LiveTV

Live

National

'പ്രശ്ങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജനം രാജി ആവശ്യപ്പെടും, നെതന്യാഹുവിനെതിരായ ജനരോഷം കണ്ടില്ലേ?' മോദിയോട് സഞ്ജയ് റാവത്ത്

ജനങ്ങളുടെ ക്ഷമയ്ക്ക് പരിധിയുണ്ട്. വാ​ഗ്ദാനങ്ങളും പ്രതീക്ഷകളും കൊണ്ട് മാത്രം അതിജീവിക്കാനാവില്ല.

'പ്രശ്ങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജനം രാജി ആവശ്യപ്പെടും, നെതന്യാഹുവിനെതിരായ ജനരോഷം കണ്ടില്ലേ?' മോദിയോട് സഞ്ജയ് റാവത്ത്

തൊഴിൽ നഷ്ടം പോലുള്ള പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുട രാജി ആവശ്യപ്പെടുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. കോവിഡ് പ്രതിസന്ധി കാരണം 10 കോടി ജനങ്ങൾക്ക് ഉപജീവനം നഷ്ടമായി. 40 കോടി കുടുംബങ്ങൾ പ്രതിസന്ധിയിലായെന്നും സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി. ശിവസേന മുഖപത്രമായ സാമ്നയിൽ എഴുതിയ ലേഖനത്തിലാണ് സഞ്ജയ് റാവത്ത് ഇക്കാര്യം വിശദീകരിച്ചത്.

തൊഴിൽ നഷ്ടമായവരിൽ മധ്യവർ​ഗത്തിൽ പെട്ടവരുണ്ട്. വ്യാവസായിക മേഖലയിലെ നഷ്ടം നാല് ലക്ഷം കോടിയാണ്. ജനങ്ങളുടെ ക്ഷമയ്ക്ക് പരിധിയുണ്ട്. വാ​ഗ്ദാനങ്ങളും പ്രതീക്ഷകളും കൊണ്ട് മാത്രം അതിജീവിക്കാനാവില്ല. സ്വന്തം ജീവിതമോർത്ത് ആളുകൾക്ക് ഇത്രയധികം അരക്ഷിതത്വം തോന്നിയ കാലം ഇതിന് മുൻപ് ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിക്ക് അറിയാമല്ലോ, ഭ​ഗവാൻ ശ്രീരാമന്റെ വനവാസത്തിന് പോലും അറുതിയുണ്ടായിട്ടുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

ഇസ്രായേലിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ജനങ്ങളുടെ പ്രതിഷേധം നേരിടുകയാണ്. കോവിഡ് വ്യാപനം തടയുന്നതിൽ പരാജയപ്പെട്ടതും സാമ്പത്തിക പ്രതിസന്ധിയുമാണ് കാരണം. വൈകാതെ ഇന്ത്യയിലും സമാന സംഭവങ്ങളുണ്ടായേക്കാമെന്ന് സഞ്ജയ് റാവത്ത് മോദിയെ ഓർമിപ്പിച്ചു. ഇന്ത്യയുടെ കോവിഡ് പ്രതിരോധം പര്യാപ്തമല്ലെന്നാണ് സഞ്ജയ് റാവത്ത് പറയുന്നത്.

ബിജെപി എംപി പ്ര​ഗ്യ സിങ് പറയുന്നത് കോവിഡിനെ തുരത്താൻ ഹനുമാൻ സ്തോത്രം ഉരുവിടാനാണ്. മഹാരാഷ്ട്രയിൽ അധികാരത്തിൽ വരുമെന്നാണ് ബിജെപി നേതാവ് ജെ പി നദ്ദ പറയുന്നത്. ആരും ജനങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ പറയുന്നില്ലെന്നും സഞ്ജയ് റാവത്ത് വിമർശിച്ചു.

റഫാലിനെ ചൊല്ലി നടക്കുന്ന ആഘോഷങ്ങളെയും സഞ്ജയ് റാവത്ത് വിമർശിച്ചു. റഫാലിന് മുൻപ് സുഖോയ്, മി​ഗ് എയര്‍ക്രാഫ്റ്റുകള്‍ വന്നപ്പോഴൊന്നും ഇത്തരത്തിൽ ആഘോഷമില്ലായിരുന്നു. ബോംബുകളെയും മിസൈലുകളെയും വഹിക്കുന്ന റഫാൽ വിമാനങ്ങള്‍ക്ക് രാജ്യത്തെ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കാനാവുമോ എന്നും സഞ്ജയ് റാവത്ത് ചോദിച്ചു.