LiveTV

Live

National

പഞ്ചാബിലെ വിഷമദ്യ ദുരന്തം: മരണം 86 ആയി, 25 പേർ അറസ്റ്റിൽ

സംഭവത്തില്‍ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെയും ആറ് പോലീസുകാരെയും സസ്‌പെന്‍ഡ്‌ ചെയ്തു.

പഞ്ചാബിലെ വിഷമദ്യ ദുരന്തം: മരണം 86 ആയി, 25 പേർ അറസ്റ്റിൽ

പഞ്ചാബിൽ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി. സംഭവത്തില്‍ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെയും ആറ് പോലീസുകാരെയും സസ്‌പെന്‍ഡ്‌ ചെയ്തു. 25 പേരെ അറസ്റ്റ് ചെയ്തു.

അമൃത്സര്‍, ബട്ടാല, തന്‍ തരൺ തുടങ്ങി വിവിധ ജില്ലകളിലായാണ് വിഷമദ്യം കഴിച്ച് ആളുകൾ മരിച്ചത്. ആദ്യം അമൃത്സറിലെ മുച്ചാൽ ​ഗ്രാമത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് മരണം റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ചയോടെ മരണം 38 ആയി. ശനിയാഴ്ച മരണ സംഖ്യ 48 ആയി ഉയർന്നു. ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം 86 പേരാണ് മരിച്ചത്.

തൻ തരൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 63 പേരാണ് ഇവിടെ മരിച്ചത്. 12 പേർ അമ‍ൃത്സറിലും 11 പേർ ബട്ടാലയിലും മരിച്ചു. എത്ര പേർ ആശുപത്രികളിലുണ്ടെന്ന കണക്ക് ലഭ്യമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളിലായി നൂറോളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. നിരവധി സ്ഥലങ്ങളിൽ നിന്ന് വാറ്റാൻ ഉപയോ​ഗിക്കുന്ന അസംസ്കൃത വസ്തുക്കൾ പിടിച്ചെടുത്തു. ഈ റെയ്ഡുകളിൽ നിന്ന് വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മദ്യ മാഫിയയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചെന്ന് ഡിജിപി ദിൻകർ ​ഗുപ്ത പറഞ്ഞു.

സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി അമരിന്ദർ സിങ് രാജിവെയ്ക്കണമെന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദൽ ആവശ്യപ്പെട്ടു. മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെട്ട അനധികൃത മദ്യ വ്യാപാരമാണ് ഈ ദുരന്തത്തിന് കാരണമായത്. നടന്നത് കൊലപാതകമാണ്. മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണം. മുഖ്യമന്ത്രി പ്രഖ്യാപിച്ച മജിസ്റ്റീറിയൽ അന്വേഷണം പോരാ. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ബാദൽ ആവശ്യപ്പെട്ടു.

എന്നാൽ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നാണ് മുഖ്യമന്ത്രി അമരിന്ദർ സിങിന്റെ മറുപടി. അകാലിദൾ -ബിജെപി ഭരണത്തിൽ 2012ലും 2016ലും ​ഗുർദാസ്പൂരിലും ബട്ടാലയിലും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. ബട്ടാല സംഭവത്തിൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിരുന്നില്ല. ആർക്കെതിരെയും ഒരു നടപടിയും എടുത്തിരുന്നില്ലെന്നും അമരിന്ദർ വിമർശിച്ചു. എന്നാൽ കുറ്റക്കാരെ കണ്ടുപിടിച്ച് കർശന നടപടിയെടുക്കണമെന്നാണ് താൻ നൽകിയിരിക്കുന്ന നിർദേശമെന്നും അദ്ദേഹം വ്യക്തമാക്കി.