം തന്നെ മതേതരത്വമാണ്. എല്ലാ മതവിശ്വാസികളെയും മതവിശ്വാസമില്ലാത്തവരെയും പ്രതിനിധീകരിക്കുന്ന ആളാകണം പ്രധാനമന്ത്രി. 400 വർഷമായി ബാബരി മസ്ജിദ് അയോധ്യയിലുണ്ടായിരുന്നു. 1992ൽ ഒരു കൂട്ടം അക്രമികൾ അത് തകർക്കുകയായിരുന്നു. നീതിയിൽ വിശ്വസിക്കുന്നവരെല്ലാം പുതിയ തലമുറയോട് പറഞ്ഞുകൊടുക്കുക മസ്ജിദ് തകർക്കപ്പെട്ടു എന്നാണ്. അങ്ങനെ പറയുന്നവരുടെ ശബ്ദം അടിച്ചമർത്തപ്പെട്ടേക്കാം. എങ്കിലും അങ്ങനെ തന്നെ പറയുമെന്നും ഉവൈസി വ്യക്തമാക്കുകയുണ്ടായി.

ഉവൈസിയുടെ ഈ വിമർശനത്തോടാണ് കൃഷ്ണസാ​ഗറിന്റെ പ്രതികരണം. ഭൂമി പൂജയിൽ പ്രധാനമന്ത്രി പങ്കെടുക്കും. രാമന്റെ ജന്മസ്ഥലത്ത് രാമക്ഷേത്രം ഉയരും. ലോകത്താകെയുള്ള കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്നം യാഥാർഥ്യമാകും. ബിജെപി ഭരണത്തിലിരിക്കുമ്പോൾ ഇത് സംഭവിക്കുന്നതിൽ അഭിമാനമുണ്ടെന്നും കൃഷ്ണസാ​ഗർ റാവു പറഞ്ഞു.

ആ​ഗസ്ത് 5നാണ് അയോധ്യയിലെ ഭൂമി പൂജയും ശിലാസ്ഥാപനവും. പ്രധാനമന്ത്രിക്ക് ഇറങ്ങാൻ മൂന്ന് കിലോമീറ്റർ അകലെ ഹെലിപാഡ് സജ്ജീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള റോഡ് നിർമാണം പൂർത്തിയാക്കി. എല്ലാവർക്കും ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ അയോധ്യയുടെ പല ഭാ​ഗങ്ങളിലായി തത്സമയ സംപ്രേഷണത്തിനായി വലിയ സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ട്. പൂജാരിമാർ ഉൾപ്പെടെ ആകെ 200 പേരുണ്ടാകും ഭൂമിപൂജയ്ക്ക്. അതിനിടെ പൂജയിൽ പങ്കെടുക്കേണ്ട പൂജാരിമാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിയന്ത്രണങ്ങൾ പാലിച്ച് ആ​ഗസ്ത് 5ന് തന്നെ ഭൂമിപൂജ നടത്തുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.